നവോത്ഥാനകേരളം സ്ത്രീപക്ഷ കൂട്ടായ്മ സോഷ്യൽമീഡിയ കൂട്ടായ്മയിൽനിന്ന് സംഘടനാ രൂപത്തിലേക്ക്

നവോത്ഥാനകേരളം സ്ത്രീപക്ഷ കൂട്ടായ്മ കേവലം ഒരു സോഷ്യൽമീഡിയ കൂട്ടായ്മ എന്നതിൽനിന്ന് സംഘടനാ രൂപത്തിലേക്ക്.സുപ്രീംകോടതിയുടെ ശബരിമല സ്ത്രീപ്രവേശന വിധിയെത്തുടർന്ന് ഉണ്ടായ കേരളം കണ്ട ഏറ്റവും വലിയ ഫാസിസ്റ്റ് അതിക്രമത്തെ വെല്ലുവിളിച്ചുകൊണ്ട് വിരലിലെണ്ണാവുന്ന ഏതാനും സ്ത്രീകളും അവരെ പിന്തുണയ്ക്കുന്നവരും ചേർന്ന് രൂപംകൊടുത്ത നവോത്ഥാനകേരളം സ്ത്രീപക്ഷ കൂട്ടായ്മ ശബരിമല സ്ത്രീപ്രവേശനം സാധ്യമാക്കുക എന്ന ഒറ്റലക്ഷ്യത്തിനപ്പുറം സ്ത്രീപക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്ന സംഘടനയായി രജിസ്റ്റർ ചെയ്തു.സ്ത്രീസംഘടനകളിൽ അധികവും എൻജിഒ കൾ ആണെന്നതിനാൽ അതിനപ്പുറം ഉശിരുള്ള പെണ്ണുങ്ങളുടെ ഒരു സ്വതന്ത്ര സ്ത്രീപക്ഷ രാഷ്ട്രീയ സംഘടന ആയിരിക്കും പുതിയസംഘടനയെന്ന് നവോത്ഥാനകേരളം സ്ത്രീപക്ഷ കൂട്ടായ്മ വക്താക്കളായ ബിന്ദു അമ്മിണി, ലിബി സി.എസ്, സീനUtk എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

കേരളത്തിലെ 14 ജില്ലകളിലും സംഘടനാ പ്രവർത്തനത്തിനായി സ്ത്രീകളെ കണ്ടെത്തുകയും ധാരാളം സ്ത്രീകൾ ഞങ്ങളോടൊപ്പം പ്രവർത്തിക്കാൻ സന്നദ്ധത അറിയിക്കുകയും ചെയ്തിട്ടുണ്ട്. അതിൻറെ ഭാഗമായി സംഘടനയുടെ പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കുന്നതിനും മെമ്പർഷിപ്പ് പ്രവർത്തനങ്ങൾ നടത്തുന്നതിനും കൺവെൻഷൻ വിളിക്കാനും ഒരു പൊതുപരിപാടി സംഘടിപ്പിച്ച് സംഘടനയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്താനും തീരുമാനിച്ചതായും സ്ത്രീകളെക്കൂടാതെ സപ്പോർട്ടേഴ്‌സായ സ്ത്രീപക്ഷ നിലപാടുള്ള പുരുഷന്മാർക്കും ഈ സംഘടനയോടൊപ്പം പ്രവർത്തിക്കാവുന്നതാണെന്നും നവോത്ഥാനകേരളം സ്ത്രീപക്ഷ കൂട്ടായ്മയുടെ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റിൽ പറയുന്നു.ഇങ്ങനെ ഒരുസംഘടന രൂപം കൊണ്ടെങ്കിലും സംഘടനയുടെ ഉദ്ദേശം ശബരിമല സ്ത്രീയപ്രവേശനം മാത്രമല്ല എന്നതിനാൽ അതിനായി രൂപം കൊണ്ട പ്പോൾ നിലവിലുള്ള ഫെയ്‌സ്‌ബുക്ക്‌ കൂട്ടായ്മ അങ്ങനെത്തന്നെ തുടരുമെന്നും അവർ വ്യക്തമാക്കി.

