പാലാരിവട്ടം പഞ്ചവടിപ്പാലം: ഇബ്‌റാഹിം കുഞ്ഞിന്റെ അറസ്റ്റ് ഉടൻ

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ പൊതുമരാമത്ത് വകുപ്പ് മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ രണ്ടു ദിവസത്തിനുള്ളില്‍ അറസ്റ്റ് ചെയ്‌തേക്കും. അദ്ദേഹത്തെ വീണ്ടും ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. കേസിലെ പ്രതിയും മുന്‍ പൊതുമരാമത്ത് സെക്രട്ടറിയുമായ ടി ഒ സൂരജിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘം മന്ത്രിയെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്. ഇബ്‌റാഹിം കുഞ്ഞിനെതിരെ ശക്തമായ തെളിവുകളുണ്ടെന്നാണ് വിജിലന്‍സ് പറയുന്നത്.

അതിനിടെ, കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ടി ഒ സൂരജ് അടക്കമുള്ള പ്രതികളുടെ ജുഡീഷ്യല്‍ റിമാന്‍ഡ് അടുത്തമാസം മൂന്ന് വരെ നീട്ടി. വിജിലന്‍സ് കോടതിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. പ്രതികളുടെ ജാമ്യാപേക്ഷ നിലവില്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. അഴിമതിയില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ കുറ്റപ്പെടുത്തി സൂരജ് കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ സത്യവാങ് മൂലം നല്‍കിയിരുന്നു.