പട്ടം തന്ന ദേശീയോത്സവം ഓണം കേരളീയമല്ല; വൈഷ്ണവര്‍ അതു ബൗദ്ധരില്‍നിന്ന് കടംകൊണ്ടതാണ്

ഓണം കേരളത്തിന്റെ ദേശീയോല്‍സവമോയെന്ന ചോദ്യം ശരാശരി മലയാളിയില്‍ അസഹിഷ്ണുതയല്ലാതെ മറ്റൊന്നുമുണ്ടാക്കാന്‍ ഇടയില്ല. എന്നാല്‍, 1960നു മുമ്പ് ഓണം കേരളത്തിന്റെ ദേശീയോല്‍സവം ആയിരുന്നില്ലായെന്നതാണ് സത്യം. പട്ടം താണുപിള്ള സര്‍ക്കാരാണ് ഓണത്തെ കേരളത്തിന്റെ ദേശീയോല്‍സവമായി പ്രഖ്യാപിച്ചത്. കൊച്ചി-കോഴിക്കോട് രാജാക്കന്മാര്‍ ആഘോഷിച്ചുവന്നിരുന്നതും പിന്നീട് നിലച്ചുപോയതുമായ അത്താഘോഷത്തെ പുനരുജ്ജീവിപ്പിച്ചതും പട്ടം സര്‍ക്കാരായിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഇന്നത്തെ സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് ഓണം വാരാഘോഷം.

ലക്ഷണമൊത്ത കേരളത്തനിമയുള്ള ഒരു ആഘോഷമാണ് ഓണം എന്ന സവര്‍ണന്യായത്തെ ചരിത്രപണ്ഡിതന്മാരും സാംസ്‌കാരികനായകന്മാരും ആദ്യം മുതല്‍ക്കേ ചോദ്യം ചെയ്തുവന്നിരുന്നു. ഓണം, കേരളീയമോ, എന്തിന് ഭാരതീയം പോലുമല്ലെന്ന എന്‍. വി. കൃഷ്ണവാര്യരുടെ നിരീക്ഷണം തന്നെ ഉദാഹരണം. പുരാതന ഇറാഖിലെ അസീറിയയില്‍നിന്നാണ് ഓണാചാരങ്ങളുടെ തുടക്കമെന്നാണ് അദ്ദേഹം കരുതുന്നത്. അസീറിയക്കാര്‍ ക്രിസ്തുവിന് 200 വര്‍ഷം മുമ്പ് തെക്കേ ഇന്ത്യയില്‍ സ്ഥാനം ഉറപ്പിച്ചതോടെയാണ് ഓണം ദക്ഷിണേന്ത്യയിലേക്ക് കടന്നുവന്നതെന്നും അദ്ദേഹം സൂചിപ്പിക്കുന്നു.

ക്രിസ്തുവിന് മുന്നൂറു വര്‍ഷം മുമ്പു മുതല്‍ രചിക്കപ്പെട്ടു തുടങ്ങിയ സംഘകാലകൃതികളില്‍ ‘ഇന്ദ്രവിഴ’യെന്ന പേരില്‍ ഉല്‍സവത്തെക്കുറിച്ച് പറയുന്നുണ്ട്. ഓണത്തിന്റെ ഉദ്ഭവത്തെ ഇതുമായി ചിലര്‍ ബന്ധപ്പെടുത്തുന്നു. അതേസമയം, ചരിത്രകാരനായ രാജന്‍ ഗുരുക്കള്‍ ‘ഇന്ദ്രവിഴ’ ഒരു വ്യാപാരോല്‍സവം മാത്രമാണെന്നു വിശദീകരിച്ചിട്ടുണ്ട്. സംഘകാല പതിറ്റുപത്തുകളില്‍ ഒന്നായ ‘മധുരൈ കാഞ്ചി’യില്‍ ഓണത്തെപ്പറ്റി വ്യക്തമായ പരാമര്‍ശമുണ്ട്. പക്ഷേ, മഹാബലിയെ ജയിച്ച വാമനന്റെ സ്മരണയിലായിരുന്നു ‘മധുര’യിലെ ഓണാചരണം എന്ന പക്ഷത്താണ് ചരിത്രകാരന്മാരില്‍ ഏറെയും.

ആന്ധ്രയിലെ ഏറ്റവും പ്രാചീനമായ തിരുപ്പതി ക്ഷേത്രത്തിലെ പ്രതിഷ്ഠ ബാലാജിയാണ്. ബാലാജിയെന്ന ബാലദേവന്‍ വാമനന്‍ അല്ലാതെ മറ്റാരുമല്ല. ശ്രാവണമാസത്തില്‍ ഇവിടെ ആഘോഷിക്കുന്നതും വാമനവിജയം തന്നെയാണ്. ചുരുക്കത്തില്‍ ലോകത്തിന്റെ പല ഭാഗത്തും ഓണത്തോട് സദൃശ്യമായ മിത്തുകളും ആചാരങ്ങളും വ്യത്യസ്ത പരിപ്രേക്ഷ്യങ്ങളില്‍ ആചരിക്കപ്പെടുന്നുണ്ടെന്നു വ്യക്തം. ഓണം തനി കേരളീയമെന്ന വാദം ഇവിടെ തകര്‍ന്നടിയുകയാണ്.

