പൊലീസിൻറെ ആത്മവീര്യം: പെണ്‍മക്കളുടെ മുന്നിലിട്ട് ക്രൂരമായി മര്‍ദിച്ചു; വാരിയെല്ല് ചവിട്ടി ഒടിച്ചു

വമ്പന്മാരുടെ മുന്നിൽ ഓഛാനിച്ച്‌ നിൽക്കുകയും പാവപ്പെട്ടവൻറെ മേൽ കുതിരകയറുകയും ചെയ്യുന്ന ആത്മവീര്യം ചോർന്നുപോകാതെ കുത്തിനിറച്ചുകൊടുക്കുന്ന കേരളാപോലീസ് കുടുംബപ്രശ്‌നവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത യുവാവിനെ ക്രൂരമായി മര്‍ദിച്ചതായി പരാതി. മര്‍ദനത്തില്‍ വാരിയെല്ലിനു പൊട്ടലേറ്റ തോക്കുപാറ പുതുവ സണ്ണി തോമസി(38)നെ നെടുങ്കണ്ടത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. വയറിനും കഴുത്തിനും പരുക്കുണ്ട്. കഴിഞ്ഞമാസം 19-നു രാത്രിയായിരുന്നു സംഭവം.

പിണങ്ങിപ്പോയ ഭാര്യയേയും മക്കളെയും തിരികെവിളിക്കാന്‍ പശുപ്പാറയിലെ ഭാര്യവീട്ടില്‍ എത്തിയതായിരുന്നു സണ്ണി തോമസ്. അവിടെനിന്നു മക്കള്‍ക്കൊപ്പം മടങ്ങും വഴി ഈട്ടിത്തോപ്പിനു സമീപം കട്ടപ്പന പോലീസ് സണ്ണിയെ കസ്റ്റഡിയിലെടുത്തു. സണ്ണിയെ വാഹനത്തില്‍നിന്നു വലിച്ചിറക്കി മൂന്നു പെണ്‍മക്കളുടെ മുന്നിലിട്ട് ക്രൂരമായി മര്‍ദിച്ചെന്നാണു പരാതി.

ഉപ്പുതറ പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള പശുപ്പാറയില്‍നിന്നു മടങ്ങുമ്പോഴാണു സംഭവം. സംഭവത്തെക്കുറിച്ചു സണ്ണി പറയുന്നത് ഇങ്ങനെ: മൂന്നുമാസമായി പിണങ്ങിക്കഴിയുന്ന ഭാര്യയേയും മക്കളെയും തിരികെവിളിക്കാനാണു പശുപ്പാറയിലെത്തിയത്. ഭാര്യ പറഞ്ഞതനുസരിച്ച് മക്കളുമായി രാത്രി വീട്ടിലേക്കു മടങ്ങി.

ചപ്പാത്തില്‍ ഭക്ഷണം കഴിക്കാന്‍ വണ്ടി നിര്‍ത്തിയപ്പോള്‍ ഉപ്പുതറ പോലീസ് സ്‌റ്റേഷനില്‍നിന്നു ഫോണില്‍ ബന്ധപ്പെട്ട് എങ്ങോട്ടാണു പോകുന്നതെന്നു തിരക്കി. ഒരുമണിക്കൂറിനു ശേഷമാണു കട്ടപ്പന പോലീസ് കസ്റ്റഡിയിലെടുത്തത്. ചീറിപ്പാഞ്ഞുവന്ന പോലീസ് വാഹനത്തില്‍ ഇടിക്കാതിരിക്കാന്‍ വണ്ടി വെട്ടിച്ചപ്പോള്‍ െവെദ്യുതി പോസ്റ്റിലിടിച്ചു.

തുടര്‍ന്ന് എസ്.ഐ. ഉള്‍പ്പെടെയുള്ള നാലംഗസംഘം ടോര്‍ച്ച് കൊണ്ട് നെറ്റിയിലിടിക്കുകയും മര്‍ദിക്കുകയും ചെയ്തു. ഇതു കണ്ട് മക്കള്‍ ഭയന്നു നിലവിളിച്ചു. ചവിട്ടേറ്റാണു വാരിയെല്ലിനു പരുക്കേറ്റത്. തുടര്‍ന്ന് സ്‌റ്റേഷനിലെത്തിച്ചു. ആശുപത്രിയില്‍ കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടെങ്കിലും അവഗണിച്ചു.

അതിരാവിലെ സി.ഐ. തനിക്ക് ഒരു ഗുളിക തന്നു. പിന്നീട് കട്ടപ്പന ഗവ. ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തി. മര്‍ദനമേറ്റ വിവരം ഡോക്ടറോടു പറഞ്ഞു. എന്നാല്‍, എസ്.ഐയേയും പോലീസുകാരെയും താന്‍ ആക്രമിച്ചെന്നു കള്ളക്കേസുണ്ടാക്കി. കോടതിയില്‍ ഹാജരാക്കിയപ്പോഴും മര്‍ദനമേറ്റ വിവരം പറഞ്ഞു.

റിമാന്‍ഡിലായി പീരുമേട് സബ് ജയിലില്‍ എത്തിയപ്പോള്‍ ഒരു ജയില്‍ ഉദ്യോഗസ്ഥന്‍ വീണ്ടും മര്‍ദിച്ചു. പിന്നീട് ജയില്‍ സൂപ്രണ്ടിന്റെ നിര്‍ദേശപ്രകാരം പീരുമേട് താലൂക്കാശുപത്രിയില്‍ കൊണ്ടുപോയി. എക്‌സ്‌റേ പരിശോധനയില്‍ വാരിയെല്ലിനു പൊട്ടലുണ്ടെന്നു രേഖപ്പെടുത്തി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കയച്ചു.

നാലുദിവസം അവിടെക്കഴിഞ്ഞു. തുടര്‍ന്ന് പീരുമേട് താലൂക്കാശുപത്രിയിലേക്ക് അയച്ചു. എന്നാല്‍ അസുഖം പൂര്‍ണമായി മാറുന്നതിനു മുമ്പ് ഡിസ്ചാര്‍ജ് ചെയ്ത് സബ് ജയിലിലേക്കയച്ചു. കഴിഞ്ഞ അഞ്ചിനു ജാമ്യം ലഭിച്ചശേഷം കട്ടപ്പന സ്‌റ്റേഷനില്‍ ഹാജരായി മടങ്ങും വഴി വീണ്ടും നെടുങ്കണ്ടത്തെ സ്വകാര്യാശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ് സണ്ണി.
.