പാലാ ഉപ തിരഞ്ഞെടുപ്പ്: ശനിയാഴ്ച ശ്രീനാരായണ ഗുരു സമാധി ദിനമായതിനാല്‍ പരസ്യ പ്രചാരണത്തിന് ഇന്ന് സമാപനം

പാലാ ഉപ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം. ശനിയാഴ്ച വരെയാണ് പരസ്യ പ്രചാരണത്തിന് ഇലക്ഷൻ കമ്മീഷൻ സമയം അനുവദിച്ചിരുന്നത്. എന്നാല്‍, ശനിയാഴ്ച ശ്രീനാരായണ ഗുരു സമാധി ദിനമായതിനാല്‍ പ്രചാരണം ഇന്ന് അവസാനിപ്പിക്കാന്‍ എല്ലാ മുന്നണികളും തീരുമാനിക്കുകയായിരുന്നു.

യു ഡി എഫ് സ്ഥാനാര്‍ഥി അഡ്വ. ജോസ് കെ ടോമിന്റെ പരസ്യ പ്രചാരണ സമാപനം വൈകീട്ട് മൂന്നിന് പാലാ കുരിശുപള്ളി കവലയില്‍ നടക്കുമെന്ന് മുന്നണിയുടെ കോട്ടയം ജില്ലാ ചെയര്‍മാന്‍ സണ്ണി തെക്കേടം അറിയിച്ചു.

ഇടതുമുന്നണി സാരഥി മാണി സി കാപ്പന്റെ പ്രചാരണ സമാപനം പാലാ നഗരത്തില്‍ സംഘടിപ്പിക്കുന്ന റോഡ് ഷോ, വൈകീട്ട് നാലിന് പുഴക്കര മൈതാനത്ത് നടക്കുന്ന പൊതു സമ്മേളനം എന്നിവയോടെയാകും. പൊതു സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും.

എന്‍ ഡി എ സ്ഥാനാര്‍ഥി എന്‍ ഹരിയുടെ പ്രചാരണ പരിപാടിയുടെ കൊട്ടിക്കലാശം പാലാ കടപ്പാട്ടൂര്‍ ജംഗ്ഷനില്‍ നിന്നുള്ള റാലിയോടെ ആരംഭിച്ച് താലൂക്ക് ആശുപത്രിക്കു സമീപം സമാപിക്കും. പരിപാടിയില്‍ കേന്ദ്ര മന്ത്രിമാര്‍ സംബന്ധിക്കും.