ആരോഗ്യനില വഷളായി; ബിന്ദു അമ്മിണിയെ ആശുപത്രിയിലേക്ക് മാറ്റി

കോഴിക്കോട് ഫാറൂക്ക് കോളേജിനടുത്ത ട്രാന്‍സ് ജന്റര്‍ ഷെല്‍ട്ടര്‍ ഹോമിന്റെ ഉത്ഘാടനം നടക്കാനിരിക്കെ ഷെല്‍ട്ടര്‍ ഹോമിലേക്കുള്ള വഴി കെട്ടിയടച്ച് യാത്രാ സൗകര്യം തടസ്സപ്പെടുത്തിയതിൽ പ്രതിഷേധിച്ച് കോഴിക്കോട് പൗരവകാശ വേദിയുടെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന പ്രതിഷേധസമരത്തിന്റെ ഭാഗമായി സെപ്റ്റംബർ 8 മുതൽ നിരാഹാര സമരം നടത്തുന്ന സാമൂഹ്യപ്രവര്‍ത്തകയും നവോത്ഥാനകേരളം സ്ത്രീപക്ഷ കൂട്ടായ്മയുടെ അധ്യക്ഷയും കോഴിക്കോട് ഗവൺമെൻറ് ലോകോളേജ് ആദ്ധ്യാപികയുമായ ബിന്ദു അമ്മിണിയുടെ ആരോഗ്യസ്ഥിതി വഷളായതിനെത്തുടർന്ന് പോലീസ് ആശുപത്രിയിലേക്ക് മാറ്റി വൈകുന്നേരം 7. 30 ഓടെ പോലീസ് എത്തി ബിന്ദുവിനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ട്രാൻസ്ജെന്റെഴ്സിനോടുള്ള വിവേചനത്തിനെതിരെയും നഗ്നമായ മനുഷ്യാവകാശ ലംഘനത്തിനെതിരെയും ലിംഗനീതിയും സാമൂഹിക നീതിയും ഒരേ പോലെ നിഷേധിക്കപ്പെടുന്ന ഈ പ്രതിസന്ധിയിൽ ട്രാൻസ്‌ജെന്റേഴ്സിനൊപ്പം നിൽക്കേണ്ടത് തികച്ചും മനുഷത്വപരമായ ഉത്തരവാദിത്തമാണെന്ന് കരുതുന്ന നിരവധി സാമൂഹ്യപ്രവർത്തകർ ഇന്നലെയും ഇന്നുമായി ബിന്ദു അമ്മിണിക്ക് പിന്തുണയുമായി സമരപ്പന്തലിൽ എത്തിയിരുന്നു.

എത്രയും പെട്ടന്ന് വിഷയം പരിഹരിക്കാൻ ബന്ധപ്പെട്ട അധികാരികൾ തയ്യാറായില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് കോഴിക്കോട് പൗരാവകാശ വേദി കൺവീനർ കരീം ചേലേമ്പ്ര പറഞ്ഞു. അതിനിടെ ഇന്ന് രാവിലെ രണ്ട് ആർഎസ്എസ് പ്രവർത്തകർ സമരപ്പന്തലിലെത്തി ബിന്ദു അമ്മിണിയെ ഭീഷണിപ്പെടുത്തിയിരുന്നു . കണ്ടാലറിയുന്ന ഇവർക്കെതിരെ പോലീസിൽ പരാതി നല്കിയിട്ടുണ്ട്. ആരോഗ്യസ്ഥിതിയും സുരക്ഷാ ഭീഷണിയും കണക്കാക്കി പോലീസ് നിർബന്ധിതമായി ബിന്ദുഅമ്മിണിയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.