ബാലകൃഷ്ണാ …രമേശാ ….പിള്ളേച്ചാ …..ഇതെന്തോന്നാ ഈ പറയുന്നത്?

ഫ്ലാറ്റ് പൊളിക്കാനുള്ള സുപ്രീംകോടതി വിധിയിൽ അവിടുത്തെ താമസക്കാർ ആരുടെ കയ്യിൽ നിന്നും നഷ്ടപരിഹാരം വാങ്ങും എന്നോ, ആർക്കാണ് ഉത്തരവാദിത്വം എന്നോ പറഞ്ഞിട്ടില്ല എന്നും ശരിക്കും നിയമലംഘനതിനു കൂട്ടുനിന്ന ഉദ്യോഗസ്ഥരെ ശിക്ഷിച്ചില്ല എന്നുമാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് പ്രചരിക്കുന്ന ഒരു പ്രധാന ആക്ഷേപം എന്നാൽ ഈ ആരോപണം തികച്ചും തെറ്റായ ഒന്നാണ്. മേൽപ്പടി ആശാന്മാരുടെ കഥാപ്രസംഗവും മാധ്യമങ്ങളുടെ റിയാലിറ്റിഷോയും ഡെയ്ഞ്ചർ സോണും കണ്ട് തെറ്റിദ്ധരിച്ച് സ്വയം അപഹാസ്യരാകാതിരിക്കാൻ മരട് ഫ്ലാറ്റ് കേസിലെ വിധിപ്പകർപ്പ് പുറത്തുവിട്ട് സുപ്രീംകോടതി അഭിഭാഷകനും സാമൂഹ്യ പ്രവർത്തകനുമായ അഡ്വ. ശ്രീജിത്ത് പെരുമന.

മരട് ഫ്ലാറ്റ് കേസിലെ വാദി ഫ്ലാറ്റ് നിർമ്മാതാക്കളുടെ ശത്രുക്കളോ വഴി പോക്കരോ ബ്ലാക്ക്മെയിലിംങ് വിഭാഗക്കാരായ നാട്ടിലെ നിങ്ങളുടെയൊക്കെത്തന്നെ കുട്ടിസഖാക്കളോ സവർക്കരമാരോ ഖാദർധാരികളോ ഒന്നുമല്ല. കേരള കോസ്റ്റൽ സോൺ മാനേജ്മെന്റ് അതോറിറ്റി( KCZMA) ആണ് വാദി. പരിസ്ഥിതി,കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തിന് കീഴിലാണ് KCZMA പ്രവർത്തിക്കുന്നത്. ഒറ്റവാക്കിൽപറഞ്ഞാൽ വാദി കേരള സർക്കാരാണ്. ഫ്ളാറ്റ്‌ ഉടമകൾക്കൊപ്പം സി.പി.എം ഉണ്ടാകുമെന്നും സാധ്യമായതെല്ലാം സർക്കാർ ചെയ്യുമെന്നും ആണ് ഇന്നലെ കോടിയേരി ബാലകൃഷ്ണൻ ഉറപ്പ്‌ നൽകിയത്. .ഉപസമിതിക്കു തെറ്റുപറ്റിയെന്ന് കോടതിയിൽ സത്യവാങ്മൂലം നൽകണമെന്നും പുതിയ റിപ്പോർട്ട് നൽകാൻ അനുമതി വാങ്ങണമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്.കേസിലെ വാദിയും സർക്കാരാണല്ലോ ഇവന്മാരെന്താ ബാക്കി ജനങ്ങളെ പൊട്ടന്മാരാക്കുകയാണോ? എന്തോന്നാണ് ബാലകൃഷ്ണാ…. രമേശാ….പിള്ളേച്ചാ നിങ്ങൾ ഈ പറയുന്നത്?

അഡ്വ. ശ്രീജിത്ത് പെരുമനയുടെ കുറിപ്പ് ചുവടെ

സ്വയം അപഹാസ്യരാകാതിരിക്കാൻ ഇത് വായിക്കാം..

മരടിലെ താമസക്കാർക്ക് സംഭവിച്ചത് ദൗർഭാഗ്യകരമായ ഒന്നാണ്. എന്നാൽ സുപ്രീംകോടതി എന്തോ മഹാ അപരാധം ചെയ്തു എന്ന നിലയിൽ താമസക്കാരെ കുടുംബസമേതം ഒരുക്കി നിർത്തി ക്യാമറയ്ക്ക് മുൻപിൽ ഒരുമാതിരി “അപ്പുക്കുട്ടൻ സ്റ്റൈലിൽ” നടത്തുന്ന മാധ്യമങ്ങളുടെ സഹതാപ നാടകങ്ങൾ പരിഹാസ്യമാണ്.

