മുന്‍ ഹൈക്കോടതി ജഡ്ജി മരുമകളെ പീഡിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

മുന്‍ ഹൈക്കോടതി ജഡ്ജി മരുമകളെ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഗാര്‍ഹിക പീഡനത്തിന് ഇരയാക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. മദ്രാസ് ഹൈക്കോടതി മുന്‍ ജഡ്ജി നൂതി രാമമോഹന റാവു, സ്ത്രീയുടെ ഭര്‍ത്താവ് നൂതി വസിഷ്ട, ഭര്‍തൃ മാതാവ് നൂതി ദുര്‍ഗ ജയലക്ഷ്മി എന്നിവര്‍ ചേര്‍ന്ന് മര്‍ദിക്കുന്ന ദൃശ്യങ്ങളാണ് മരുമകള്‍ സിന്ധു ശര്‍മ പുറത്തുവിട്ടത്. ഭര്‍തൃപിതാവും മാതാവും മകനും ചേര്‍ന്ന് തന്നെ നിരന്തരം പീഡിപ്പിക്കുന്നതായി കാണിച്ച് 30കാരിയായ സിന്ധു കഴിഞ്ഞ ഏപ്രിലില്‍ ഹൈദരാബാദ് പോലീസില്‍ പരാതി നല്‍കിയിരുന്നു.

വീടിന്റെ ലിവിംഗ് റൂമില്‍ വെച്ചാണ് മുന്‍ജഡ്ജിയും മകനും ചേര്‍ന്ന് സിന്ധുവിനെ മര്‍ദിക്കുന്നത്. സിന്ധുവിനെ തല്ലുന്നതും തറയിലൂടെ വലിച്ചിഴക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം. സിന്ധുവിന്റെ രണ്ട് ചെറിയ കുട്ടികള്‍ ഇത് തടയാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ ഉണ്ട്. പുറത്ത് കടന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന സിന്ധുവിനെ തടഞ്ഞു നിര്‍ത്തി മര്‍ദിക്കുന്നത് വ്യക്തമായി കാണാം.

കഴിഞ്ഞ നാല് വര്‍ഷമായി താന്‍ ക്രൂരമായ ഗാര്‍ഹിക പീഡനത്തിന് ഇരയാകുന്നതായി സിന്ധു പറയുന്നു. ഭര്‍തൃഗ്രഹത്തില്‍ നിന്ന് ഓടി രക്ഷപ്പെട്ട ശേഷമാണ് താന്‍ പോലീസില്‍ പരാതി നല്‍കിയതെന്നും അവര്‍ പറഞ്ഞു. കുട്ടികളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് സിന്ധു നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ അവര്‍ക്ക് അനുകൂലമായി വിധി ലഭിച്ചിരുന്നു.

സിന്ധുവിന്റെ പരാതിയെ തുടര്‍ന്ന് ഗാര്‍ഹിക പീഡനത്തിനും സ്ത്രീധന നിരോധന നിയമപ്രകാരവും ഭര്‍തൃവീട്ടുകാര്‍ക്ക് എതിരെ കേസെടുത്തിരുന്നു. സിസി ടിവി ദൃശ്യങ്ങള്‍ സിന്ധു പോലീസിന് കൈമാറിയിട്ടുണ്ട്.