ഫ്ലാറ്റ് (Flat) = പരന്നത്; ‘ഓൻറെയൊക്ക തല പരിശോധിക്കണം’

ഹിഫ്‌സുർ റഹ്മാൻ

ഫ്ലാറ്റ് (Flat) = പരന്നത്:

1. 2006 ആഗസ്റ്റിൽ ഫ്ലാറ്റ് നിർമ്മാതാക്കൾക്ക് മരട് മുനിസിപ്പാലിറ്റി ബിൽഡിംഗ് പെർമിറ്റുകൾ നൽകി.

2. അത്യുന്നതങ്ങളിൽ താമസിക്കുന്ന ഒരു ഫ്ലാറ്റുടമ പറഞ്ഞതുപോലെ ” ഒരു താഴെക്കിടയിലുള്ളവൻ” വിജിലൻസിന് പരാതി നൽകി.

3. വിജിലൻസ് വളരെ വിശദമായി അന്യേഷിച്ച്‌ സർക്കാരിന് റിപ്പോർട്ട് നൽകി. ഫ്ലാറ്റുകൾ നിർമ്മിച്ചിരിക്കുന്ന സ്ഥലങ്ങൾ CRZ-III പരിധിയിൽ പെട്ടതാണെന്നും എന്നാൽ CRZ-III നിയമങ്ങൾ പാലിക്കാതെയാണ് ഈ ഫ്ലാറ്റുകൾ നിർമ്മിച്ചിരിക്കുന്നതെന്നും അതിനാൽ നിർമ്മാണങ്ങൾ നിയമവിരുദ്ധമാണെന്നും വിജിലൻസ് റിപ്പോർട്ട് ചെയ്തു. കൂടാതെ, മരട് പഞ്ചായത്തിൽ തീരദേശ ലൈനിൽ 5 കിലോമീറ്റർ പ്രദേശത്ത് 67 കയ്യേറ്റങ്ങൾ വേറെ ഉണ്ടെന്നും വിജിലൻസ് റിപ്പോർട്ട് ചെയ്തു. അത്തരം കയ്യേറ്റങ്ങൾക്ക് ക്രമപ്രകാരമുള്ള കെട്ടിട നമ്പർ നൽകിയിട്ടില്ലെങ്കിലും UA Tag ( അനധികൃത നിർമ്മാണം) നൽകി പിഴ ഈടാക്കി വരുന്നതായും റിപ്പോർട്ട് പറഞ്ഞു.

4. വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബിൽഡിംങ് പെർമിറ്റുകൾ റദ്ദാക്കാൻ സർക്കാർ മരട് മുനിസിപ്പാലിറ്റിയോട് ആവശ്യപ്പെട്ടു.

5. സർക്കാർ നിർദ്ദേശ പ്രകാരം മരട് മുനിസിപ്പാലിറ്റി, പെർമിറ്റ് റദ്ദാക്കാതിരിക്കാൻ കാരണങ്ങൾ ഉണ്ടെങ്കിൽ ബോധിപ്പിക്കാൻ ആവശ്യപ്പെട്ട് ഫ്ലാറ്റ് നിർമ്മാതാക്കൾക്ക് നോട്ടീസ് നൽകി.

6. നിർമ്മാതാക്കളിൽ ഒരാൾ ഈ നോട്ടീസ് ചോദ്യം ചെയ്ത് കേരള ഹൈക്കോടതിയെ സമീപിച്ചു.

7. മരട് മുനിസിപ്പാലിറ്റിയുടെ നോട്ടീസ് അസാധുവാക്കിക്കൊണ്ട് 2012 ൽ ഹൈക്കോടതി സിങ്കിൾ ബഞ്ച് ഉത്തരവായി. ഒരു പ്രത്യേക തരത്തിൽ പ്രവർത്തിക്കണമെന്ന് തദ്ദേശസ്വയം ഭരണ സ്ഥാപനത്തോട് നിർദ്ദേശിക്കാൻ സർക്കാരിന് ആധികാരമില്ലെന്നാണ് ഉത്തരവിന് ആധാരമായ കാരണമായി വിധിയിൽ പറഞ്ഞത്.

