ടിക് ടോക്കിൽ ‘ബാഹുബലി’ അനുകരിക്കാൻ ആനയെ തല്ലിയ രണ്ടു കുട്ടികൾക്കും ആന ഉടമയ്ക്കും കേസ്

ടിക് ടോക്കിൽ താരമാകാൻ ബാഹുബലി സിനിമയിലെ രംഗങ്ങൾ അനുകരിക്കും വിധം സഹോദരങ്ങളായ അഭിയും കണ്ണനും ചേർന്ന് സ്വന്തം ആനയെ തല്ലുന്ന 24 സെക്കന്റ് വീഡിയോ ടിക് ടോക്കിൽ തരംഗമൊന്നും ഉണ്ടാക്കിയില്ലെങ്കിലും സഹോദരങ്ങളും പിതാവായ ആന ഉടമയും കേസിൽ കുടുങ്ങും.

പാലക്കാട് കരിങ്കല്ലത്താണി സ്വദേശിയായ ബാബു എന്നു വിളിക്കുന്ന പ്രകാശ് മുരളിയുടെ ഉടമസ്ഥതയിലുള്ള ചെത്തല്ലൂർ ദേവീദാസൻ എന്ന ഒറ്റകൊമ്പൻ ആനയെയാണ് ഉടമയുടെ മക്കളായ അഭിയും കണ്ണനും ചേർന്ന് ക്രൂരമായി തല്ലി ആളുകളിക്കാൻ നോക്കിയത്. വിഡിയോയിൽ ഷർട്ട് ധരിക്കാതെ ട്രൗസർ മാത്രം ധരിച്ച് വില്ലൻ രൂപത്തിൽ ഒരു വടിയുമായി നിന്ന് ബാഹുബലിയിലെ പശ്ചാത്തല സംഗീതത്തോടൊപ്പം ആനയോട് എന്തൊക്കെയോ നിർദേശങ്ങൾ നൽകുന്ന അഭിയുടെ മറുവശത്ത് നിന്നും നായക രൂപത്തിൽ ഒരു മുട്ടൻ വടിയുമായി എത്തുന്ന കണ്ണൻ ആനയുടെ മുൻകാലിൽ ഒന്നു രണ്ടു പ്രാവശ്യം തോണ്ടുമ്പോഴേക്കും മറുവശത്തു നിന്നും ആനയുടെ മുൻകാലിൽ പിന്നിൽനിന്നും അഭി അടി തുടങ്ങിയിരുന്നു. എന്തിനാണ് അടിക്കുന്നത് എന്നറിയാതെ പകച്ചു നിൽക്കുന്ന ആനയുടെ വലത്തെ കാലിൽ മുന്നിൽ നിന്നും കണ്ണനും അടി തുടങ്ങി. എന്താണ് സംഭവിക്കുന്നത് എന്നറിയാതെ കാലുകൾ മാറി മാറി പൊക്കാൻ ആന ശ്രമിക്കുന്നുണ്ടെങ്കിലും അതിനു മുമ്പേ ഇടത്തുനിന്നും വലത്തുനിന്നും അടിവരുന്നതിനാൽ ഒന്നും ചെയ്യാൻ സാധിക്കാതെ ആന നിന്നു കൊള്ളുകയായിരുന്നു.

കേരള ആന പരിപാലന പെരുമാറ്റചട്ട പ്രകാരവും വന്യജീവി സംരക്ഷണ നിയമ പ്രകാരവും അഭിക്കും കണ്ണനും എതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്യാൻ അനിമൽ ലീഗൽ ഫോഴ്സ് ജനറൽ സെക്രട്ടറി ഏംഗൽസ് നായർ ഒലവക്കോട് ഡിവിഷണൽ ഫോറസ്റ് ഓഫിസർ ഹരികൃഷ്ണൻ നായർക്ക് പരാതി നൽകിയിട്ടുണ്ട്.