ബാബറിമസ്ജിദ് കേസ്: സുപ്രീം കോടതി നമ്മുടേതെന്ന യുപി മന്ത്രിയുടെ പ്രസ്താവന ഗുരുതരമെന്ന് സുപ്രീം കോടതി

അയോധ്യയില്‍ രാമ ക്ഷേത്രം പണിയുമെന്നും സുപ്രീം കോടതി നമ്മുടേതാണെന്നുമുള്ള ഉത്തര്‍ പ്രദേശ് മന്ത്രിയുടെ പ്രസ്താവനയെ സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ച് ശക്തമായി അപലപിച്ചു. പ്രസ്താവന ഗുരുതരമാണെന്ന് നിരീക്ഷിച്ച കോടതി, ബാബരി മസ്ജിദ് വിഷയത്തില്‍ ഇരുവശത്തുമുള്ള കക്ഷികളില്‍ നിന്ന് ന്യായവും സ്വതന്ത്രവുമായ വാദം കേള്‍ക്കുമെന്നും വ്യക്തമാക്കി. ഈ വിഷയത്തിലെ കോടതിയുടെ നിരീക്ഷണം കേസിന്റെ ഉത്തരവില്‍ രേഖപ്പെടുത്തുമെന്നും ചീഫ് ജസ്റ്റിസ് ഗോഗോയ് പറഞ്ഞു.

ബാബരി കേസില്‍ 22ാം ദിനം വാദം കേള്‍ക്കുമ്പോഴാണ് സുപ്രീം കോടതി നിലപാട് വ്യക്തമാക്കിയത്. ബാബരി കേസില്‍ മുസ്ലീം പാര്‍ട്ടികളെ പ്രതിനിധീകരിക്കുന്നതിന് തന്റെ ഗുമസ്തന്‍ പോലും പരിഹാസവും ഭീഷണിയും നേരിടുന്നുണ്ടെന്ന് സുന്നി വഖഫ് ബോര്‍ഡിന് വേണ്ടി ഹാജരായ രാജേഷ് ധവാന്‍ കോടതിയെ അറിയിച്ചു. താന്‍ ഹിന്ദു വിശ്വാസത്തിനെതിരെ വാദിക്കുകയല്ല, മറിച്ച് ഒരു കേസില്‍ ഒരു പാര്‍ട്ടിയുടെ ഉപദേഷ്ടാവായി തന്റെ ജോലി ചെയ്യുകയാണെന്നും ധവാന്‍ വിശദീകരിച്ചു.

അയോധ്യ കേസില്‍ മുസ്ലീം പക്ഷത്തെ പ്രതിനിധീകരിച്ച് ധവാനെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് ചെന്നൈ ആസ്ഥാനമായുള്ള 88 കാരന് സെപ്റ്റംബര്‍ 3 ന് സുപ്രീം കോടതി നോട്ടീസ് നല്‍കിയിരുന്നു. വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എന്‍. ഷണ്‍മുഖത്തിനെതിരെ കോടതി നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. തനിക്ക് ലഭിച്ച ഭീഷണി കത്തുകളില്‍ ഒന്ന് അദ്ദേഹം കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. തനിക്ക് ലഭിച്ച നിരവധി ഭീഷണികളില്‍ ഒന്ന് മാത്രമാണിതെന്ന് ധവാന്‍ പറഞ്ഞു.

തന്നെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തുവെന്നാരോപിച്ച് പരാതി നല്‍കാന്‍ ബാബരി കേസിലെ ഇക്ബാല്‍ അന്‍സാരിക്ക് കോടതി അനുമതി നല്‍കി. ഫൈസാബാദിലെ അദ്ദേഹത്തിന്റെ വസതിയില്‍ എത്തിയ രണ്ട് പേര്‍ കേസില്‍ നിന്ന് പിന്‍മാറാന്‍ ആവശ്യപ്പെട്ട് ഭീഷണി മുഴക്കുകയായിരുന്നു.