കണ്ണിൽ ചോരയുമായി ഒരാൾ: മരട് ഫ്ളാറ്റ് കേസ്, സുപ്രീം കോടതി വിധി കണ്ണിൽ ചോരയില്ലാത്തതെന്ന് കോടിയേരി

ആദിവാസികളുടെ കുടിലുപൊളിക്കലിൽ കണ്ണിൽച്ചോരയില്ലായ്മയൊന്നും കണ്ടില്ലെങ്കിലും മരടിലെ ഫ്ളാറ്റുകൾ പൊളിച്ചു മാറ്റാനുള്ള സുപ്രീം കോടതി ഉത്തരവിനെതിരെ സി.പി.എം സസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ രംഗത്ത്. സുപ്രീം കോടതി വിധി ന്യായം കണ്ണിൽ ചോരയില്ലാത്ത നടപടിയാണെന്നാണ് കോടിയേരിയുടെ പ്രതികരണം.

കോടതി ഉത്തരവ് പ്രായോഗികമായി ഒരുപാട് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണ്. ഫ്ളാറ്റിലെ താമസക്കാർ യാതൊരു വിധ നിയമ ലംഘനവും നടത്തിയിട്ടില്ല, നിയമലംഘനം നടത്തിയവർക്കെതിരെയാണ് നടപടി വേണ്ടതെന്നും കോടിയേരി പറഞ്ഞു.ഫ്ളാറ്റിൽ താമസിക്കുന്നവരെ എങ്ങനെ സഹായിക്കാൻ കഴിയും എന്ന് എല്ലാതലത്തിലും ആലോചിക്കണം. നിയമപരമായി എന്തുചെയ്യാൻ കഴുയമെന്നാണ് നോക്കേണ്ടത്.

സുപ്രീം കോടതി വിധി നടപ്പിലാക്കേണ്ട ബാധ്യത എല്ലാവർക്കുമുണ്ട്. താമസക്കാർക്ക് സഹായം ചെയ്യുന്നതിന് സി.പി.എം നടപടി സ്വീകരിക്കും. അവരുടെ പുനരധിവാസത്തിന് എന്തു ചെയ്യാമെന്ന് സർക്കാർ ആലോചിക്കണം. മാനുഷിക പരിഗണനയ്‌ക്ക് സർക്കാർ തയ്യാറകണമെന്നും കോടിയേരി ആവശ്യപ്പെട്ടു. ഇത്രയും കുടുംബങ്ങൾ വഴിയാധാരമാകാൻ പാടില്ല. സുപ്രീം കോടതി തന്നെ ഇതിൽ ഇടപെടണം. പ്രായോഗിക പ്രശ്‌നങ്ങൾ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കോടതി സന്നദ്ധമാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ചിലര്‍ വരുമ്പോള്‍ നിയമങ്ങള്‍ വഴിമാറുന്നത് അംഗീകരിക്കാനാവില്ല എന്ന് സുപ്രീംകോടതി അസന്നിഗ്ധമായി വ്യക്തമാക്കിയത് മരടിലെ ഫ്ലാറ്റുകളുടെ കാര്യത്തില്‍ ആവര്‍ത്തിക്കപ്പെട്ടു എന്നാണ് വിഎസ് ഇതേക്കുറിച്ച് പ്രതികരിച്ചത്.ഇവിടെ വഞ്ചിക്കപ്പെട്ടത് ഫ്ലാറ്റുടമകളാണ്. എല്ലാ നിയമങ്ങളും ലംഘിച്ച് ഫ്ലാറ്റുകള്‍ കെട്ടിപ്പൊക്കാന്‍ സര്‍ക്കാരിന്‍റെ പിന്തുണയുണ്ടല്ലോ എന്ന ആശ്വാസത്തിലായിരിക്കണം, അവര്‍ ഫ്ലാറ്റുകള്‍ സ്വന്തമാക്കിയത്. നിയമലംഘനത്തിന് കൂട്ടുനിന്നവരെല്ലാം തന്നെയാണ് അവരുടെ നഷ്ടം നികത്തിക്കൊടുക്കേണ്ടത്.എന്ന് വിഎസ് പറഞ്ഞു.

ഇവിടെ വാദി തീരദേശ പരിപാലന അഥോറിറ്റിയാണ്. വിശദമായ വാദങ്ങള്‍ കേട്ട ശേഷമാണ് ബഹുമാനപ്പെട്ട സുപ്രീംകോടതി ഫ്ലാറ്റുകള്‍ പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ടത്. കഴിഞ്ഞ പ്രളയത്തില്‍ ആവാസം നഷ്ടപ്പെട്ട പാവങ്ങളെ സംബന്ധിച്ചിടത്തോളം, സുപ്രീംകോടതിയുടെ നിരീക്ഷണം വലിയ ആശ്വാസമാണെന്നും വിഎസ് കൂട്ടിച്ചേർത്തു.

നിയമവിരുദ്ധമായി അനുമതി നേടുകയും നിയമലംഘനം നടത്തി നിർമ്മിക്കുകയും ചെയ്ത ഫ്ലാറ്റുകൾ കോടാനുകോടി രൂപ വാങ്ങി വിറ്റത് ചതിയും വഞ്ചനയും ഗുരുതരമായ സാമ്പത്തികക്കുറ്റവുമാണ്. ഫ്ലാറ്റ് വാങ്ങി വഞ്ചിക്കപ്പെട്ടവർ സ്വാഭാവികമായി തങ്ങളെ വഞ്ചിച്ച് പണം വാങ്ങിയ ഫ്ലാറ്റ് നിർമാതാക്കൾക്ക് എതിരെയാണ് തിരിയേണ്ടത്.എന്നാൽ മരടിലെ ഫ്ലാറ്റ് വിവാദത്തിലെ സംഭവ വികാസങ്ങൾ തികച്ചും അസ്വാഭാവികമാണ്. ഫ്ലാറ്റിലെ റസിഡന്റ്സ് അസോസിയേഷനുകൾ നടത്തുന്നസമരം വീക്ഷിച്ചാൽ സമരത്തിൻറെ ഗതിപോലും നിശ്ചയിക്കുന്നത് മറ്റാരോ ആണെന്ന് വ്യക്തമാകും കേരളത്തിലെ “പ്രക്ഷോ ” നടത്തിപ്പുകാരാണ് ഇവരുടെ അഭിവന്ദ്യ ഗുരുക്കൾ.അങ്ങനെ, സാമ്പത്തിക കുറ്റവാളിക സംരക്ഷിക്കാനുള്ള സമരമായി അതുമാറുകയാണ്.