16-ാം വയസില്‍ വിമാനം പറത്തി ചരിത്രത്തിലേക്ക് പറന്നുയർന്ന് മലയാളി പെണ്‍കുട്ടി

ഉയരെ പറക്കാനുള്ള സ്വപ്‌ന യാത്രയിലാണ് നിലോഫര്‍ മുനീര്‍. കഠിനമായ വഴികള്‍ പിന്നിട്ട് 16-ാം വയസില്‍ സെ​സ്ന 172 എന്ന ചെറുവിമാനം ചരിത്രത്തിലേക്കാണ് നിലോഫര്‍ പറത്തിയത്. ഇതോടെ കേരളത്തില്‍ നിന്ന് സ്റ്റുഡന്റ് പൈലറ്റ് ലൈസന്‍സ് സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറത്ത മുസ്ലീം പെണ്‍കുട്ടിയെന്ന നേട്ടത്തിലേക്കാണ് നിലോഫര്‍ മുനീര്‍ പറന്നിറങ്ങിയത്.

ഹിന്ദുസ്ഥാന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മൈസൂരുവിലെ ഓറിയെന്റ് ഫ്ലൈ​റ്റ്സ് ഏവിയേഷന്‍ അക്കാദമിയുടെ പരിശീലനത്തിനു ശേഷം കഴിഞ്ഞദിവസം സ്റ്റുഡന്റ് പൈലറ്റ് ലൈസന്‍സ് നിലോഫര്‍ ഏറ്റുവാങ്ങി. 10-ാംക്ലാസ് കഴിഞ്ഞാല്‍ പ്ലസ് ടു, പിന്നീട് പ്രൊഫഷണല്‍ ബിരുദം അല്ലെങ്കില്‍ മറ്റെന്തെങ്കിലും മേഖലകള്‍ എന്ന സ്ഥിരം വഴികള്‍ മാറ്റിനികര്‍ത്തിയാണ് നിലോഫര്‍ പൈലറ്റാകാന്‍ തീരുമാനിക്കുന്നത്.

ദുബൈയിലെ ഇന്ത്യന്‍ ഹൈസ്‌കൂളില്‍ 10-ാം ക്ലാസ് പൂര്‍ത്തിയാക്കിയതിനു ശേഷമാണ് മൈസൂരുവിലെ ഓറിയന്റ് ഫ്ലൈയിങ് സ്‌കൂളില്‍ ചേരുന്നതും തുടര്‍ന്ന് വിജയകരമായി പഠനം പൂര്‍ത്തിയാക്കുന്നതും. ദുബൈയില്‍ ബിസിനസുകാരനാണ് മുനീര്‍. വിദൂര വിദ്യാഭ്യാസത്തിലൂടെ പ്ലസ് ടൂ സയന്‍സ് ഗ്രൂപ്പ് പഠിച്ചുകൊണ്ടിരിക്കുന്ന നിലോഫര്‍ മൈസൂരുവില്‍ പൈലറ്റ് പരിശീലനത്തിലാണ്. 18 വയസ് തികഞ്ഞാല്‍ നിലോഫറിന് കൊമേഴ്‌സ്യല്‍ പൈലറ്റ് ലൈസന്‍സ് നേടാനാകും.