കുട്ടികള്‍ ബിസ്റ്റക്കറ്റ് കഴിക്കാതെ പബ്ജി കളിച്ചതാണോ പാര്‍ലെ ജിയിലെ പ്രതിസന്ധിക്ക് കാരണം​?: ശിവസേന

സാമ്പത്തിക മാന്ദ്യത്തെ ന്യായീകരിക്കാന്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ നടത്തിയ അബദ്ധ പ്രസ്താവനകളെ പരിഹസിച്ച് ബി.ജെ.പി സഖ്യകക്ഷിയായ ശിവസേന. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പ്രമുഖ ബിസ്‌ക്കറ്റ നിര്‍മ്മാണ കമ്പനിയായ പാര്‍ലെ ജിയില്‍ നിന്ന് പതിനായിരത്തോളം പേരെ പിരിച്ചുവിട്ടിരുന്നു. കുട്ടികള്‍ ബിസ്‌കറ്റ് കഴിക്കാതെ പകരം പബ്ജി കളിക്കുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് വിലയിരുത്താനാകുമോയെന്ന് ശിവസേന മുഖപത്രം സാമ്‌നയിലെ ലേഖനത്തിലൂടെ ശിവസേന ചോദിച്ചു.

പുതിയ തലമുറ കാര്‍ വാങ്ങാതെ ഓണ്‍ലൈന്‍ ടാക്‌സികളായ യുബര്‍, ഒല തുടങ്ങിയവയെ ആശ്രയിക്കുന്നതാണ് വാഹന വിപണിയിലെ പ്രതിസന്ധിക്ക് കാരണമെന്ന് നിര്‍മ്മലാ സീതാരാമന്‍ പ്രസ്താവിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ശിവസേനയുടെ പരിഹാസം. സാമ്പത്തിക സ്ഥിതിയെ കുറിച്ചും തൊഴില്‍ നഷ്ടത്തെ കുറിച്ചും ചോദ്യങ്ങള്‍ ഉയരുന്നുണട്. അവ അഗണിക്കാന്‍ കഴിയില്ലെന്നും ശിവസേന പത്രം കൂട്ടിച്ചേര്‍ത്തു.

പല മന്ത്രിമാരും ശാസ്ത്രത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ മാറ്റാനുള്ള ശ്രമത്തിലാണെന്നും അവരുടെ ഈ ഗവേഷണം കൊണ്ട് നഷ്ടപ്പെട്ട ലക്ഷക്കണക്കിന് തൊഴിലുകള്‍ തിരിച്ചുകൊടുക്കാന്‍ സാധിക്കുമോയെന്നും ശിവസേനാ മുഖപത്രം ചോദിച്ചു. പീയൂഷ് ഗോയലിനെ പരിഹസിച്ചുകൊണ്ടായിരുന്നു ഈ വിമര്‍ശനം. ഗുരുത്വാകര്‍ഷണ ബലം കണ്ടുപിടിച്ചത് ഐന്‍സ്റ്റീനാണെന്ന് പീയുഷ് ഗോയല്‍ അവകാശപ്പെട്ടിരുന്നു.