വൈഷ്ണവര്‍ ഓണം ബൗദ്ധരില്‍നിന്ന് കടംകൊണ്ടതാണ്

ഡോ. അജയ് ശേഖര്‍ (കാലടി സംസ്കൃത സര്‍വകലാശാല)

ഓണത്തിന്റെ ചിഹ്നശാസ്ത്രങ്ങളും ബിംബകല്‍പ്പനകളും അതൊരു ബൗദ്ധആചാരമാണെന്ന് നിസ്സംശയം തെളിയിക്കുന്നുണ്ട്. ബുദ്ധന്റെ അഹിംസയില്‍നിന്നാണ് സസ്യഭക്ഷണം ഒരു രീതിയായി വികസിച്ചത് എന്നതില്‍ സംശയമില്ല.ഓണസദ്യ സസ്യഭക്ഷണമാവാന്‍ ഈ ബൗദ്ധബന്ധമായിരിക്കണം കാരണമായിത്തീര്‍ന്നത്.

മാത്രമല്ല, ചുറ്റുവട്ടങ്ങളില്‍നിന്നും പറിച്ചെടുത്ത പൂക്കളാണ് പൂക്കളത്തിന് ഉപയോഗിക്കുക. (ഇപ്പോഴങ്ങനെ അല്ലെങ്കിലും) തഥാഗതന്‍ പൂജ ചെയ്തതും നാട്ടുപൂക്കള്‍ ഉപയോഗിച്ചാണ്. ശ്രീലങ്കയിലെ ബുദ്ധമതാനുയായികള്‍ നാട്ടുപൂക്കള്‍ അവരുടെ പൂജകളില്‍ ഉള്‍പ്പെടുത്തുന്നതു തന്നെ ഇതിന്റെ തെളിവാണ്. പൂക്കളത്തിന് നടുവില്‍ വയ്ക്കുന്ന സ്തൂപവും ബുദ്ധിസ്റ്റ് ആര്‍കിടെക്ചറല്‍ രൂപമാണ്. പത്മാസനത്തിലിരിക്കുന്ന ബുദ്ധനെയാണ് ഇത്തരം സ്തൂപങ്ങള്‍ പ്രതിനിധീകരിച്ചിരുന്നത്. പില്‍ക്കാലത്ത് ഹിന്ദുത്വം ഇത് തങ്ങളുടേതാക്കുകയായിരുന്നു.
ഓണക്കോടിയുടെ നിറവും മഞ്ഞയായിരുന്നില്ലേ? മഞ്ഞവസ്ത്രവും ബൗദ്ധപാരമ്പര്യത്തിന്റേതു തന്നെ.

ദക്ഷിണേന്ത്യയാകെ വ്യാപിച്ച ബുദ്ധമതത്തെ ബ്രാഹ്മണമതം ഹിംസാത്മകമായി നേരിട്ടതിന്റെ തെളിവുകള്‍ ഇന്നും ലഭ്യമാണ്. അത്തരമൊരു കഥയായിരിക്കണം മഹാബലിയുടേതും. തൃക്കാക്കരയും സമീപപ്രദേശങ്ങളും ഒരു കാലത്ത് ബുദ്ധജൈന മതങ്ങള്‍ക്ക് ഏറെ സ്വാധീനമുണ്ടായിരുന്ന പ്രദേശങ്ങളായിരുന്നെന്ന് ചരിത്രം വ്യക്തമാക്കുന്നുണ്ടല്ലോ.

തങ്ങളില്‍ ഉള്‍പ്പെടാത്ത അധികാരകേന്ദ്രത്തെ ചവിട്ടിപ്പുറത്താക്കിയതിന്റെ ഓര്‍മദിനമാവാം ഓണവും. കാരണം മഹാബലി അസുരന്‍ ആണെന്നാണല്ലോ സവര്‍ണഭാഷ്യം. തങ്ങള്‍ക്കെതിരായവനെ അസുരനായും വാനരനായും രാക്ഷസനായും ചിത്രീകരിക്കുകയും തരംകിട്ടുമ്പോള്‍ ബലം പ്രയോഗിച്ചോ കൗശലം ഉപയോഗിച്ചോ ഇല്ലായ്മപ്പെടുത്തുകയുമാണല്ലോ സവര്‍ണ പാരമ്പര്യം.

വര്‍ണാശ്രമങ്ങളും ജാത്യാചാരവും ഇല്ലാത്ത, മാനുഷര്‍ എല്ലാരും ഒന്നുപോലെയുള്ള ഒരു രാജ്യം അക്കാലത്ത് ഒരു ബൗദ്ധരാജാവിന്‍ കീഴിലെ ഉണ്ടാവാന്‍ ഇടയുള്ളൂ. ആ രാജാവിനെയാണ് കൗശലം ഉപയോഗിച്ച് ബ്രാഹ്മണമതം അധികാര ഭൃഷ്ടമാക്കിയിരിക്കുക. എന്നാല്‍, ഒരു മാതൃകാഭരണക്രമത്തിന്റെ സ്മരണകളെ എതിര്‍ത്തുതോല്‍പ്പിക്കുക അത്രയെളുപ്പമല്ല. അതുകൊണ്ടാവും അതിന്റെ ഓര്‍മകളെയും ആ ഓര്‍മയുടെ അനുഷ്ഠാനങ്ങളെയും സവര്‍ണ ഹിന്ദുത്വം പില്‍ക്കാലത്ത് സ്വാംശീകരിച്ചത്

എതിര്‍ത്തുതോല്‍പ്പിക്കാന്‍ കഴിയാത്തതിനെ സ്വന്തമാക്കി അവതരിപ്പിക്കുന്ന സവര്‍ണ കാപട്യം തുറന്നുകാട്ടുകയാണ് ഡോ. അജയ് ശേഖര്‍.