‘നിങ്ങളുടെ ബഹിരാകാശ ദൗത്യങ്ങള്‍ ഞങ്ങള്‍ക്ക് പ്രചോദനം നല്‍കുന്നു’ ഐഎസ്ആര്‍ഒ യെ പ്രശംസിച്ച് നാസ

വാഷിങ്ടണ്‍: ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായെങ്കിലും ഇന്ത്യയുടെ ചന്ദ്രയാന്‍-2 ദൗത്യത്തില്‍ ഐഎസ്ആര്‍ഒയെ പ്രശംസിച്ച് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. ഐഎസ്ആര്‍ഒയുടെ നേട്ടങ്ങള്‍ പ്രചോദനം നല്‍കുന്നതെന്നാണെന്ന് നാസ ട്വീറ്റ് ചെയ്തു.

‘ബഹിരാകാശ ദൗത്യങ്ങളെല്ലാം ബുദ്ധിമുട്ടേറിയതാണ്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ പര്യവേഷണ വാഹനമിറക്കാനുള്ള ഐഎസ്ആര്‍ഒയുടെ ചന്ദ്രയാന്‍-2 ദൗത്യത്തെ പ്രശംസിക്കുന്നു. നിങ്ങളുടെ ബഹിരാകാശ ദൗത്യങ്ങള്‍ ഞങ്ങള്‍ക്ക് പ്രചോദനം നല്‍കുന്നു. വരുംകാല ബഹിരാകാശ പദ്ധതികള്‍ നമുക്ക് ഒരുമിച്ച് യാഥാര്‍ഥ്യമാക്കാം എന്നു പ്രതീക്ഷിക്കുന്നു’, നാസയുടെ ട്വീറ്റില്‍ പറയുന്നു.

ശനിയാഴ്ച പുലര്‍ച്ചെ ചന്ദ്രയാന്‍-2 ന്റെ വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം വിച്ഛേദിക്കപ്പെട്ടതായി ഐഎസ്ആര്‍ഒ അറിയിച്ചിരുന്നു. ചന്ദ്രോപരിതലത്തില്‍നിന്ന് 2.1 കിലോ മീറ്റര്‍ അകലെ വെച്ചാണ് ബന്ധം നഷ്ടപ്പെട്ടത്.

അതേസമയം, ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായെങ്കിലും ചന്ദ്രയാന്‍ രണ്ട് ദൗത്യത്തിന്റെ ഭാഗമായ ഓര്‍ബിറ്റര്‍ സുരക്ഷിതമാണെന്നും ചന്ദ്രനു ചുറ്റും ഭ്രമണം ചെയ്തു കൊണ്ടിരിക്കുകയാണെന്നും ഐഎസ്ആര്‍ഒ അറിയിച്ചിട്ടുണ്ട്.

ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്നതിന് നിമിഷങ്ങള്‍ക്കു മുമ്പായിരുന്നു ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായത്.

ഓര്‍ബിറ്ററിന് കേടുപാടുകളില്ല. ചന്ദ്രന്റെ ഭ്രമണപഥത്തിലൂടെ സാധാരണരീതിയില്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. ചന്ദ്രോപരിതലത്തെ കുറിച്ചും ചന്ദ്രന്റെ അന്തരീക്ഷത്തെക്കുറിച്ചും പഠിക്കുകയെന്നതാണ് ഓര്‍ബിറ്ററിന്റെ ദൗത്യം.

ഓര്‍ബിറ്റര്‍, ലാന്‍ഡര്‍(വിക്രം), റോവര്‍(പ്രഗ്യാന്‍) എന്നിങ്ങനെ മൂന്നുഭാഗങ്ങളാണ് ചന്ദ്രയാന്‍-2നുള്ളത്. ഇതില്‍, 2,379 കിലോ ഭാരമുള്ള ഓര്‍ബിറ്ററിന്റെ ആയുസ് ഒരു വര്‍ഷമാണ്.

ജൂലായ് 22ന് ഉച്ചയ്ക്ക് ശേഷം 2.43 ഓടെയാണ് ‘ബാഹുബലി’ എന്ന പേരില്‍ അറിയപ്പെടുന്ന ജിഎസ്എല്‍വി മാര്‍ക്ക് മൂന്ന് റോക്കറ്റ് ചന്ദ്രയാനുമായി കുതിച്ചുയര്‍ന്നത്. ഇതുവരെ മറ്റൊരു രാജ്യവും എത്തിച്ചേര്‍ന്നിട്ടില്ലാത്ത ദക്ഷിണധ്രുവത്തെ ലക്ഷ്യമാക്കിയായിരുന്നു അത്.

സെപ്റ്റംബര്‍ രണ്ടിന് ഉച്ചയ്ക്ക് 1.15-ഓടെയാണ് ചന്ദ്രയാന്‍-2 ഓര്‍ബിറ്ററില്‍ നിന്നും വിക്രം ലാന്‍ഡര്‍ വിജയകരമായി വേര്‍പെട്ടത്. സെപ്റ്റംബര്‍ മൂന്നിന് രാവിലെ 8.50 ന് ലാന്‍ഡറിന്റെ ആദ്യ ഭ്രമണപഥ ക്രമീകരണവും ഐഎസ്ആര്‍ഓ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു.