മരട് ഫ്‌ളാറ്റ് കേസ്: തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി സ്വീകരിച്ചു; ഉടമകളുടെ നിരാഹാര സമരം തുടരുന്നു

തീരദേശ പരിപാലന നിയമം ലംഘിച്ചതിന്റെ പേരില്‍ മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കണമെന്ന സുപ്രീം കോടതി വിധിക്കെതിരെ ഫ്‌ളാറ്റുടമകള്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി സ്വീകരിച്ചു. ഹര്‍ജി സ്വീകരിച്ച് രജിസ്ട്രി ഡയറി നമ്പര്‍ നല്‍കി. ഗോള്‍ഡന്‍ കായലോര റസിഡന്‍സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയാണ് കോടതി സ്വീകരിച്ചിരിക്കുന്നത്.

സുപ്രീം കോടതി നിര്‍ദേശപ്രകാരമല്ല മൂന്നംഗ സമിതിയെ നിയമിച്ചത്. തദേശഭരണ സെക്രട്ടറിക്ക് പകരം സ്‌ഷെപ്യല്‍ സെക്രട്ടറിയാണ് സമിതിക്ക് നേതൃത്വം നല്‍കിയിരിക്കുന്നത്. ഇത് കോടതി ഉത്തരവിന്റെ ലംഘനമാണെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടുന്നു. തിരുത്തല്‍ ഹര്‍ജി അഞ്ചംഗ ബെഞ്ചായിരിക്കും പരിഗണിക്കുന്നത്. 

ഹര്‍ജി തുറന്ന കോടതി പരിഗണിക്കണമെന്നും ഹര്‍ജിക്കാര്‍ പ്രത്യേക അപേക്ഷ നല്‍കിയിട്ടുണ്ട്. ജസ്റ്റീസ് അരുണ്‍ മിശ്രയുടെ ബെഞ്ചാണ് ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ നിര്‍ദേശം നല്‍കിയത്. വിധിക്കെതിരെ നല്‍കിയ പുനഃപരിശോധന ഹര്‍ജികള്‍ എല്ലാം കോടതി തള്ളിയിരുന്നു. ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതില്‍ സര്‍ക്കാരിന് കോടതി അന്ത്യശാസനവും നല്‍കിയിരുന്നു. ഈ മാസം 20നകം പൊളിക്കണമെന്നാണ് നിര്‍ദേശം. 

അതിനിടെ, ഫ്‌ളാറ്റുകളില്‍ നിന്ന് ഒഴിഞ്ഞുപോകണമെന്ന് കാണിച്ച് നഗരസഭ നോട്ടീസ് പതിപ്പിച്ചു തുടങ്ങി. തിരുവോണ ദിവസമായിട്ടും നോട്ടീസ് നല്‍കിയതില്‍ ഉടമകള്‍ വലിയ പ്രതിഷേധമാണ് നടത്തുന്നത്. ഓണാവധി പോലും പരിഗണിക്കാതെ നോട്ടീസ് നല്‍കുന്നതിനെതിരെ ഫ്‌ളാറ്റ് ഉടമകള്‍ ഇന്ന് മരട് നഗരസഭയ്ക്ക് മുന്നില്‍ പ്രതിഷേധിക്കുകയാണ്. നഗരസഭയില്‍ നിന്ന് ജീവനക്കാര്‍ പുറത്തുപോകുന്നതുരെ സമരം തുടരും. 

ഓണാവധിക്കു ശേഷം നേരിട്ടെത്തി നോട്ടീസ് കൈപ്പറ്റാമെന്ന് അറിയിച്ചിട്ടും അധികൃതര്‍ തയ്യാറായില്ലെന്ന് ഉടമകള്‍ പറയുന്നു. അഞ്ചു ദിവസത്തിനുള്ളില്‍ ഫ്‌ളാറ്റ് ഒഴിയണമെന്നാണ് നിര്‍ദേശം. ഉടമകള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരവും പകരം താമസസൗകര്യവും നല്‍കാതെ ഫ്‌ളാറ്റുകള്‍ ഒഴിപ്പിക്കുന്നതിനെ പ്രതിരോധിക്കുമെന്ന് സമരത്തില്‍ പങ്കെടുക്കുന്ന ഹൈബി ഈഡന്‍ എം.പി അറിയിച്ചു.