അപ്രതീക്ഷിത ഉപതിരഞ്ഞെടുപ്പ്; ദിവസങ്ങള്‍ക്കുള്ളില്‍ സ്ഥാനാര്‍ഥി നിര്‍ണയംനടത്തണം മുന്നണികള്‍ക്ക് വെല്ലുവിളി

കേരളത്തിലെ അഞ്ച് നിയമസഭ മണ്ഡലങ്ങളിലേ്ക്കുള്ള ഉപതിരഞ്ഞെടുപ്പ് തിയതികള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചതോടെ വെട്ടിലായി രാഷ്ട്രീയ പാര്‍ട്ടികള്‍. പത്തില്‍ താഴെ ദിവസം മാത്രമാണ് പത്രികാ സമര്‍പ്പണത്തിനുള്ളത്. തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കും ലഭിക്കുക ഏതാനും ആഴ്ചകള്‍ മാത്രം. ചുരുങ്ങിയ സമയത്തിനുള്ളില്‍ സ്ഥാനാര്‍ഥിയെ കണ്ടെത്തുക എന്നതാണ് പല പാര്‍ട്ടികള്‍ക്കും വെല്ലുവിളിയാകുക.

നേതാക്കളെല്ലാം പാലാ ഉപതിരഞ്ഞെടുപ്പില്‍ കേന്ദ്രീകരിച്ചിരിക്കുകയായിരുന്നു. 23നാണ് പാലാ വോട്ടെടുപ്പ്. പരസ്യ പ്രചാരണം അവസാനിച്ചതിനാല്‍ ഇപ്പോള്‍ അണിയറ പ്രവര്‍ത്തനങ്ങളിലാണ് നേതാക്കള്‍. പാലാ വോട്ടിംഗ് കഴിഞ്ഞ ശേഷം വെറും ഏഴ് ദിവസം മാത്രമാണ് സ്ഥാനാര്‍ഥി നിര്‍ണയത്തിന് ലഭിക്കുക.

സീറ്റിനായുള്ള അധികാര മോഹികളുടെ ബാഹുല്ല്യമാണ് പല പാര്‍ട്ടികളിലും. ഉപതിരഞ്ഞെടുപ്പ് മുമ്പില്‍ നിരവധി പേര്‍ ഇതിനകം തന്നെ സീറ്റിനായി ചരടുവലി നടത്തിയിട്ടുണ്ട്. പാലാ ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫിന്റെ സ്ഥാനാര്‍ഥി നിര്‍ണ്ണയം അടുത്തിടെ കണ്ടതാണ്. എല്‍ ഡി എഫ് സ്ഥാനാര്‍ഥി ഒന്നാം ഘട്ട പ്രചാരണം പൂര്‍ത്തിയക്കിയപ്പോഴാണ് യു ഡി എഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. പുതിയ സാഹചപ്യത്തില്‍ എറണാകുളം പോലുള്ള മണ്ഡലങ്ങളില്‍ പെട്ടന്ന് സ്ഥാനാര്‍ഥിയെ കണ്ടെത്തുക എന്നത് യു ഡി എഫിന് വലിയ ബുദ്ധിമുട്ടാകും എന്നത് ഉറപ്പാണ്.