ഇടത് ഏതാണ്? വലത് ഏതാണ്? ഇടതും വലതും വേർതിരിയുന്നത് എവിടെയാണ്?

സിപിഐ യെ വിഭജനനന്തരം സിപിഐ(എം) നേതാക്കൾ പരിഹസിച്ചിരുന്നത് വലതുകമ്യൂണിസ്റ്റ് പാർട്ടി എന്നാണ്. എന്നാൽ നിഷ്പക്ഷമായി നിന്നുകൊണ്ട് ഇതിൽ വലത് ഏത്? ഇടത് ഏത്? എന്നുകണ്ടുപിടിക്കാമോ? CPI- CPM സംഘടനകളുടെ താരതമ്യമോ തർക്കമോ ഈ കുറിപ്പിന്റെ ലക്ഷ്യമല്ല.

ഹിഫ്‌സുർ റഹ്‌മാൻ

ലാ അക്കാദമി വിഷയം അങ്ങേയറ്റം വഷളാക്കിയപ്പോൾ CPI ജെസിബി കൊണ്ട് കരണക്കുറ്റിക്ക് അടിച്ചു. മാവോ വാദികളെന്ന് ആരോപിച്ച് രണ്ട് പേരെ ഭരണകൂടം വെടിവച്ചു കൊന്നപ്പോൾ അത് അങ്ങേയറ്റം ജനാധിപത്യ വിരുദ്ധവും ഏകാധിത്യപരവുമായ നടപടിയാണെന്ന് CPI പരസ്യമായി പ്രസ്താവിച്ചു. നടിയെ പീഡിപ്പിച്ച കേസിൽ ഗൂഢാലോചനയില്ലെന്ന് പറഞ്ഞ് അതും വഷളാക്കി. മഞ്ജു വാര്യരുടെ നിലാപാടിനു മുമ്പിൽ ആഭ്യന്തര വകുപ്പ് മുട്ടുകുത്തി. ദിലീപ് ജയിലിലായി.

സഖാവ് കുവൈറ്റ് ചാണ്ടി കായൽ കയ്യേറി റിസോർട്ട് നിർമ്മിച്ച വിഷയത്തിൽ കായൽ ചാണ്ടിയോടൊപ്പം നിന്നു. മന്ത്രിസഭാ യോഗത്തിൽ നിന്ന് തങ്ങളുടെ മന്ത്രിമാർ വിട്ട് നിന്ന് CPI അതി ശക്തമായി പ്രതിഷേധിച്ചു. സഖാവ് ചാണ്ടി രാജി വച്ചു.

BJP നേതൃത്വത്തിലുള്ള NDA മുന്നണി ചെയർമാൻ തുഷാർ വെള്ളാപ്പള്ളി സാമ്പത്തിക കുറ്റകൃത്യത്തിന് അജ്മാൻ ജയിലിലടക്കപ്പെട്ടപ്പോൾ മോചിപ്പിക്കാൻ കേന്ദ്രത്തിലെ NDA മന്ത്രിക്ക് കത്തെഴുതി. വ്യവസായി കോടികൾ കെട്ടിവച്ച് ജാമ്യം വാങ്ങി.

മരടിലെ ഫ്ലാറ്റ് കേസ് ആദ്യന്തം സങ്കീർണ്ണമാണ്. തെലങ്കാനയുടെ ചുമതലയുള്ള ഉമ്മൻ ചാണ്ടിയും ഹൈബി ഈഡനും അവിടെ കിടപ്പാണ്. തൃക്കാക്കര MLA ശ്രീ. പി.റ്റി. തോമസ് അങ്ങോട്ട് എത്തി നോക്കിയില്ല.

കായൽ കയ്യേറിയും മറ്റ് എല്ലാ നിയമങ്ങളും ലംഘിച്ചും ഫ്ലാറ്റ് പണിത്, അവ ആളുകളെ കബളിപ്പിച്ച്‌ വിൽപന നടത്തി 500 കോടി ഉണ്ടാക്കിയ തട്ടിപ്പുകാർക്ക് എതിരെ കേസ് എടുക്കുന്നതിന് പകരം ചുമട്ടുതൊഴിലാളികളെയും (CITU ) കുടുംബശ്രീ, കർഷക തൊഴിലാളികളെയും മുന്നിൽ നിർത്തി ” മതിൽ ” നിർമ്മിക്കുന്ന ഈ അന്യായത്തിനെതിരെയും രംഗത്തുവന്നത് CPI മാത്രമാണ്.

CPI- CPM സംഘടനകളുടെ താരതമ്യമോ തർക്കമോ എന്റെ കുറിപ്പിന്റെ ലക്ഷ്യമല്ല. മനുഷ്യർക്കും പക്ഷിമൃഗാദികൾക്കും വൃക്ഷലതാദികൾക്കും ജീവിക്കാനുള്ള ആവാസ വ്യവസ്ഥ സംരക്ഷിക്കാനുള്ള ബാദ്ധ്യത സവിശേഷ ബുദ്ധിയുള്ള മനുഷ്യർക്കുണ്ട്. അതിനു പകരം, നാല് ചില്ലിക്കാശിന് വേണ്ടി അതെല്ലാം തകർക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുന്ന സമ്പന്നരുടെ ചങ്ങലയിലെ ഒരു കണ്ണിയായ ഫ്ലാറ്റ് നിർമ്മാതാക്കൾക്ക് വേണ്ടി വാദിക്കുന്നവർ മനുഷ്യരാണോ?

നീതിന്യായ വ്യവസ്ഥയെ വേണ്ടവണ്ണം ഉപയോഗിച്ചും രാഷ്ട്രീയക്കാരെ പലവിധേനയും തങ്ങളോടൊപ്പം നിർത്തിയുമാണ് കയ്യേറ്റക്കാർ മുന്നേറുന്നത്. ആ മുന്നേറ്റം മനുഷ്യ കുലത്തിനെതിരാണ്, മറ്റ് ജീവജാലങ്ങൾക്കെല്ലാം എതിരാണ്, ആവാസ വ്യവസ്ഥയ്ക്ക് എതിരാണ്. ആ മുന്നേറ്റക്കാരെ പിന്നോക്കം പായിക്കേണ്ടത് രാഷ്ട്രീയ സംഘടനകളുടെ പ്രാഥമികമായ ഉത്തരവാദിത്വമാണ്. ചുമരുണ്ടെങ്കിലേ ചിത്രമെഴുതാൻ പറ്റൂ. ചുമർ നിലനിർത്തുന്ന പ്രവർത്തനം രാഷ്ട്രീയ പ്രവർത്തനം തന്നെയാണ്. ഭരണാധികാരിക്ക് തന്റേടം വേണം – അല്ലെങ്കിൽ രോഗം മൂർച്ഛിച്ച് വഷളാകും.

തികഞ്ഞ അശ്ളീലമായ യുഡിഎഫിലേക്കും മറ്റൊരു വകഭേദമായ BJP ലാവണത്തിലേക്കും ചായാൻ ജനങ്ങളെ പ്രേരിപ്പിക്കുന്ന സമീപനമാണ് സർക്കാരിന്റേത് എന്ന കാര്യത്തിൽ സംശയം വേണ്ട.