ചരിത്ര നേട്ടത്തിന്റെ പടിവാതിലില്‍ ചാന്ദ്രയാന്‍ 2 ദൗത്യം പാളി; സിഗ്നല്‍കാത്ത് ഐ എസ് ആര്‍ ഒ

ചരിത്ര നേട്ടത്തിന്റെ പടിവാതിലില്‍ ചാന്ദ്രയാന്‍ 2 ദൗത്യം പാളി. ചന്ദന്റെ 2.1 കിലോ മീറ്റര്‍ അകലെ വച്ച് ആകാംക്ഷയുടെ നിമിഷങ്ങള്‍ക്കൊടുവില്‍ വിക്രം ലാന്‍ഡറില്‍ നിന്നുള്ള ആശയ വിനിമയം നഷ്ടമാവുകയായിരുന്നു.വിക്രം ലാന്‍ഡര്‍ ചന്ദ്രനില്‍ സുരക്ഷിതമായി ഇറങ്ങുന്ന മുഹൂര്‍ത്തത്തിനായി ശാസ്ത്രലോകത്തിനൊപ്പം രാജ്യത്തെ 130 കോടി വരുന്ന ജനങ്ങളും തുടിക്കുന്ന ഹൃദയവുമായി കാത്തിരുന്നെങ്കിലും സന്തോഷ വാര്‍ത്ത കേള്‍ക്കാനായില്ല. ചരിത്ര മുഹൂർത്തത്തിന് തൊട്ടുമുമ്പ് വിക്രം ലാൻഡർ ദിശ മാറി സഞ്ചരിച്ചതാണ് സിഗ്ന്ൽ നഷ്ടപ്പെടാൻ കാരണമായത് എന്നാണ് സൂചന.

വിക്രം ലാന്‍ഡറില്‍ നിന്നുള്ള വിവരങ്ങള്‍ ലഭ്യമാകുന്നില്ല എന്നായിരുന്നു ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ കെ ശിവന്റെ വിശദീകരണം. വിവരങ്ങള്‍ പരിശോധിച്ച് വരികയാണെന്നും അദ്ധേഹം പറഞ്ഞു.

ഐ എസ് ആര്‍ ഒ ഇതുവരെ കൈവരിച്ച നേട്ടങ്ങള്‍ ചെറുതല്ല എന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. നമ്മൾ ഈ ദൗത്യം വിജയിക്കുമെന്നും ശാസ്ത്രജ്ഞർ നിരാശരാകേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. രാവിലെ എട്ടിന് ഐഎസ്ആർഒ ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യും.

ഇതുവരെ ആരും എത്തി നോക്കിയിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണധ്രുവത്തെ കുറിച്ച് പഠിക്കുകയായിരുന്നു ചന്ദ്രയാൻ-2 ന്റെ ലക്ഷ്യം.അഗാധ ഗര്‍ത്തങ്ങളും അഗ്‌നിപര്‍വത സ്ഫോടനങ്ങളില്‍ നിന്നുള്ള ലാവയൊഴുകി രൂപപ്പെട്ട പാറക്കൂട്ടങ്ങളും നിറഞ്ഞ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ലാന്‍ഡര്‍ സുരക്ഷിതമായി ഇറക്കുക അത്യന്തം ശ്രമകരമായിരുന്നു.

ദക്ഷിണ ധ്രുവത്തിലെ മാന്‍സിനസ് സി, സിംപീലിയസ് എന്‍ എന്നീ ഗര്‍ത്തങ്ങള്‍ക്ക് മധ്യത്തിലായി ലാന്‍ഡര്‍ ഇറക്കുവാൻ ആയിരുന്നു ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ (ഐ എസ് ആര്‍ ഒ) ശ്രമം.

അന്തരീക്ഷമില്ലാത്ത സ്ഥലത്ത് ലാന്‍ഡറിലെ എന്‍ജിന്‍ പ്രവര്‍ത്തിപ്പിച്ചായിരുന്നു സുരക്ഷിത ലാന്‍ഡിംഗിനുള്ള ശ്രമം. ശനിയാഴ്ച ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.55നു വിക്രം ലാന്‍ഡര്‍ ചന്ദ്രനില്‍ ഇറങ്ങുമെന്നായിരുന്നു അറിയിപ്പ്.

അമേരിക്ക, സോവിയറ്റ് യൂണിയന്‍, ചൈന എന്നിവയാണ് ഇതിനു മുമ്പ് ചന്ദ്രനില്‍ ലാന്‍ഡിംഗ് നടത്തിയ രാഷ്ട്രങ്ങള്‍. ഇന്ത്യക്കു പുറമെ റഷ്യ, ജപ്പാന്‍, ചൈന, യൂറോപ്പ് എന്നിവയും നേരത്തെ ബഹിരാകാശ പേടകം ചന്ദ്രനില്‍ ഇറക്കിയിട്ടുണ്ട്. എന്നാല്‍, ചന്ദ്രനില്‍ മനുഷ്യനെ ഇറക്കിയ ഒരേയൊരു രാഷ്ട്രം അമേരിക്കയാണ്. 1969ല്‍ നീല്‍ ആംസ്ട്രോംഗാണ് ചന്ദ്രനില്‍ കാലുകുത്തിയ ആദ്യ മനുഷ്യന്‍. ഇതിനു മുമ്പ് ശാസ്ത്രീയ പഠനങ്ങള്‍ക്കായി അമേരിക്ക ആളില്ലാ ബഹിരാകാശ വാഹനം ചന്ദ്രനില്‍ ഇറക്കിയിരുന്നു.