എൻജിഒ ഭീകരത – ശബരിമലമുതൽ മരട് വരെ… നാം മുന്നോട്ട്!

ലിബി. സി.എസ്

പ്രൊഫസർ എംഎൻവിജയൻമാഷ് വർഷങ്ങൾക്കുമുമ്പേ ഇടതടവില്ലാതെ പറഞ്ഞുകൊണ്ടിരുന്നതും അവസാനം അദ്ദേഹത്തിൻറെ മരണംപോലും ഒരുവലിയ ജനകീയ ശാസ്ത്ര പ്രസ്ഥാനത്തെ എൻജിഒ വൽക്കരികപ്പെടുന്നു എന്ന ഉദ്ഘണ്ടയുമായി സമരം ചെയ്തുകൊണ്ടായിരുന്നുവല്ലോ? എന്നാൽ നവോത്ഥാനകേരളം പുനരുത്ഥാന കേരളമായതുപോലെ എത്ര പെട്ടന്നാണ്‌ കേരളത്തിലെ സമസ്ത മേഖലകളിലുമുള്ള പ്രസ്ഥാനങ്ങളെയും ഈ എൻജിഒ കൾ കൈപ്പിടിയിൽ ഒതുക്കിക്കഴിഞ്ഞിരിക്കുന്നത് എന്നും അതിൻറെ റിട്ടേൺ ആണ് നാം കണ്ടുകൊണ്ടിരിക്കുന്നത് എന്നും അതുകണ്ട് പ്രതികരണ ശേഷിയില്ലാതായിരിക്കുന്നതിനും ഒരു പരിധിവരെ കാരണമെന്നും തിരിച്ചറിയേണ്ടതുണ്ട്.

ആഗോളീകരണത്തിൻറെ കാലത്താണ് എൻജിഒകൾ സമസ്തമേഖലകളിലും ഉള്ള പ്രസ്ഥാനങ്ങളും കൈപ്പിടിയിൽ ഒതുക്കുകയും സാധ്യമാകാത്ത ഇടങ്ങളിൽ പുതിയ സംഘാടനങ്ങൾ നടത്തുകയും ചെയ്തത്. സാമൂഹ്യ വിപ്ലവത്തെ ‘ പ്രഷർകുക്കറിന്റെ സേഫ്റ്റി വാൽവ് പോലെ പ്രവർത്തിച്ച് വലിയ പൊട്ടിത്തെറിയിൽനിന്നു തടഞ്ഞുകൊണ്ട് ഈ വ്യവസ്ഥിതിയെ ഇങ്ങനെത്തന്നെ നിലനിർത്താനും മൂലധനത്തിന്റെ സുഗമമായ ഒഴുക്കിന് വേണ്ട സാഹചര്യം ഉണ്ടാക്കലാണ് എൻജിഒ കളുടെ ഡ്യൂട്ടി എന്നാണ് വിജയൻമാഷ് എപ്പോഴും പറയുമായിരുന്നത്.

ഈ അടുത്തകാലത്ത് കേരളത്തിൽ ഉണ്ടായിട്ടുള്ള സംഭവങ്ങളും അവയോടെല്ലാം ഈ എൻജിഒ സംഘടനകൾ സ്വീകരിച്ച നിലപാടുകളും നിരീക്ഷിച്ചാൽ ഇത് നമുക്ക് വ്യക്തമാകും.ദളിത് എൻജിഒകൾ. ഫെമിനിസ്റ്റ് എൻജിഒകൾ, പാരിസ്‌തീതിക എൻജിഒകൾ,മത -ആൾ ദൈവ എൻജിഒകൾ, ശാസ്ത്ര-യുക്തിവാദ എൻജിഒകൾ, ട്രാൻസ്ജെന്റേഴ്സിനിടയിൽ പ്രവർത്തിക്കുന്ന എൻജിഒകൾ, മൃഗ അവകാശ എൻജിഒ കൾ, ജീവകാരുണ്യ- നന്മമരം എൻജിഒകൾ എന്നിവയെയെല്ലാം അടുത്തകാലത്ത് നടന്നിട്ടുള്ള സാമൂഹ്യവിഷയങ്ങൾ മാത്രമെടുത്ത് പരിശോധിച്ചാൽ ഏതുവിഷയത്തിലും എന്തൊക്കെ അഭിപ്രായങ്ങൾ പറഞ്ഞാലും ഇവയെല്ലാം സ്വീകരിച്ചിട്ടുള്ള നിലപാടുകൾ ഒന്നാണെന്നുകാണാം.

ഉദാഹരണത്തിന് ശബരിമല സ്ത്രീപ്രവേശനവിഷയം മുതൽ മരട് ഫ്ലാറ്റ് വിഷയത്തിൽ വരെ ഈ എൻജിഒകളെല്ലാം ആർക്കുവേണ്ടിയുള്ള നിലപാടുകളാണ് സ്വീകരിച്ചത് എന്ന് പരിശോധിച്ച് നോക്കുക!

