ബലാത്സംഗക്കേസിൽ ബി ജെ പി നേതാവ് ചിന്മയാനന്ദ് അറസ്റ്റില്‍

ബലാത്സംഗക്കേസില്‍ ബി ജെ പി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ സ്വാമി ചിന്മയാനന്ദ് അറസ്റ്റില്‍. തന്നെ ബലാത്സംഗത്തിന് ഇരയാക്കിയതായി ആരോപിച്ച് നിയമ വിദ്യാര്‍ഥി നല്‍കിയ പരാതിയില്‍ യു പി പോലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിനു ശേഷം ചിന്മയാനന്ദിനെ വൈദ്യപരിശോധനക്ക് വിധേയനാക്കി. ശാരീരികാസ്വസ്ഥതകളുണ്ടെന്ന് പറഞ്ഞ് 72കാരനായ ചിന്മയാനന്ദ് വ്യാഴാഴ്ച ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

ഷാജഹാന്‍പൂരില്‍ കോളജ് നടത്തുന്ന ചിന്മയാനന്ദ തന്നെ ഒരു വര്‍ഷം മുമ്പ് പീഡിപ്പിച്ചതായും സ്ഥാപനത്തിലെ നിരവധി വിദ്യാര്‍ഥിനികളെ നശിപ്പിച്ചതായും ആരോപിച്ച് പീഡനത്തിന് ഇരയായ പെണ്‍കുട്ടി സാമൂഹിക മാധ്യമത്തില്‍ കുറിപ്പും വീഡിയോയും പോസ്റ്റ് ചെയ്യുകയായിരുന്നു. ചിന്മയാനന്ദയുടെ കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു പെണ്‍കുട്ടി. വീഡിയോ വൈറല്‍ ആയതോടെ ചിന്മയാനന്ദിനെതിരെ പോലീസ് കേസെടുത്തു. പിന്നീട്, തന്റെ പരാതിയെ സാധൂകരിക്കുന്ന തെളിവുകളടങ്ങിയ 43 വീഡിയോകള്‍ അടങ്ങിയ പെന്‍ ഡ്രൈവ് പെണ്‍കുട്ടി കഴിഞ്ഞ ദിവസം അന്വേഷണ സംഘത്തിന് കൈമാറുകയും ചെയ്തിരുന്നു.

മസാജ് ചെയ്യിക്കാന്‍ വേണ്ടി കോളേജില്‍ നിന്നും സ്വാമി ചിന്മയാനന്ദ് പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിക്കാറുണ്ടായിരുന്നെന്നും അപ്പോള്‍ കണ്ണാടിയില്‍ ക്യാമറ പിടിപ്പിച്ചാണ് ദൃശ്യങ്ങള്‍ ചിത്രീകരിച്ചതെന്നും പെണ്‍കുട്ടി ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.

ചിന്മയാനന്ദിനെതിരെ നേരത്തെ ആരോപണം ഉന്നയിച്ചതിന് പിന്നാലെ യു.പിയിലെ ഷാജഹാന്‍പൂരില്‍നിന്നും കാണാതാവുകയും പിന്നീട് രാജസ്ഥാനില്‍നിന്ന് പോലീസ് കണ്ടെത്തുകയും ചെയ്തത്. സമൂഹ മാധ്യമത്തിലൂടെ ആരോപണം ഉന്നയിച്ച പെണ്‍കുട്ടി പ്രധാനമന്ത്രിനരേന്ദ്രമോഡിയോടും യു.പി മന്ത്രി യോഗ് ആദിത്യനാഥിനോടും സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു.