അയോദ്ധ്യ കേസ്: ഒക്ടോബര്‍ 18നുള്ളില്‍ വാദം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം

അയോദ്ധ്യ കേസില്‍ ഒക്ടോബര്‍ 18നം വാദം പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ട കക്ഷികള്‍ ശ്രമിക്കണമെന്ന് സുപ്രീം കോടതി. ആവശ്യമെങ്കില്‍ എല്ലാ ദിവസവും എല്ലാ ശനിയാഴ്ചയും ഒരു മണിക്കൂര്‍ അധികവാദം കേള്‍ക്കുമെന്നും ചിഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയുടെ നേതൃത്വത്തിലുള്ള ബെഞ്ച് അറിയിച്ചു. ഇതിനിടയില്‍ പ്രശ്‌ന പരിഹാരത്തിനായി ബന്ധപ്പെട്ട കക്ഷികള്‍ക്ക് മധ്യസ്ഥ ചര്‍ച്ച നടത്താം. എന്നാല്‍ ഈ മധ്യസ്ഥ ചര്‍ച്ചകള്‍ രഹസ്യമായി വേണം.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ നവംബര്‍ 17നാണ് വിരമിക്കുന്നത്. ഇതിന് മുമ്പ് കേസില്‍ വധി പറയാനുള്ള നീക്കമാണ് നടക്കുന്നത്. എത്ര ദിവസത്തിനുള്ളില്‍ തങ്ങളുടെ വാദം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് ബന്ധപ്പെട്ട കക്ഷികള്‍ അറിയിക്കണമെന്ന് സുപ്രീംകോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ലഭിച്ച റിപ്പോര്‍ട്ട് പരിശോധിച്ചാണ് ഒക്ടോബര്‍ 18നുള്ളില്‍ വാദം പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ ആഗസ്റ്റ് ആറിനാണ് കേസില്‍ അന്തിമവാദം സുപ്രീം കോടതിയില്‍ ആരംഭിച്ചത്. ഇതിനകം 26 ദിവസം തുടര്‍ച്ചയായി വാദം പൂര്‍ത്തിയാക്കി കഴിഞ്ഞു.