8. 2015-ൽ ഹൈക്കോടതിയുടെ ഡിവിഷൻ ബഞ്ച് സിങ്കിൾ ബഞ്ചിന്റെ വിധിയെ ഉയർത്തിപ്പിടിച്ചു (upheld).

9. 2015 ഡിസംബർ മാസത്തിൽ കേസ് സുപ്രീം കോടതിയിലെത്തി.

10. ഫ്ലാറ്റുകൾ നിർമ്മിച്ചിരിക്കുന്ന സ്ഥലങ്ങൾ CRZ-II ൽ ആണോ അതോ CRZ-III ൽ ആണോ വരുന്നതെന്ന് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഒരു വിദദ്ധ കമ്മറ്റിയെ ചുമതലപ്പെടുത്താൻ 2018 നവംബർ 27 – ന് സുപ്രീം കോടതി ഉത്തരവിട്ടു.

11. ഫ്ലാറ്റുകൾ നിർമ്മിച്ചിരിക്കുന്ന സ്ഥലങ്ങൾ CRZ-III ൽ പെട്ടതാണെന്ന് വിദഗ്ദ്ധ കമ്മറ്റി സുപ്രീം കോടതിക്ക് റിപ്പോർട്ട് നൽകി.

12. അപ്പോൾ, നിർമ്മാതാക്കൾ സർക്കാരിൽ സമ്മർദ്ദം ചെലുത്തി CRZ-III ൽ പെട്ട സ്ഥലങ്ങളെല്ലാം CRZ-II ൽ പെട്ടവയാണെന്ന് നോട്ടിഫൈ ചെയ്ത് 2011-ൽ ഒരു ഡ്രാഫ്റ്റ് പ്രസിദ്ധീകരിച്ചു.

13. 1991 CRZ നോട്ടിഫിക്കേഷൻ പ്രകാരം ഫാറ്റുകൾ ദൂരപരിധി നിയമം ലംഘിച്ചാണ് നിർമ്മിച്ചിരിക്കുന്നതെന്നും അതിനാൽ നിയമവിരുദ്ധ നിർമ്മാണ പ്രവർത്തനമാണെന്നും ഈ കേസിലെ വാദിയായ കേരള കോസ്റ്റൽ റെഗുലേഷൻ അതോറിറ്റി (Kerala Coastal Regulation Authority) സുപ്രീം കോടതിയിൽ വാദിച്ചു. വിദഗ്ദ്ധ കമ്മറ്റിയുടെ റിപ്പോർട്ടും വിജിലൻസിന്റെ റിപ്പോർട്ടും തെളിവുകളായി സമർപ്പിച്ചു.

14. ഫ്ലാറ്റ് നിർമ്മിച്ചിരിക്കുന്ന സ്ഥലങ്ങൾ 2011 CRZ നോട്ടിഫിക്കേഷൻ പ്രകാരം CRZ-II ൽ പെട്ടതാണെന്നും ഫ്ലാറ്റ് നിർമ്മാതാക്കൾ വാദിച്ചു.

15. CRZ നിയമലംഘനങ്ങൾ തീരദേശങ്ങളുടെ നാശത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും വെള്ളപ്പൊക്കം ഉൾപ്പെടെയുള്ള പ്രകൃതി ദുരന്തത്തിനും കാരണമാകുമെന്നും അതിനാൽ H2O ഹോളി ഫെയ്ത്ത്, ആൽഫ സെറിൻ, ഗോൾഡൻ കായലോരം, ജെയ്ൻസ് കോറൽ കോവ്, ഹോളിഡേ ഹെറിറ്റേജ് എന്നീ ഫ്ലാറ്റ് സമുച്ഛയങ്ങൾ ഒരു മാസത്തിനുള്ളിൽ പൊളിച്ചു നീക്കം ചെയ്യണമെന്നും 2019 മെയ് 8 – ന് സുപ്രീം കോടതി വിധിച്ചു.