ഫ്ലാറ്റ് പൊളിക്കാനുള്ള സുപ്രീംകോടതി വിധിയിൽ അവിടുത്തെ താമസക്കാർ ആരുടെ കയ്യിൽ നിന്നും നഷ്ടപരിഹാരം വാങ്ങും എന്നോ, ആർക്കാണ് ഉത്തരവാദിത്വം എന്നോ പറഞ്ഞിട്ടില്ല എന്നും ശരിക്കും നിയമലംഘനതിനു കൂട്ടുനിന്ന ഉദ്യോഗസ്ഥരെ ശിക്ഷിച്ചില്ല എന്നുമാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് പ്രചരിക്കുന്ന ഒരു പ്രധാന ആക്ഷേപം

എന്നാൽ ഈ ആരോപണം തികച്ചും തെറ്റായ ഒന്നാണ് എന്ന് തെളിയിക്കുന്ന കാരണങ്ങൾ ഇതാണ്.

1. പൊളിക്കാൻ ഉത്തരവിട്ട ഫ്ളാറ്റിലെ എല്ലാ താമസക്കാർക്കുമുള്ള നിയമപ്രകാരം ലഭിക്കേണ്ട നഷ്ടപരിഹാരം അതാത് ഫ്‌ളാറ്റുകളുടെ “ബിൽഡർ” അല്ലെങ്കിൽ “പ്രൊമോട്ടർ”മാരിൽ നിന്നും നിയമാനുസൃതം വാങ്ങാമെന്ന് 21 മെയ് 2019 ന് ബഹുമാനപ്പെട്ട സുപ്രീംകോടതി ഉത്തരവിറക്കിയിട്ടുണ്ട് (ഉത്തരവിന്റെ പകർപ്പ് ഈ പോസ്റ്റിനോടൊപ്പം ). ഇതോടെ താമസക്കാർ ആരുടെ കയ്യിൽ നിന്നും നഷ്ടപരിഹാരം വാങ്ങണം എന്ന് സുപ്രീംകോടതി പറഞ്ഞിട്ടില്ല എന്ന വാദം പൊളിയുകയാണ്.

2. ഫ്ളാറ്റിലെ താമസക്കാരെ കോടതി കേട്ടിട്ടില്ല എന്ന് പറയുന്നതും തെറ്റാണ്. 27 നവംബർ 2018 ന് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിൽ ഫ്ളാറ്റിലെ താമസക്കാർ ഉൾപ്പെടെയുള്ളവരുടെ അഭിപ്രായങ്ങളും, ആവശ്യങ്ങളും അറിയിക്കാനും പറയാനുമുള്ള അവസരം നൽകണമെന്ന് കോടതി നിയമിച്ച കമ്മറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അപ്രകാരം കമ്മറ്റി ഫ്ളാറ്റിലെ താമസക്കാരോട് അവരുടെ ഭാഗം പറയാൻ ആവശ്യപ്പെട്ടപ്പോൾ ഒരാളുപോലും കമ്മറ്റി മുൻപാകെ ഒരാവശ്യവും ഉന്നയിച്ചില്ല എന്നും കമ്മറ്റി നൽകിയ റിപ്പോർട്ടിൽ പറയുന്നു.

3. ജൂൺ 6, 2007 ൽ ബിൽഡിങ് പൊളിക്കാൻ നൽകിയ “കാരണം കാണിക്കൽ” നോട്ടീസിന് ശേഷം 10-06-2012 നും, 02-06-2015 നും കേരള ഹൈക്കോടതി വിധി വരുന്നവരെയും അതിനു ശേഷം മെയ് 8, 2019 ന് സുപ്രീംകോടതിയുടെ പൊളിക്കാനുള്ള വിധി വരുന്നതുവരെയും ഈ ഫ്ലാറ്റുകൾ കേസിലാണെന്ന വിവരം അറിയില്ലായിരുന്നു എന്ന അഭിഭാഷകരും, ഡോക്ടർമാരും, സിനിമാനടന്മാരും, എഞ്ചിനീയർമാരുമുൾപ്പെടെയുള്ള താമസക്കാരുടെ വാദത്തിൽ എന്ത് കഴമ്പാണുള്ളത്?

4. 12 വർഷക്കാലം നീണ്ട കാലയളവിൽ പണം കൊടുത്ത് മേടിച്ച സ്വന്തം കിടപ്പാടത്തിന്റെ പേരിൽ നടക്കുന്ന കേസുകളിൽ എന്തുകൊണ്ട് ഒരു കുടുംബം പോലും കക്ഷിചേരാനോ, ഭാഗം പറയാനോ, ചുരുങ്ങിയപക്ഷം ഒരു നിവേദനം നൽകാനോപോലും തുനിയാത്തത് എന്തുകൊണ്ടാണ്?

5. കേസിൽ നേരിട്ട് കക്ഷികളാകാത്ത ഫ്ളാറ്റിലെ താമസക്കാർക്ക് കോടതി വിധിയിൽ നേരിട്ട് എങ്ങനെ നഷ്ടപരിഹാരത്തിനു ഉത്തരവിടാൻ സുപ്രീംകോടതിക്ക് കഴിയും? കക്ഷികളല്ല എന്നിരുന്നിട്ടുകൂടി ഫ്ലാറ്റ് നിവാസികൾ നൽകിയ ഹർജിയിൽ ബിൽഡറിൽ നിന്നും നഷ്ടപരിഹാരം ഈടാക്കാമെന്ന് കോടതി വിധിച്ചില്ലേ?

