അഞ്ച് ദിവസത്തിനകം മരടിലെ ഫ്‌ളാറ്റുകള്‍ ഒഴിയണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ്

സുപ്രീംകോടതിയുടെ അന്ത്യശാസനത്തെ തുടര്‍ന്ന് മരടിലെ അനധികൃത ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കുന്നതിന് മുമ്പായി ഉടമകള്‍ക്ക് നോട്ടീസ്. നഗരസഭാ ഉദ്യോഗസ്ഥര്‍ ജെയ്ന്‍ ഫ്‌ളാറ്റിലെത്തി നോട്ടീസ് കൈമാറാന്‍ ശ്രമിച്ചെങ്കിലും ഉടമകള്‍ കൈപറ്റാന്‍ തയ്യാറായില്ല. ഒടുവില്‍ ഫ്‌ളാറ്റുകളുടെ ഭിത്തിയില്‍ നോട്ടീസ് പതിക്കുകയായിരുന്നു. അഞ്ച് ദിവസത്തിനകം സാധനങ്ങള്‍ എല്ലാം എടുത്ത് ഫ്‌ളാറ്റുകളില്‍ നിന്ന് ഒഴിഞ്ഞ്‌പോകണമെന്ന് കാണിച്ചാണ് നോട്ടീസ് പതിച്ചിരിക്കുന്നത്. ഇല്ലെങ്കില്‍ നിയമനടപടി നേരിടേണ്ടിവരുമെന്നും നോട്ടീസിലുണ്ട്. മരട് നഗരസഭാ സെക്രട്ടറി ആരിഫ് ഖാന്റെ നേതൃത്വത്തിലെത്തിയാണ് ഉദ്യോഗസ്ഥര്‍ നോട്ടീസ് പതിച്ചത്.

രാവിലെ നടന്ന മരട് നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ഫ്‌ളാറ്റ് പൊളിക്കുന്നതിനെതിരായ പൊതുവികാരമാണ് ഉണ്ടായത്. താമസക്കാരുടെ ഗതികേട് കണക്കിലെടുത്ത് സര്‍ക്കാര്‍ തന്നെ സുപ്രീംകോടതിയില്‍ റിവിഷന്‍ ഹരജി നല്‍കണമെന്ന് ഭൂരിഭക്ഷം അംഗങ്ങളും ആവശ്യപ്പെട്ടു. എന്നാല്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഒഴിപ്പിക്കല്‍ നോട്ടീസ് നല്‍കുന്ന നടപടികള്‍ സ്വീകരിക്കുമെന്ന് നഗരസഭ അധ്യക്ഷ അറിയിച്ചു. തുടര്‍ന്നാണ് ഉദ്യോഗസ്ഥരെത്തി ഫ്‌ളാറ്റുകളില്‍ നോട്ടീസ് പതിച്ചത്.

നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍വലിയ ബഹളമാണുണ്ടായത്. ഫ്‌ളാറ്റ് ഉടമകള്‍ പ്രതിഷേധവുമായി എത്തിയതിന് പുറമെ മരട് നഗരസഭയിലെ ഭരണ- പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റവുമുണ്ടായി. കലക്ടറോട് കൂടിക്കാഴ്ചക്ക് അവസരം ചോദിച്ചിട്ട് അനുമതി നല്‍കിയില്ലെന്നും ക്യാമ്പ് ഓഫീസില്‍ നഗരസഭാ ഉദ്യോഗസ്ഥരെ തടഞ്ഞുവെന്നും കൗണ്‍സിലര്‍മാര്‍ പരാതിപ്പെട്ടു.ഫ്‌ളാറ്റ് ഉടമകള്‍ കൗണ്‍സില്‍ ഹാളിലേക്ക് കയറാന്‍ ശ്രമിച്ചെങ്കിലും അനുതി ലഭിച്ചില്ല. ഇതോടെ ഇവര്‍ പ്രതിഷേധവുമായി നഗരസഭക്ക് മുമ്പില്‍ നിലയുറപ്പിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് നഗരസഭ ഹാളിലും പുറത്തും പോലീസ് കനത്ത സുരക്ഷ ഒരുക്കിയിരുന്നു.

അതിനിടെ ഫ്‌ളാറ്റ് പൊളിക്കുന്നതിന് എതിരെ പുതിയ ഹരജികള്‍ ഒന്നും സുപ്രീംകോടതി പരിഗണിക്കില്ല. അന്തിമ ഉത്തരവ് പുറപ്പെടുവിച്ച സാഹചര്യത്തില്‍ പുതിയ ഹരജികള്‍ ഒന്നും പരിഗണിക്കേണ്ടെന്നാണ് സുപ്രീംകോടതി നിലപാട്.