മര്യാദക്ക് അല്ലെങ്കില്‍ ചപ്പാത്തി തിന്നേണ്ടിവരും; ഇബ്രാഹീം കുഞ്ഞിന് മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പാലാരിവട്ടം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ ട്രോളി മുഖ്യമന്ത്രി. ‘ഇന്നൊരാളുടെ കഥ പുറത്തുവന്നിട്ടുണ്ട്. അയാള്‍ അനുഭവിക്കാന്‍ പോവുകയാണ്. മര്യാദക്ക് ജീവിച്ചാല്‍ സ്വന്തം വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കാം; ഇല്ലെങ്കില്‍ സര്‍ക്കാര്‍ ഭക്ഷണം കഴിക്കേണ്ടിവരു’മെന്നും മുഖ്യമന്ത്രി പറഞ്ഞു. പാലായില്‍ തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.

എത്ര ഉന്നതനായാലും അഴിമതി കാണിച്ചാല്‍ രക്ഷപ്പെടില്ല. ശക്തമായ നടപടി ഉണ്ടാകും. ഇത് എല്‍ ഡി എഫിന്റെ പ്രഖ്യാപിത നിലപാടാണ്. അതാണ് സര്‍ക്കാര്‍ ഇപ്പോള്‍ നടപ്പാക്കുന്നതെന്നും പിണറായി പറഞ്ഞു.

എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമുള്ള മൂന്ന് വര്‍ഷം 20,000 കോടി രൂപയാണ് പെന്‍ഷനായി നല്‍കിയത്. 1,70,765 പട്ടയമാണ് സര്‍ക്കാര്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ നല്‍കി. ബാക്കിയുള്ളതും സമയബന്ധിതമായി നല്‍കും.

കിഫ്ബിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം പുകമറ സൃഷ്ടിക്കുകയാണ്. സി എ ജിയുടെ ഏത് പരിശോധന്ക്കും സര്‍ക്കാര്‍ തടസമല്ല. അനാവശ്യ വിവാദമുണ്ടാക്കി നാടിന്റെ വികസനത്തെ തടയുകയാണ് ചെയ്യുന്നതതെന്നും മുഖ്യമന്ത്രി പറഞ്ഞു.