ചന്ദ്രയാൻ 2: വിക്രം ലാൻഡർ കണ്ടെത്തിയെന്ന് ഐഎസ്ആർഒ

ചന്ദ്രയാൻ 2 ന്റെ വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ കണ്ടെത്തിയതായി ഐഎസ്ആർഒയുടെ സ്ഥിരീകരണം. ചന്ദ്രയാന്റെ ഓർബിറ്റർ അയച്ച ചിത്രങ്ങളിൽ നിന്നുമാണ് ലാൻഡർ ചന്ദ്രോപരിതലത്തിലുണ്ടെന്ന നിഗമനത്തിൽ ഐഎസ്ആർഒ എത്തിയത്. എന്നാൽ ആശയവിനിമയം പുനഃസ്ഥാപിച്ചിട്ടില്ല. ഇതിനായുള്ള ശ്രമം തുടരുകയാണെന്നും ഐഎസ്ആർഒ ചെയർമാൻ കെ ശിവൻ വ്യക്തമാക്കി.

രാജ്യം ഏറെ പ്രതീക്ഷയോടെ ഉറ്റു നോക്കിയ ചന്ദ്രയാൻ ദൗത്യം പൂർണ വിജയത്തിലെത്താത്തത് ഐഎസ്ആർഒ ഉദ്യോഗസ്ഥരെ ഏറെ വിഷമിപ്പിച്ചിരുന്നു. ശനിയാഴ്ച പുലർച്ചെ വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇറങ്ങുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും അവസാന നിമിഷം എല്ലാം മാറി മറിഞ്ഞു. ലാൻഡറിനെ കുറിച്ച് വിവരങ്ങൾ ലഭിക്കാതെ വന്നു. ഇതിനിടെയാണ് പ്രതീക്ഷ നൽകി വിക്രം ലാൻഡറെ കുറിച്ചുള്ള വിവരം ലഭിച്ചിരിക്കുന്നത്.