ശബരിമലവിഷയത്തിൽ തന്നെ സംഘിപ്പേടി പൊതുസമൂഹത്തെ ബാധിച്ചിട്ടുണ്ടെങ്കിലും കേരളത്തിലെ സ്ത്രീകൾക്കിടയിലോ ദലിതർക്കിടയിലോ മുഴുവൻ ആളുകളും ഭീരുക്കളായതുകൊണ്ടോ ധൈര്യമില്ലാത്തതുകൊണ്ടോ ആണ് അവരുടെ സംഘടനകൾ ആവിഷയത്തിൽ കാര്യത്തോടടുക്കുമ്പോൾ ഇരട്ടത്താപ്പ് കാണിക്കുന്നതെന്ന് ഞാൻ കരുതുന്നില്ല. കേരളം കണ്ട ഏറ്റവും വലിയ ഫാസിസ്റ്റ് വെല്ലുവിളി ഏറ്റെടുത്ത് ശബരിമല കയറിയവരിൽ ബിന്ദു അമ്മിണിയും മഞ്ജുവും അവർ വ്യക്തിപരമായി എടുത്ത തീരുമാനം ആണെങ്കിലും ദളിത് വിഭാഗത്തിൽ പെട്ടവരായിരുന്നു. പോകാൻ ശ്രമിച്ചച്ചവരിൽ അമ്മിണി. കെ. വയനാടും , ബിന്ദുതങ്കം കല്യാണിയും ദളിത് വിഭാഗത്തിൽപെട്ടവരായിരുന്നു. മൊത്തം സ്ത്രീകളെ എടുത്തുനോക്കിയാലും അവരിൽ കനക ദുർഗ്ഗ സവർണ്ണ വിഭാഗത്തിൽപ്പെട്ട സ്ത്രീയും ബാക്കിയുള്ള സ്ത്രീകളെല്ലാം ഒബിസി വിഭാഗത്തിൽപ്പെട്ടവരും ആയിരുന്നു.അതായത് സവർണ്ണർ മുതൽ എസ് സി മാത്രമല്ല ട്രൈബസിൻറെ വരെ പ്രതിനിധ്യമുണ്ടായിരുന്നു. എന്നിട്ടും ലിംഗനീതിക്കും സർവോപരി ശബരിമല സ്ത്രീപ്രവേശനത്തിനും വേണ്ടി വാദിക്കുന്ന സ്ത്രീ സംഘടനകൾ എല്ലാം കാര്യത്തോടടുത്തപ്പോൾ മുങ്ങിക്കളഞ്ഞത് ഭയംകൊണ്ട് മാത്രമല്ല. അവയിൽ അധികവും ദളിത് സംഘടനകളും ഫെമിനിസ്റ്റ് സംഘടനകളും എൻജിഒ കൾ ആയിരുന്നു എന്നതുകൊണ്ടാണ് എന്നാണ് ഞാൻ കരുതുന്നത്. കഴിഞ്ഞ തലമുറയിലെ രാഷ്ട്രീയബോധമുള്ള ചില ഫെമിനിസ്റ്റുകൾ ഉണ്ടെങ്കിലും അവരെല്ലാം ഈ വിലക്കപ്പെട്ട പ്രായപരിധി കഴിഞ്ഞവരുമാണ്.ബാക്കി സംഘടനകളെയെല്ലാം എടുത്തുപരിശോധിച്ചാൽ അവയെല്ലാം എൻജിഒകളാണ്.

ഇത് തന്നെയാണ് മരട് ഫ്ലാറ്റ് വിഷയത്തിലെ പാരിസ്ഥിതിക എൻജിഒകളുടെ നിലപാടുകൾ പരിശോധിച്ചാലും, ട്രാൻസ്‌ജെന്റേഴ്സിനിടയിൽ പ്രവർത്തിക്കുന്ന എൻജിഒകളുടെ കാര്യത്തിലും നന്മമരങ്ങൾ മോഹനൻ വൈദ്യരുടെ പ്രമോഷൻ ഏറ്റെടുക്കുന്നതിലും സർക്കാർ ആശുപത്രിയിൽ ചികിത്സയുള്ള കാര്യങ്ങൾക്കുപോലും പ്രൈവറ്റ് ഹോസ്പിറ്റലുകൾ ശുപാർശ ചെയ്തു പിരിവ് നടത്തുകയും അതെല്ലാം ഇതുപോലുള്ള നന്മമരങ്ങൾ ചെയ്യേണ്ടകര്യങ്ങളാണ് ആരോഗ്യവകുപ്പിന്റെ ഡ്യൂട്ടിയല്ല എന്ന് ജനങ്ങളെ ധരിപ്പിച്ചുകൊണ്ടിരിക്കുന്നതിന് പിന്നിലും. യുക്തിവാദികളുടെ മരുന്ന് വളം കീടനാശിനി കമ്പനികളുടെ പ്രമോഷനുപിന്നിലും, മൃഗാവകാശ സംഘടനകൾ നടത്തുന്ന വെറ്റിനറി മരുന്നുകമ്പനികൾക്ക് വേണ്ടിയുള്ള മൃഗസ്നേഹ പ്രവർത്തനങ്ങളും ഫലത്തിൽ മൃഗങ്ങളെ സംരക്ഷിക്കാൻ ഒരു ഡിപ്പാർട്ട്മെന്റും മന്ത്രിയും ആയിരക്കണക്കിന് ജീവനക്കാരും മൃഗ ആശുപത്രിയും മൃഗഡോക്ടർമാരും എല്ലാമുണ്ടെങ്കിലും ഇതെല്ലാം തങ്ങളാണ് ചെയ്യേണ്ടത് എന്നതരത്തിലും ഇടപെട്ടുകൊണ്ടിരിക്കുന്നത് എന്നാൽ ഇതു തങ്ങളുടെ ഡ്യൂട്ടിയല്ല , ഇത് ചെയ്യാത്തവരെക്കൊണ്ട് ചെയ്യിപ്പിക്കലാണ് തങ്ങളുടെ ഡ്യൂട്ടി എന്ന യാഥാർഥ്യം ബോധ്യപ്പെടുത്തി ഒരുസമരത്തിനും ഇവരാരും സന്നദ്ധരാവില്ല.

