പ്രധാനമന്ത്രി ഹ്യൂസ്റ്റണില്‍; ഹൗഡി മോദി പരിപാടി ഇന്ന്; അര ലക്ഷം പേര്‍ പങ്കെടുക്കും

ഏഴ് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി യുഎസിലെത്തിയ പ്രധാനമന്ത്രി ഇന്ന് ഹൗഡി മോദി പരിപാടിയില്‍ പങ്കെടുക്കും. ഹ്യൂസ്റ്റണില്‍ നടക്കുന്ന പരിപാടിയില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പങ്കെടുക്കും. യുഎസ് പര്യടനത്തിലെ സുപ്രധാനപരി പാടികളില്‍ ഒന്നാണിത്. എന്‍ആര്‍ജി ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ 50,000 ത്തിലധികം ആളുകള്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

അമേരിക്കന്‍ സമയം ഞായറാഴ്ച രാവിലെ ഒന്‍പതിനാണ് (ഇന്ത്യന്‍ സമയം വൈകീട്ട് 7.30)ഹൗഡി മോദി പരിപാടി. നമോ എഗെയിന്‍ എന്ന് ആലേഖനം ചെയ്ത ടീഷര്‍ട്ട് ധരിച്ചാകും വൊളണ്ടിയര്‍മാര്‍ എത്തുക. പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായിവരുന്നതായി എന്‍.ആര്‍.ജി. സ്റ്റേഡിയം സന്ദര്‍ശിച്ച യു.എസിലെ ഇന്ത്യന്‍ സ്ഥാനപതി ഹര്‍ഷ് വി. ശ്ര്യംഗ്‌ല പറഞ്ഞു. 600 സംഘടനകളുടെയും 1500-ലേറെ വൊളന്റിയര്‍മാരുടെയും നേതൃത്വത്തിലാണ് പരിപാടി.

ശനിയാഴ്ചയാണ് പ്രധാനമന്ത്രി ഹ്യൂസ്റ്റണിലെത്തിയത്. ഊര്‍ജ മേഖലയിലെ അമേരിക്കന്‍ കമ്പനി മേധാവികളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ചില കമ്പനികളുമായി ധാരണാപത്രവും ഒപ്പുവെച്ചു. സന്ദര്‍ശനത്തിനിടെ നിരവധി ഉഭയകക്ഷി യോഗങ്ങളില്‍ പ്രധാനമന്ത്രി പങ്കെടുക്കും. മഹാത്മാ ഗാന്ധിയുടെ 150ാം ജന്മ വാര്‍ഷികത്തോടനുബന്ധിച്ച് ഐക്യരാഷ്ട്ര സഭയില്‍ നടത്തുന്ന പരിപാടിയില്‍ മോദി പങ്കെടുക്കും.