പാലാരിവട്ടം പാലം ‘പഞ്ചവടിപ്പാലം’ പോലെയെന്ന് ഹൈക്കോടതി

പാലാരിവട്ടം പാലം പഞ്ചവടിപ്പാലംപോലെ ആയല്ലോയെന്ന് ഹൈക്കോടതി. ക്രമക്കേടിന് ആരാണ് ഉത്തരവാദിയെന്നും സിനിമാ കഥ യാഥാര്‍ഥ്യമാകുകയാണോയെന്നും കോടതി ചോദിച്ചു. അന്വേഷണ പുരോഗതി അറിയിക്കാന്‍ വിജിലന്‍സിന് കോടതി നിര്‍ദ്ദേശം നല്‍കി. കേസില്‍ വിജിലന്‍സ് ഇതുവരെ കണ്ടെത്തിയ വിവരങ്ങളും പ്രതിചേര്‍ത്തവരുടെ പങ്കും അറിയിക്കണമെന്ന് കോടതി പറഞ്ഞു.

കേസില്‍ ഇനിയും അറസ്റ്റ് ഉണ്ടാകുമെന്ന് വിജിലന്‍സ് കോടതിയില്‍ അറിയിച്ചു. പാലം അഴിമതിയില്‍ നേരത്തെ അറസ്റ്റിലായ ടി ഒ സൂരജ് അടക്കമുള്ളവര്‍ നല്‍കിയ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ ചോദ്യം. പാലം നിര്‍മ്മാണത്തിന് ആരാണ് മേല്‍നോട്ടം വഹിച്ചതെന്ന് കോടതി ചോദിച്ചു. പൊതുജനത്തിന്റെ ജീവന് ഭീഷണിയാകും വിധത്തിലാണ് പാലം നിര്‍മ്മിച്ചതെന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി. ഉദ്യോഗസ്ഥരടക്കം കൂടുതല്‍ പേരെ ചോദ്യം ചെയ്യാനുണ്ടെന്നും തെളിവുകള്‍ ശേഖരിച്ചുവരികയാണെന്നും വിജിലന്‍സ് വിശദീകരിച്ചു.

അഴിമതിക്കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടാകും. എന്നാല്‍ പാലം നിര്‍മ്മാണ നടപടികളില്‍ താനൊരു ഉപകരണം മാത്രമായിരുന്നെന്നും സര്‍ക്കാര്‍ ഫയലുകളില്‍ ഒപ്പിടുക മാത്രമാണ് ചെയ്തതെന്നും ടി ഒ സൂരജ് അഭിഭാഷകന്‍ മുഖേന ബോധിപ്പിച്ചു. സൂരജടക്കം റിമാന്‍ഡില്‍ കഴിയുന്ന പ്രതികളുടെ അഴിമതിയിലെ പങ്കാളിത്തവും നിലവിലെ അന്വേഷണ പുരോഗതിയും അറിയിക്കാനും സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജാമ്യാപേക്ഷകള്‍ 24ന് വീണ്ടും പരിഗണിക്കും.

മേല്‍പാലം അഴിമതിയില്‍ മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെതിരെ ടി ഒ സൂരജ് ഹൈക്കോടതിയില്‍ ആരോപണം ഉന്നയിച്ചിരുന്നു. കരാര്‍ വ്യവസ്ഥയില്‍ ഇളവ് ചെയ്യാനും എട്ടേകാല്‍ കോടി രൂപ പലിശയില്ലാതെ മുന്‍കൂര്‍ നല്‍കാനും ഉത്തരവിട്ടത് അന്നത്തെ മന്ത്രിയായ ഇബ്രാഹിംകുഞ്ഞാണെന്ന് ടി ഒ സൂരജ് ഹൈക്കോടതിയെ അറിയിച്ചു.

ടി ഒ സൂരജ് പാലാരിവട്ടം അഴിമതി കേസില്‍ 19 ദിവസമായി റിമാന്‍ഡിലാണ്. മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹര്‍ജിയിലാണ് മുന്‍ പൊതുമരാമത്ത് മന്ത്രിക്കെതിരെ രൂക്ഷമായ ആരോപണം ഉന്നയിച്ചത്. അഴിമതിയില്‍ തനിക്ക് പങ്കില്ലെന്നും വിജിലന്‍സ് ആരോപിക്കുന്ന കുറ്റങ്ങള്‍ ചെയ്യാന്‍ ഉത്തരവിട്ടത് അന്നത്തെ മന്ത്രിയായ വി കെ ഇബ്രാഹിം കുഞ്ഞാണെന്നുമാണ് ജാമ്യാപേക്ഷയില്‍ പറയുന്നത്.

എട്ട് കോടി 25 ലക്ഷം രൂപ ആര്‍ഡിഎസ് കമ്പനിക്ക് കരാറിന് വിരുദ്ധമായി നല്‍കിയിട്ടുണ്ട്. എന്നാല്‍ അതില്‍ അന്തിമ തീരുമാനം തന്റേതായിരുന്നില്ല. പണം കമ്പനിക്ക് നല്‍കാന്‍ രേഖാമൂലം ഉത്തരവിട്ടത് ഇബ്രാഹിം കുഞ്ഞാണ്. എന്നാല്‍ പലിശ ഈടാക്കാനുള്ള നിര്‍ദ്ദേശം ഈ ഉത്തരവിലുണ്ടായില്ല. താനാണ് ഏഴ് ശതമാനം പലിശ ഈടാക്കാന്‍ ഉത്തരവില്‍ എഴുതിയതെന്നും ടി ഒ സൂരജ് നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. പലിശ കുറച്ച് കരാറുകാരന് മുന്‍കൂര്‍ പണം നല്‍കിയതിനാണ് തനിക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തത്. ഇക്കാര്യത്തില്‍ താന്‍ നിരപരാധിയാണ്. മന്ത്രിയുടെ ഉത്തരവ് പാലിക്കുകയാണുണ്ടായതെന്നും ജാമ്യാപേക്ഷയില്‍ പറഞ്ഞു