നവോത്ഥാനകേരളം സ്ത്രീപക്ഷ കൂട്ടായ്മയുടെ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റ്:

സുപ്രീംകോടതിയുടെ ശബരിമല സ്ത്രീപ്രവേശന വിധിയെത്തുടർന്ന് ഉണ്ടായ കേരളം കണ്ട ഏറ്റവും വലിയ ഫാസിസ്റ്റ് അതിക്രമത്തെ വെല്ലുവിളിച്ചുകൊണ്ട് വിരലിലെണ്ണാവുന്ന ഏതാനും സ്ത്രീകൾ നടത്തിയ മുന്നേറ്റങ്ങളുടെ തുടർച്ചയായി 2019 ജനുവരി 2 ന് രണ്ട് സ്‌ത്രീകൾ ശബരിമലയിൽ കാലു കുത്തിയതിന്റെ ആഘാതത്തിൽ പിറ്റേന്ന് നടന്ന ഹർത്താലും തുടർന്ന് പലയിടത്തും അരങ്ങേറിയ തെരുവ് യുദ്ധവും ചില കാര്യങ്ങൾ ചിന്തിക്കാൻ വക നൽകുകയുണ്ടായി. പല ഇടങ്ങളിലും സംഘപരിവാർ / സി പി എം പ്രകടനങ്ങൾ തമ്മിൽ ഏറ്റുമുട്ടലിലും കലാശിച്ചു.

സംഘിസം ഒരു ആശയമാണ്. അതിനെ പുശ്ചിച്ചു തള്ളിയാൽ തീരുന്നതല്ല അത്. ചില ആശയങ്ങളാണ് ആത്യന്തികമായി മനുഷ്യനെ സംഘടിതമാക്കുന്നത്. ഇവിടെയാകട്ടെ അത് ലിംഗനീതിയും ആചാര സംരക്ഷണവും എന്ന രണ്ട് തട്ടുകളിലാണ് സംഘടനകളെ നിർത്തിയിരിക്കുന്നത് എന്നേയുള്ളൂ. ഒരു വിഭാഗം മതാചാര സംരക്ഷണത്തിന് മുറവിളി കൂട്ടുമ്പോൾ മറു വിഭാഗം ഭരണഘടനയ്ക്കും മാനവികതയ്ക്കും ലിംഗനീതിയ്ക്കും വേണ്ടിയാണ് പടയൊരുക്കം നടത്തുന്നത്.

നമ്മളോട് യോജിക്കുന്നവരും വിയോജിക്കുന്നവരും നടത്തിയ അക്രമ രാഷ്‌ട്രീയ പേക്കൂത്ത് (അടിയും തിരിച്ചടിയും) പുരുഷാധികാര മൂല്യങ്ങളെ പൂർവ്വാധികം ഭംഗിയായി സമൂഹത്തിന് മുകളിൽ പ്രതിഷ്ഠിക്കുകയാണ് ചെയ്യുന്നത്. വാസ്‌തവത്തിൽ സ്‌ത്രീ ഈ ഭൂപടത്തിൽ അപ്പോഴും അപ്രസക്‌ത തന്നെ ആയിരുന്നു എന്ന് വാർത്തകൾ ഊട്ടിയൂട്ടി ഉറപ്പിക്കുകയാണ് ഇത്തരം ദൃശ്യങ്ങളിലൂടെ. അറിഞ്ഞോ അറിയാതെയോ ലിംഗനീതിയ്ക്ക് വേണ്ടിയുള്ള ഈ പ്രക്ഷോഭം ആണത്തത്തിന്റെ ആഘോഷമായി പരിണമിക്കുകയായിരുന്നു. ഇവിടെ ജയിച്ചത് രണ്ടുകൂട്ടരുടെയും പുരുഷാധികാര പ്രവണതകൾ തന്നെയാണ്.

ഇത്തരം സന്ദർഭങ്ങളിലാണ് സ്‌ത്രീപക്ഷ രാഷ്‌ട്രീയ ബദലിന്റെ പ്രസക്‌തി ഏറുന്നത്. ഈ ആണത്ത ഹുങ്കിനെ ചില സന്ദർഭങ്ങളിലെങ്കിലും അതേ ആക്രമണകരമായ ഹുങ്ക് കൊണ്ടു തന്നെ നേരിടേണ്ടതുണ്ട്. അങ്ങനെ നേരിടുകയും വിജയംവരിക്കുകയും ചെയ്തതിൻറെ വൈരാഗ്യക്കാർ ഒരുവശത്തും പെണ്ണിൻറെ അവകാശത്തിനുവേണ്ടി നിലകൊള്ളുന്ന ചില ആണുങ്ങളില്ലതെ തന്നേ നേടിയ വിജയമായിപ്പോയതിനാൽ അതിനെ ഹൈജാക്ക് ചെയ്യാൻ ലിംഗനീതിക്കായി തെരുവിലിറങ്ങിയ ചില പുരുഷുക്കളെയുമാണ് നാം കണ്ടതെന്ന് ഇവരുടെ പിൽക്കാല നിലപാടുകളിൽനിന്നും വെളിവാകുകയും ചെയ്തല്ലോ?