ദളിത് സംഘടനകളും ഏതാണ്ട് ഇതുപോലെ തന്നെയാണ്. അധികവും എൻജിഒ സംഘടനകളാണ്. ഗാന്ധിജിയുടെ ട്രസ്റ്റി ഷിപ്പിനെ ഏറ്റവുമധികം പരിഹസിക്കുകയും വിമർശിക്കുകയും ചെയ്ത ഡോ.അംബേദ്കറുടെ പേരിലാണ് ഇന്ന് ഏറ്റവുമധികം ചാരിറ്റബിൾ ട്രസ്റ്റുകൾ ഉള്ളതെന്ന് തോന്നുന്നു.

അതുകൊണ്ടുതന്നെയാണ് നവോത്ഥാനകേരളം സ്ത്രീപക്ഷ കൂട്ടായ്മ ശബരിമല സ്ത്രീപ്രവേശനം സാധ്യമാക്കുക എന്ന ഒറ്റലക്ഷ്യത്തിനപ്പുറം ഈ എൻജിഒകൾക്കെതിരായ കൃത്യമായ സ്ത്രീപക്ഷ രാഷ്ട്രീയ നിലപാടുള്ള ഒരു പ്രസ്ഥാനമായി മാറേണ്ടതുണ്ടെന്ന് തീരുമാനിതും അതിന്റെ അടിസ്ഥാനത്തിൽ ഒരു സ്ത്രീപക്ഷ രാഷ്ട്രീയ സംഘടനയായി രെജിസ്റ്റർ ചെയ്യാൻ തീരുമാനിച്ചതും. അതും നാളെ എങ്ങനെയാകും എന്നൊന്നും ഉറപ്പില്ല. എങ്കിലും ഈ പണമുതലാളിത്തത്തിന്റെ ധനകാര്യാധിനിവേശത്തോടൊപ്പം നാം പോലുമറിയാതെ സംഭവിക്കുന്ന സാംസ്‌കാരിക അധിനിവേശം ഈ എൻജിഒ സംസ്കാരത്തിലേക്ക് എൻജിഒ സംഘടനകൾ അല്ലാത്ത പ്രസ്ഥാനങ്ങളെപ്പോലും മാറ്റിത്തീർക്കുമ്പോൾ ഇതും നാളെ അങ്ങനെ ആയിത്തീരാതിരിക്കാൻ പരമാവധി ജാഗരൂകരായിരിക്കാൻ മാത്രമേ കഴിയൂ . ഞങ്ങളുടെ കൂട്ടായ്മയുടെ കാര്യത്തിൽമാത്രമല്ല ഏത് സംഘടനയുടെ കാര്യത്തിലും ഇതാണ് സ്ഥിതി.

ഏത് വ്യവസ്ഥിതിയും നിലനിർത്തുന്നത് അതിനനുകൂലമായ കൾട്ട് സൃഷ്ടിച്ചുകൊണ്ടാണ് അതിനാണ് നമുക്കൊരു കൾച്ചറൽ ഡിപ്പാർട്ട്മെന്റ് പോലും ഉള്ളത്. ഭരണകൂടവവും ധനമുതലാളിത്തവും ഈ വ്യവസ്ഥിതി ഇങ്ങനെതന്നെ നിലനിർത്താനുള്ള സാംസ്‌കാരിക വിനിമയങ്ങളും വിതരണങ്ങളുമാണ് നടത്തുക. അതിനെതിരെയുള്ള ബദൽ സാംസ്‌കാരിക ഇടപെടലുകൾ ശക്തമാക്കേണ്ടതുണ്ട്.