ആലപ്പുഴയിൽ ബൈക്കിൽ കറങ്ങിനടന്ന് മാലപറിക്കുന്ന മൂന്നംഗ സംഘം പിടിയില്‍

സംസ്ഥാനത്തിൻറെ വിവിധജില്ലകളിൽ നാടന്‍വേഷത്തില്‍ ബൈക്കില്‍ കറങ്ങിനടന്ന്‌ മാല മോഷ്‌ടിക്കുന്ന മൂന്നുപേര്‍ ആലപ്പുഴയിൽ അറസ്‌റ്റില്‍. ആറു ജില്ലകളിലായി 200 ഓളം കേസുകളുള്ള പ്രതികള്‍ മൂന്നുവര്‍ഷംകൊണ്ട്‌ അപഹരിച്ചത്‌ ഒരു കിലോയിലധികം സ്വര്‍ണം. കോട്ടയം പൂഞ്ഞാര്‍ കീരിയാനിക്കല്‍ കെ.എസ്‌. സുനില്‍ (കീരി സുനി-41), ഭരണങ്ങാനം ചൂണ്ടാശേരി വരിക്കപൊതിയില്‍ വി.ടി.അഭിലാഷ്‌ (41), പൂഞ്ഞാര്‍ വടക്കേല്‍ രമേശന്‍ (അലുവ കണ്ണന്‍-33) എന്നിവരാണ്‌ അറസ്‌റ്റിലായത്‌.

എറണാകുളം റൂറല്‍, എറണാകുളം സിറ്റി, തൃശൂര്‍ സിറ്റി, തൃശൂര്‍ റൂറല്‍, പാലക്കാട്‌, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച്‌ പകല്‍സമയത്ത്‌ ബൈക്കുകളില്‍ കറങ്ങിനടന്നാണ്‌ പ്രതികള്‍ മാലപൊട്ടിച്ചെടുത്തിരുന്നത്‌. സംസ്‌ഥാന പോലീസ്‌ മേധാവിയുടെ പ്രത്യേക നിര്‍ദേശ പ്രകാരം ആലപ്പുഴ ജില്ലാ പോലീസ്‌ മേധാവി കെ.എം. ടോമിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമായ ഓപ്പറേഷന്‍ മുണ്ടന്‍സ്‌ ഹണ്ട്‌ രൂപീകരിച്ച്‌ എട്ടു മാസമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ്‌ പ്രതികള്‍ പിടിയിലായത്‌.

പ്രതികളെ ചോദ്യംചെയ്‌തതില്‍നിന്നും ആലപ്പുഴ ജില്ലയിലെ 32 കേസുകള്‍ തെളിഞ്ഞിട്ടുണ്ട്‌. കൂടാതെ പാലക്കാട്‌, തൃശൂര്‍, കോട്ടയം, പത്തനംതിട്ട, എറണാകുളം സിറ്റി, എറണാകുളം റൂറല്‍ എന്നിവിടങ്ങളിലും സംസ്‌ഥാനത്തിനു പുറത്തും കേസുകളുള്ളതായി തെളിഞ്ഞിട്ടുണ്ട്‌. പ്രതികള്‍ മാലപൊട്ടിക്കുന്നതിന്‌ ഉന്നമിടുന്നത്‌ പ്രായമുള്ളതും ആരോഗ്യം കുറഞ്ഞ തുമായ സ്‌ത്രീകളെയാണ്‌.

കാര്യങ്ങള്‍ സംസാരിച്ചും പരിചയം നടിച്ചും അടുത്തുകൂടി മാലപൊട്ടിക്കുന്ന ഇവരുടെ പ്രധാന ഇരകള്‍ വയോധികരാകയാല്‍ മോഷ്‌ടാക്കള്‍ ഏതു തരത്തിലുള്ള വാഹനത്തിലാണ്‌ എത്തിയതെന്നോ വാഹനത്തിന്റെ നമ്പരോ ഓര്‍ത്തിരിക്കില്ലെന്നതും അതിലുപരി ഇവര്‍ പ്രതിരോധിക്കാന്‍ സാധ്യതയില്ലെന്നതുമാണ്‌ ഈ രീതി അവലംബിക്കുന്നതിനു പ്രധാന കാരണമെന്നാണ്‌ പോലീസ്‌ പറയുന്നത്‌. ആറു ജില്ലകളിലായി 200 ഓളം കേസുകളില്‍ ഇവര്‍ പ്രതികളാണെന്നു സംശയിക്കുന്നുണ്ടെങ്കിലും 60ഓളം കേസുകള്‍ക്കേ തുമ്പുണ്ടാക്കാന്‍ പോലീസിനായിട്ടുള്ളു. പ്രതികളെ ഇന്നലെ കോടതി റിമാന്‍ഡ്‌ ചെയ്‌തു.

കൂടുതല്‍ കേസുകള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനും മോഷണംചെയ്‌ത സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുക്കു ന്നതിനുമായി പ്രതികളെ കസ്‌റ്റഡിയില്‍ വാങ്ങുമെന്ന്‌ പോലീസ്‌ അറിയിച്ചു.