എന്നാൽ ഇവിടെ പെണ്ണിന് തുല്യ നീതി വേണം എന്ന് തെരുവിൽ വടിവാളുകൾ കൊണ്ട് തീർപ്പു കൽപ്പിക്കുന്നത് ആണുങ്ങൾ തന്നെയാവുന്നതിൽ ഒരു കറുത്ത ഹാസ്യമുണ്ട്. പെണ്ണത്തം ഹൈജാക്ക് ചെയ്യപ്പെടുകയാണ്. എന്ന തിരിച്ചറിവിൽ നിന്നാണ് ഈ കൂട്ടായ്മയിലെ ചില സ്ത്രീകൾ ചേർന്ന് ഇത്രയധികം സ്ത്രീസംഘടനകൾ ഉണ്ടായിട്ടും എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന ചർച്ചയുടെ അടിസ്ഥാനത്തിൽ സ്ത്രീസംഘടനകളിൽ അധികവും എൻജിഒ കൾ ആണെന്നതിനാൽ അതിനപ്പുറം ഉശിരുള്ള പെണ്ണുങ്ങളുടെ ഒരു സ്വതന്ത്ര സ്ത്രീപക്ഷ രാഷ്ട്രീയ സംഘടന രൂപീകരിക്കാനുമുള്ള തീരുമാനം എടുത്തത്.

കൂട്ടായ്മയുടെ കോർഗ്രൂപ്പിൽ നടന്ന ചർച്ചയുടെ അടിസ്ഥാനത്തിൽ ശബരിമല സ്ത്രീപ്രവേശനം സാധ്യമാക്കുക എന്ന ഒറ്റലക്ഷ്യത്തിനപ്പുറം ഈ എൻജിഒകൾക്കെതിരായ കൃത്യമായ സ്ത്രീപക്ഷ രാഷ്ട്രീയ നിലപാടുള്ള ഒരു പ്രസ്ഥാനം കെട്ടിപ്പെടുക്കാനും സംഘടനയുടെ പരിപാടിയും ഭരണഘടനയും ഉണ്ടാക്കുന്നതിനും അതിനെ ഔദ്യോഗികമായി രെജിസ്റ്റർ ചെയ്യുന്നതിനും അഡ്വ. ബിന്ദു അമ്മിണി, ലിബി.സിഎസ്, സീന യു.ടി.കെ എന്നിവരെ ചുമതലപ്പെടുത്തിയതനുസരിച്ച് അവർ ഇപ്പറഞ്ഞകാര്യങ്ങളെല്ലാം നിർവഹിക്കുകയും സംഘടന ഔദ്യോഗികമായി രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്.

സംഘടനാ രൂപീകരണവുമായി ബന്ധപ്പെട്ട് ബിന്ദു അമ്മിണി, ലിബി.സിഎസ്, സീന യു.ടി.കെ എന്നിവർ കേരളത്തിലെ 14 ജില്ലകളിലും സംഘടനാ പ്രവർത്തനത്തിനായി സ്ത്രീകളെ കണ്ടെത്തുകയും ധാരാളം സ്ത്രീകൾ നമ്മളോടൊപ്പം പ്രവർത്തിക്കാൻ സന്നദ്ധത അറിയിക്കുകയും ചെയ്തിട്ടുണ്ട്. അതിൻറെ ഭാഗമായി സംഘടനയുടെ പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കുന്നതിനും മെമ്പർഷിപ്പ് പ്രവർത്തനങ്ങൾ നടത്തുന്നതിനും കൺവെൻഷൻ വിളിക്കാനും ഒരു പൊതുപരിപാടി സംഘടിപ്പിച്ച് സംഘടനയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്താനും തീരുമാനിച്ചിട്ടുണ്ട്. സ്ത്രീകളെക്കൂടാതെ സപ്പോർട്ടേഴ്‌സായ സ്ത്രീപക്ഷ നിലപാടുള്ള പുരുഷന്മാർക്കും ട്രാൻസ്‌ജെന്റേഴ്സിനും ഈ സംഘടനയോടൊപ്പം പ്രവർത്തിക്കാവുന്നതാണ്.

ഇങ്ങനെ ഒരുസംഘടന രൂപം കൊണ്ടെങ്കിലും സംഘടനയുടെ ഉദ്ദേശം ശബരിമല സ്ത്രീയപ്രവേശനം മാത്രമല്ല എന്നതിനാൽ അതിനായി രൂപം കൊണ്ട ഈ ഫെയ്‌സ്‌ബുക്ക്‌ കൂട്ടായ്മ അങ്ങനെത്തന്നെ തുടരും. എല്ലാ ജനാധിപത്യ വാദികളുടെയും സ്ത്രീപക്ഷനിലപാടുള്ളവരുടെയും പിന്തുണയും സഹകരണവും തുടർന്നും പ്രതീക്ഷിക്കുന്നു.

നവോത്ഥാന കേരളം സ്ത്രീപക്ഷ കൂട്ടായ്മ.