ബില്‍ഡേഴ്‌സിനെ രക്ഷിക്കാനുള്ള സമരത്തിന് സിപിഐ ഇല്ലെന്ന് കാനം രാജേന്ദ്രന്‍

മരടിലെ ഫ് ളാറ്റുകളുടെ കാര്യത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കരുതെന്ന് ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും പറയാനാകില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ഈ വിഷയത്തില്‍ നിയമപ്രശ്‌നവും മാനുഷിക പ്രശ്‌നവുമുണ്ട്. സര്‍വകക്ഷി യോഗത്തില്‍ ചര്‍ച്ച ചെയ്ത ശേഷം സര്‍ക്കാര്‍ ചെയ്യാനുള്ളത് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. നിയമം ലംഘിച്ചവരെ സിപിഐ സംരക്ഷിക്കില്ലെന്നും കാനം പറഞ്ഞു.

തീരദേശ സംരക്ഷണ നിയമം പാലിക്കണമെന്ന് ആവശ്യപ്പെടുന്ന പാര്‍ട്ടിയാണ് സിപിഐ. ഫ് ളാറ്റ് പൊളിക്കണമെന്ന് സുപ്രീം കോടതിയാണ് പറഞ്ഞത്. അപ്പോള്‍ പൊളിക്കേണ്ടെന്ന് ഞങ്ങള്‍ പറഞ്ഞിട്ട് കാര്യമൊന്നുമില്ല. മാനുഷിക വിഷയമെന്ന് നിലയിലാണ് സര്‍വകക്ഷി യോഗം വിളിക്കാന്‍ തീരുമാനിച്ചത്- കാനം പറഞ്ഞു.

ബില്‍ഡേഴ്‌സിനെ രക്ഷിക്കാനുള്ള സമരത്തിന് സിപിഐ ഇല്ലെന്നാണ് കാനം രാജേന്ദ്രന്‍ പറഞ്ഞത്. കേരളത്തിലേത് കെയര്‍ടേക്കര്‍ സര്‍ക്കാരാണെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാമര്‍ശത്തിന്,ജനവിധിയെ വിലകുറച്ചു കാണരുതെന്നായിരുന്നു കാനത്തിന്റെ പ്രതികരണം. ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാരാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

വഴിയില്‍ നില്‍ക്കുന്ന ആര്‍ക്കും കയറി വരാവുന്ന മുന്നണിയല്ല എല്‍ ഡി എഫ്. യോജിക്കാന്‍ കഴിയുന്നവരുമായി മാത്രം ഒരുമിക്കും. ശബരിമല വിഷയത്തില്‍ സിപിഎം നിലപാട് മാറ്റിയതായി അറിയില്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.