ഓണത്തിന് ഉത്രാട ദിനം വരെ മലയാളി കുടിച്ചത് 487 കോടിയുടെ മദ്യം

ഓണനാളുകളിൽ പതിവുപോലെ കേരളത്തിലെ മദ്യഉപഭോഗത്തിൽ റെക്കാഡ് വർദ്ധന. സെപ്തംബർ മൂന്നുമുതൽ ഉത്രാടദിനം വരെ കേരളത്തിലെ ബെവ്‌കോ ഔട്ലറ്റുകളിൽ നിന്നും വിറ്റുപോയത് 487 കോടിരൂപയുടെ മദ്യം. കഴിഞ്ഞ വർഷം ഈ കാലയളവിൽ വിറ്റഴിഞ്ഞത് 457 കോടിയുടെ മദ്യമായിരുന്നു.

മുപ്പത് കോടിയോളം രൂപയുടെ വർദ്ധനവ് ഇക്കുറിയുണ്ടായി. ഓണത്തലേന്ന് മാത്രം മലയാളി വാങ്ങിയത് 90.32 കോടിയുടെ മദ്യമാണ്. തിരുവോണദിവസം ഇക്കുറി ബെവ്‌കോ ഔട്ലറ്റുകൾ പ്രവർത്തിച്ചിരുന്നില്ല. ഇതും ഉത്രാട ദിനത്തിലെ വിൽപ്പനയിൽ പ്രതിഫലിച്ചിട്ടുണ്ട്.

എന്നാൽ തിരുവോണദിവസം സംസ്ഥാനത്തെ ബാറുകൾ തുറന്ന് പ്രവർത്തിച്ചിരുന്നു. പ്രളയ സെസ് അടക്കം ഏർപ്പെടുത്തിയതിനാൽ മദ്യത്തിന്റെ വിലയും വർദ്ധിച്ചിരുന്നു.