16. ഫ്ലാറ്റുകൾ വാങ്ങി വഞ്ചിക്കപ്പെട്ടവരുടെ ( ഉടമകളല്ല) സംഘടന വക്ര ബുദ്ധി ഉപയോഗിച്ച്‌ സുപ്രീം കോടതിയിൽ വെക്കേഷൻ ബെഞ്ചിനെ സമീപിച്ച് ജൂൺ പത്തിന് 6 ആഴ്ചത്തേക്ക് സ്റ്റേ സമ്പാദിച്ചു.

17. ജൂലൈ 5 – ന് ഈ സ്ടേ (Stay) റഗുലർ ബഞ്ചിന്റെ ശ്രദ്ധയിൽ വന്നു.

18. പരാതിക്കാർ ഫ്രോഡ് (fraud) ഏർപ്പാടാണ് നടത്തിയിരിക്കുന്നത് എന്നും അവർക്ക് വേണ്ടി ഹാജരായ അഡ്വോക്കേറ്റ്സിനെതിരെ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കുമെന്നും കോടതി പറഞ്ഞു. സ്ടേ ഓർഡർ അസാധുവാക്കുകയും മുൻപ് നടത്തിയ വിധി അതേ പോലെ പ്രാബല്യത്തിലാണെന്നും കോടതി പറഞ്ഞു. പരാതിക്കാരുടെ റിട്ട് തള്ളി.

18. വഞ്ചിക്കപ്പെട്ടവരുടെ സംഘടന സുപ്രീം കോടതിയിൽ പുന:പരിശോധനാ ഹർജ്ജി നൽകി. ബിൽഡിംഗ് പെർമിറ്റ് നൽകിയതും അതിന് അംഗീകാരം നൽകിയതുമായ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്താൻ കോടതി ഉത്തരവാകണം എന്നതായിരുന്നു പുന:പരിശോധനാ ഹർജിയിൽ പ്രധാനമായും ഉന്നയിച്ചത്. അതൊന്നും നടപ്പുള്ള കാര്യമല്ലെന്ന് തുറന്നടിച്ച് പുന:പരിശോധനാ ഹർജ്ജി ജൂലൈ 11 – ന് തള്ളി.

19. തങ്ങളെ കബളിപ്പിക്കുകയും വഞ്ചനയിലൂടെ പണാപഹരണം നടത്തുകയും ചെയ്ത നിർമ്മാതാക്കൾ വാങ്ങിയ തുകയും നഷ്ടപരിഹാരവും നൽകാൻ ഉത്തരവ് ഇറക്കണമെന്ന് വഞ്ചിതരുടെ സംഘടന കോടതിയിൽ ആവശ്യപ്പെട്ടിട്ടില്ല. അതിനു പകരം, മരട് മുനിസിപ്പാലിറ്റിയിലെ ശിപായിക്കെതിരെ അന്വേഷണം നടത്താൻ ഉത്തരവിറക്കണം എന്നാണ് വഞ്ചിതരുടെ സംഘടന ആവശ്യപ്പെട്ടത്.

20. മരട് മുനിസിപ്പാലിറ്റി ഇപ്പോൾ ഈ കേസിൽ പ്രതിയാണ്. കോടതി വിധി നടപ്പാക്കാത്തതു കൊണ്ടാണ് പ്രതിയായത്. കോടതിയലക്ഷ്യ ക്കേസിൽ പ്രതിസ്ഥാനത്ത് നിൽക്കുന്ന മരട് മുനിസിപ്പാലിറ്റിക്ക് മുമ്പിൽ തിരുവോണ നാളിൽ ‘പട്ടിണി’ കിടക്കാൻ ഉപദേശിച്ചവരെ കുറിച്ചാലോചിക്കുമ്പോൾ നായനാരുടെ ഭാഷയിൽ ‘തല പരിശോധിക്കണമെന്ന് ‘ പറയേണ്ടി വരുന്നു.