5. ഫയൽ ചെയ്യപ്പെട്ട ഒരു സിവിൽ കേസിലെ വിധിന്യായത്തിൽ അനധികൃതമായി ഫ്ലാറ്റ് നിർമ്മിക്കാൻ അനുമതി നൽകിയ മരട് പഞ്ചായത്ത് അധികൃതരെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും ശിക്ഷിച്ചുകൊണ്ട് ഉത്തരവിറക്കിയില്ല എന്ന് ചോദിക്കുന്നത് അക്ഷരാർത്ഥത്തിൽ നിയമത്തിൽ അജ്ഞരായവരുടെ അസംബന്ധവും വിഡ്ഢിത്തവുമാണ്. കൃമിനൽ കേസ് ഈ വിഷയത്തിൽ എടുക്കേണ്ടിയിരുന്നത് വിജിലൻസോ, പൊലീസോ ആയിരുന്നു. എന്നിട്ട് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കണമായിരുന്നു. എന്നിട്ട് വിചാരണ നടത്തി ശിക്ഷിക്കണമായിരുന്നു. അല്ലാതെ ഒരു സിവിൽ കേസിൽ നൽകിയ അപ്പീലിൽ സുപ്രീംകോടതി പുറപ്പെടുവിച്ച
വിധിയിൽ ഒരു എഫ്‌ഐആർ പോലുമില്ലാത്ത അജ്ഞാതരായ കുറ്റക്കാർക്ക് എങ്ങനെയാണ് ശിക്ഷ വിധിച്ച് ഉത്തരവിറക്കുക? ഈ വാദം ഉന്നയിക്കുന്നവർ അക്ഷരാർത്ഥത്തിൽ സ്വയം പരിഹാസ്യരാകുകയല്ലേ ചെയ്യുന്നത്?

6. അനധികൃതമായി ബിൽഡിങ് നിർമ്മിക്കാൻ കൂട്ടുനിന്ന് പെർമിറ്റ് നൽകിയ മരട് പഞ്ചായത്ത് അധികൃതർക്കെതിരെയോ, അവർക്കെതിരെ കേസെടുക്കാതെ കൃത്യവിലോപം കാണിച്ച വിജിലൻസിനെതിരെയോ നാളിതുവരെ ആരും പോലീസിലോ, കോടതിയിലോ കേസ് കൊടുക്കുകയോ, സർക്കാർ സ്വമേധയാ കേസെടുക്കുകയോ ചെയ്തിട്ടില്ല. എടുക്കാത്ത കേസിൽ ആരെയാണ് സുപ്രീംകോടതിക്ക് ശിക്ഷിക്കാൻ സാധിക്കുക. അതുകൊണ്ട് കേസെടുക്കണം എന്ന മുറവിളി സർക്കാർ സംവിധാനങ്ങളോടാണ് കോടതിയോടല്ല വേണ്ടത്.

തങ്ങൾ പുറപ്പെടുവിച്ച വിധി ഉത്തമ ബോധ്യത്തോടെയാണെന്നും കൂടുതൽ സമയം അനുവദിക്കാൻ സാധിക്കില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കിയത്‌ അപൂർവമായ നിലപാടായിരുന്നു.

ഫ്ലാറ്റ് മേടിച്ച താമസക്കാർക്ക് ബിൽഡറിൽ നിന്നും നഷ്ടപരിഹാരം ലഭിക്കാനായി ബന്ധപ്പെട്ട നിയമ സംവിധാനങ്ങളെ സമീപിക്കാമെന്നും എന്നാൽ അതിനുവേണ്ടി ഫ്ലാറ്റുകൾ പൊളിച്ചു നീക്കുക എന്ന വിധി നടപ്പിലാക്കാൻ കൂടുതൽ സമയം അനുവദിക്കാൻ സാധിക്കില്ലെന്നും കോടതി അസന്നിഗ്ധമായി വ്യക്തമാക്കിയതും വിധിയിൽ വായിക്കാം.

വാൽ :ചിന്തിക്കുന്നവർക്കും, ഐഡിയ സ്റ്റാർ സിംഗറിൽ പങ്കെടുക്കുന്നവർക്കും പിന്നെ കായല് കയ്യേറിയവർക്കും ഫ്ളാറ്റിനൊപ്പം ദൃഷ്ട്ടാന്തവും പൊറോട്ടയുമുണ്ട്. ഈ വിധിപ്പകർപ്പ് ഈ ഘട്ടത്തിൽ പുറത്ത് വിട്ടതിനു ഫ്ലാറ്റുകാർ ക്വൊട്ടേഷൻ കൊടുത്തില്ലേൽ കാണാം.

അഡ്വ ശ്രീജിത്ത് പെരുമന