മരട് ഫ്‌ളാറ്റ്: തുടര്‍ നിയമനടപടികള്‍ക്ക് സര്‍ക്കാര്‍; കേന്ദ്ര സഹായവും തേടും

മരടിലെ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിക്കണമെന്ന സുപ്രീം കോടതി ഉത്തരവില്‍ നിയമനടപടികള്‍ തുടരാനുറച്ച് സംസ്ഥാന സര്‍ക്കാര്‍. മരട് വിഷയത്തില്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കിയേ തീരൂ എന്ന സ്ഥിതിയിലാണ് സര്‍ക്കാര്‍. എന്നാല്‍ ഇതില്‍ കൂടുതല്‍ നിയമപരമായി എന്തുചെയ്യാനാകുമെന്ന് അറ്റോര്‍ണി ജനറലില്‍ നിന്ന് നിയമോപദേശം തേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ പറഞ്ഞു.

സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ സര്‍ക്കാരിന് ഭരണഘടനാപരമായ ബാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാല്‍ മരടിലേത് സവിശേഷ സാഹചര്യമാണ്. സുപ്രീം കോടതിയില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമ്പോള്‍ പ്രമുഖ അഭിഭാഷകര്‍ തന്നെ സര്‍ക്കാരിന് വേണ്ടി ഹാജരാകും. നിര്‍മ്മാതാക്കളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ തീരുമാനമായില്ലെങ്കിലും അത്തരം നടപടികള്‍ ആലോചനയിലുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രിയുമായി സംസാരിക്കും. എന്നാല്‍ ഡല്‍ഹിക്ക് സര്‍വകക്ഷി സംഘത്തെ അയയ്ക്കാനുള്ള തീരുമാനം ഉപേക്ഷിച്ചു. സി.പി.ഐ വ്യത്യസ്ത നിലപാട് സ്വീകരിച്ചതിനെ തുടര്‍ന്നാണ് സര്‍വകക്ഷി സന്ദര്‍ശനം ഒഴിവാക്കിയത്. ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍ക്കെതിരെ സര്‍വകക്ഷി യോഗത്തില്‍ പൊതുവികാരം ഉയര്‍ന്നു. എന്നാല്‍ കെട്ടിട നിര്‍മ്മാതാക്കളെയോ കമ്പനിയെയോ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ സര്‍വകക്ഷി യോഗത്തില്‍ നടപടി ഉണ്ടായില്ല.

അതേസമയം ഫ്‌ളാറ്റ് പൊളിച്ച് സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കണമെന്ന നിലപാട് സി.പി.ഐ സര്‍വകക്ഷി യോഗത്തിലും ആവര്‍ത്തിച്ചു. ശബരിമല വിഷയത്തില്‍ സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കാമെങ്കില്‍ എന്തുകൊണ്ട് മരട് വിഷയത്തിലെ വിധി നടപ്പിലാക്കിക്കൂടാ എന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ചോദിച്ചു. ഫ്‌ളാറ്റ് ഉടമകള്‍ക്കുണ്ടാകുന്ന നഷ്ടം ഫ്‌ളാറ്റ് നിര്‍മ്മാതാക്കളില്‍ നിന്ന് ഈടാക്കി നല്‍കണമെന്നും കാനം കൂട്ടിച്ചേര്‍ത്തു.