സെപ്തംബർ 20: ഇന്ത്യൻജനതയുടെ സ്വാതന്ത്ര്യത്തിനായി ബ്രിട്ടനോടു പൊരുതിയ ബ്രിട്ടീഷ് വനിതയുടെ ഓർമ്മദിനം

സുരേഷ്. സി.ആർ.

ഇന്ത്യയെ മാതൃഭൂമിയായി സ്വീകരിച്ച് നാല്പത് വർഷത്തോളം ഇന്ത്യയിൽ ജീവിച്ച് ഇന്ത്യയുടെ സാമൂഹികവും സാംസ്കാരികവുമായ നവോത്ഥാനത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടിയ ഇംഗ്ലീഷ് വനിതയാണ് ആനി ബസന്റ്. (1847 – 1933).

ഇന്ത്യയും ബ്രിട്ടനും തമ്മിൽ ഹൃദയങ്ങളുടെ ഐക്യമായി നിലകൊള്ളാൻ ആഗ്രഹിച്ച ആനിയെ സത്യത്തിന്റെയും ധീരതയുടെയും ആത്മാർത്ഥതയുടെയും മൂർത്തീകരണമായാണ് സമകാലീകർ വാഴ്ത്തിയിട്ടുള്ളത്.

ബ്രിട്ടനിൽ നിന്നും അയർലണ്ടിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയ ആനി ബസന്റ് സ്വതന്ത്ര ചിന്താസമിതിയുടെ പ്രചാരകയായിരുന്നു. പ്രശസ്ത യുക്തിവാദിയും പരിഷ്കൃതാശയനുമായ ചാൾസ് ബ്രാഡ്ലയുമായുള്ള സമ്പർക്കമാണ് ആനിയെ ഏറെ സ്വാധീനിച്ചത്. 1875-ൽ സ്ഥാപിച്ച തിയോസഫിക്കൽ സൊസൈറ്റിയുടെ അംഗമായും സ്ഥാപക പ്രസിഡന്റ് കേണൽ ഓൾക്കട്ടിന്റെ മരണശേഷം ജീവിതാവസാനംവരെ അതിന്റെ പ്രസിഡന്റുമായി.

1893-ൽ ഇന്ത്യയിലെത്തിയ ആനി രാജ്യം മുഴുവൻ സഞ്ചരിച്ച് ഇവിടുത്തെ അന്ധവിശ്വാസങ്ങളും അടിമത്തവും നേരിട്ടു കണ്ടു. പ്രാചീന സംസ്കാര ധാരകളെ വിസ്മരിക്കാത്തതും നവീനശാസ്ത്രങ്ങളുടെ ഗുണങ്ങൾ ഉൾക്കൊള്ളുന്നതുമായ ദേശീയ വിദ്യാഭ്യാസ സമ്പ്രദായമാണ് ഇന്ത്യക്കു വേണ്ടതെന്ന് ഉദ്ബോധിപ്പിച്ചു.

1898-ൽ മദൻമോഹൻ മാളവ്യ, ബാബു ഭഗവൻദാസ് എന്നിവരുടെ സഹായത്തോടെ ആനിയുടെ നേതൃത്വത്തിലുണ്ടായ ബനാറസിലെ സെൻട്രൽ ഹിന്ദു കോളേജും സ്കൂളും, മദനപ്പള്ളി സ്കൂളും ഇങ്ങനെയുണ്ടായ ദേശീയ വിദ്യാലയങ്ങളാണ്‌. ആനിയാണ് ഈ വിദ്യാലയങ്ങളിൽ ഇന്ത്യയിൽ വിദ്യാർത്ഥികൾക്കിടയിൽ ആദ്യമായി സ്കൗട്ട് പ്രസ്ഥാനം ആരംഭിച്ചത്.

ആദ്യത്തെ അഖിലേന്ത്യാ വനിതാ സംഘടനയായ ‘വിമൻസ് ഇന്ത്യ അസോസിയേഷൻ’ ഉണ്ടാക്കിയതും, 1917-ൽ കൊൽക്കത്തയിൽ നടന്ന സമ്മേളനത്തിൽ ഇന്ത്യൻ നാഷ്ണൽ കോൺഗ്രസിന്റെ ആദ്യ വനിതാ അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടതും ആനിബസന്റാണ്.

ഇന്ത്യൻ സ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുന്നതിനായി ബ്രിട്ടീഷ്‌ പാർലമെന്റംഗങ്ങളെ ചേർത്ത് 1914-ൽ ഒരു കമ്മിറ്റി ഉണ്ടാക്കുകയും അതിന്റെ ആഭിമുഖ്യത്തിൽ ‘ഇന്ത്യ’ എന്നൊരു പത്രികയും ആരംഭിച്ചു. സ്വാതന്ത്ര്യത്തിനും സംരക്ഷണത്തിനു വേണ്ടി 1913-ൽ ആനി തയ്യാറാക്കിയ പദ്ധതിയുടെ കരട് രേഖ വിശദീകരിച്ചു കൊണ്ട് എഴുതിയ ലേഖനങ്ങളാണ് ‘വേക്കപ്പ് ഇന്ത്യ’ എന്ന ഗ്രന്ഥം.

”ബ്രിട്ടന്റെ വിഷമാവസ്ഥയാണ് ഇന്ത്യയുടെ അവകാശവാദത്തിനാനുള്ള ശരിയായ അവസരം” എന്നു വാദിച്ച ആനി 1916 – ൽ സ്വയംഭരണത്തിനു വേണ്ടി പോരാടാൻ ‘ഹോം റൂൾ’ പ്രസ്ഥാനം ആരംഭിച്ചു. ഇതിനെ തുടർന്ന് അറസ്റ്റിലായ അവർ ജനരോഷം മൂലം ബ്രിട്ടന് മോചിപ്പിക്കേണ്ടി വന്നു.

1907-നു ശേഷം മിതവാദികളും തീവ്രവാദികളും ഹൈന്ദവ-മുസ്ലീം നേതാക്കളും ഒന്നിച്ച് ലക്നൗ കോൺഗ്രസ് സമ്മേളനത്തിലെ (1916) ഐക്യത്തിന്റെ പിന്നണി പ്രവർത്തകരിൽ പ്രധാനി ആനിബസന്റായിരുന്നു.

1919-ലെ ജാലിയൻവാലാബാഗ് കൂട്ടക്കൊലക്കു ശേഷം ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന കോടതികളും വിദ്യാലയങ്ങളും അസംബ്ലികളും ബഹിഷ്കരിച്ച നിസ്സഹകരണ സമരമുറകളോട് അനി എതിരായിരുന്നു. തുടർന്ന് സജീവ രാഷ്ട്രീയത്തിൽ നിന്നും അവർ പിന്മാറി.