മതത്തിലും സമൂഹത്തിലും നിലനിന്നിരുന്ന മാലിന്യങ്ങൾ മാറ്റാനും നവീകരിക്കാനുമാണ് ഗുരു പ്രയത്നിച്ചത് കേന്ദ്രമന്ത്രി ആർ.കെ.സിംഗ്

നല്ല മനുഷ്യരായി ജീവിക്കാനും അതിലൂടെ ദൈവത്തെ കാണാനുമാണ് ശ്രീനാരായണ ഗുരുദേവൻ പഠിപ്പിച്ചതെന്ന് കേന്ദ്ര മന്ത്രി ആർ.കെ. സിംഗ് പറഞ്ഞു. ശ്രീനാരായണ ഗുരുദേവന്റെ 92-ാമത് മഹാസമാധി ദിനാചരണത്തോടനുബന്ധിച്ച് ശിവഗിരിയിൽ നടന്ന മഹാസമാധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മതത്തിലും സമൂഹത്തിലും നിലനിന്നിരുന്ന മാലിന്യങ്ങൾ മാറ്റാനും നവീകരണം വരുത്താനുമാണ് ഗുരു പ്രയത്നിച്ചത്. നവീകരണമില്ലാതെ ഒരു മതത്തിനും മുന്നോട്ടു പോകാനാവില്ല. ഏതെങ്കിലുമൊരു ജാതിയിൽ വിശ്വസിക്കുന്നതിൽ അർത്ഥമില്ല. ജാതിയിലൂടെ മതത്തെ വികസിപ്പിക്കാനുമാകില്ല. ജാതി, മതചിന്തകളിലൂന്നിയുള്ള ജീവിതത്തിൽ നിന്ന് മനുഷ്യനെ അവനവനിൽ വിശ്വസിക്കാൻ പ്രാപ്തനാക്കാനാണ് ഗുരുദേവനടക്കമുള്ള നവോത്ഥാന നായകർ പരിശ്രമിച്ചത്. എന്നാൽ നമുക്കിടയിൽ ഇന്നും ജാതിചിന്തയുണ്ട്. അത് മനുഷ്യനെ വിഭജിക്കുന്നു. ആ സ്ഥിതി മാറണം. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ഗുരുവചനത്തിന് ഏതു കാലത്തും പ്രസക്തിയുണ്ട്. അദ്വൈതം എന്ന പരമമായ ആശയമാണ് ഗുരു പ്രദാനം ചെയ്തത്. അത് ഉൾക്കൊണ്ട് ജീവിക്കുമ്പോഴേ ഗുരു മുന്നോട്ടുവച്ച ആശയങ്ങളുടെ അന്തഃസത്ത ഉൾക്കൊള്ളാനാവൂ- ആർ.കെ.സിംഗ് പറഞ്ഞു.

ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അദ്ധ്യക്ഷനായിരുന്നു. ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. വി. ജോയി എം.എൽ.എ, സ്വാമി സച്ചിദാനന്ദ, സ്വാമി വിഖ്യാതാനന്ദ എന്നിവരും സംസാരിച്ചു. ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ സ്വാമി വിശാലാനന്ദ നന്ദിയും പറഞ്ഞു. ഗുരുദേവ മഹാസമാധി സന്ദർശിച്ച ശേഷമാണ് കേന്ദ്രമന്ത്രി ആർ.കെ. സിംഗ് സമ്മേളനത്തിൽ പങ്കെടുത്തത്.