‘പാലാരിവട്ടം പുട്ട്, തൊട്ടാല്‍ പൊളിയുന്ന കണ്‍സ്ട്രഷന്‍’: പാലാരിവട്ടം പാലത്തിനെ ട്രോളി പുട്ട് പരസ്യം

അഴിമതിയും മാർക്കറ്റിങ്ങിന് ഉപയോഗിച്ച് പാലാരിവട്ടം പഞ്ചവടി പാലത്തിനെ ട്രോളി പുട്ട് പരസ്യം.പാലാരിവട്ടം പാലത്തിൻറെ തൊട്ടാല്‍ പൊട്ടുന്ന സോഫ്ട്‌നസിൻറെ വിപണിസാധ്യതയെ പ്രയോജനപ്പെടുത്തിയാണ് കേരളീയരുടെ തനി നാടന്‍ പ്രഭാത ഭക്ഷണമായ പുട്ടിനെ പാലാരിവട്ടം പാലത്തിന്റെ പേരില്‍ വിപണിയില്‍ ഇറക്കിയിരിക്കുന്നത് തലശ്ശേരിയിലെ ലാ ഫെയര്‍ റെസ്‌റ്റോറന്റാണ്.

ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് വര്‍ഷം തികയും മുമ്പ് തന്നെ മേല്‍പ്പാലത്തിന്റെ സ്ലാബുകള്‍ക്കിടയില്‍ വിള്ളലുകള്‍ സംഭവിച്ചതോടെ പൊളിച്ചുമാറ്റാന്‍ വിധിക്കപ്പെട്ട നിര്‍മ്മാണമാണ് പാലാരിവട്ടം മേല്‍പ്പാലം. പാലത്തിലെ ടാറിളകി റോഡും തകര്‍ന്ന നിലയിലാണ്. ആവശ്യമായ തോതില്‍ സിമന്റും കമ്പിയും ചേര്‍ക്കാതെ നിര്‍മ്മിച്ച പാലത്തിന്റെ പേരില്‍ ഇതിനോടകം തന്നെ നിരവധി ട്രോളുകള്‍ ഇറങ്ങികഴിഞ്ഞു.

പാലാരിവട്ടം പാലംപോലെതന്നെ പാലാരിവട്ടം പുട്ടിന് തൊട്ടാല്‍ പൊട്ടുന്ന സോഫ്ട്‌നസ് ആണെന്ന് പുട്ടിന്റെ നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു. എന്തായാലും സംഗതി തരംഗമായിരിക്കുകയാണ്. പാലാരിവട്ടം പുട്ട് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വന്‍ ഹിറ്റായിരിക്കുകയാണ്. തൊട്ടാല്‍ പൊളിയുന്ന പുട്ടിന്റെ പരസ്യം നിരവധിയാളുകളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ഒരു പുട്ട് പരസ്യത്തിന് ഇത്രയധികം പിന്തുണ ലഭിക്കുന്നത് ഇതാദ്യമായിരിക്കും.