മോഡിയെ അധിക്ഷേപിച്ച് ഫേയ്‌സ്ബുക്ക് പോസ്റ്റ്: സായി വികാസ് സ്‌കൂളിലെ മലയാളി അധ്യാപകന് ജോലി നഷ്ടമായി

പ്രധാനമന്ത്രി നരേന്ദ്രമോഡിയെ അധിക്ഷേപിച്ച് ഫേയ്‌സ്ബുക്ക് പോസ്റ്റിട്ട മലയാളി അധ്യാപകനെതിരെ നടപടി. ആന്ധ്രാപ്രദേശിലെ കടപ്പ ജില്ലയിലെ ചക്രപ്പെട്ടില്‍ പ്രവര്‍ത്തിക്കുന്ന ശ്രീ സായി വികാസ് ഹൈസ്‌കൂള്‍ അധ്യപാകനായ സിജു ജയരാജിനെതിരെയാണ് നടപടി. സാമൂഹിക ശാസ്ത്ര അധ്യാപകനായിരുന്നു സിജു.

സിജു ജയരാജ് ഫേയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രം പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്നതാണെന്നായിരുന്നു പരാതി. ചിത്രം പോസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് സിജുവിനെതിരെ ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധമുയര്‍ത്തി. സിജു പോസ്റ്റ് ചെയ്ത ചിത്രം വൈറലായതിനെ തുടര്‍ന്ന് കേരളത്തിലെ ബി.ജെ.പി പ്രവര്‍ത്തകര്‍ കേസ് നല്‍കി. കേസ് അന്വേഷിക്കുന്നതിനിടെയാണ് ജോലി ചെയ്തിരുന്ന സ്‌കൂള്‍ മാനേജ് മെന്റ് സിജുവിനെ പുറത്താക്കാന്‍ തീരുമാനിക്കുന്നത്. 

എന്നാല്‍ പ്രധാനമന്ത്രിയോട് തനിക്കെന്നും ബഹുമാനമാണെന്നും ഒരിക്കലും അപമാനിക്കാന്‍ ഉദ്ദേശിച്ചില്ലെന്നും അദ്ദേഹത്തോട് എന്നും ആദരവ് മാത്രമേ ഒള്ളൂ എന്നും സിജു പിന്നീട് പോസ്റ്റ് ചെയ്തു. രാഷ്ട്രീയ പരാമര്‍ശങ്ങള്‍ ഫേയ്‌സ്ബുക്കിലൂടെ ഇടുമായിരുന്നെങ്കിലും എന്റെ രാജ്യത്തെ നയിക്കുന്ന പ്രധാനമന്ത്രിയെ വ്യക്തിഹത്യ ചെയ്യാന്‍ മനസുകൊണ്ട് പോലും തുനിഞ്ഞിട്ടില്ലെന്നും സിജു പോസ്റ്റ് ചെയ്തു.

അതേസമയം തന്റെ ഫോണ്‍ ഹാക്ക് ചെയ്തു പ്രധാനമന്ത്രിക്കെതിരെ തെറ്റായ പോസ്റ്റ് ഇടുകയായിരുന്നുവെന്നാണ് സിജു ജയരാജിന്റെ വിശദീകരണം. ഇക്കാര്യം ചൂണ്ടിക്കാട്ടി സിജു ഫേസ്ബുക്ക് പോസ്റ്റിടുകയും ചെയ്തു.