മതേതരത്വത്തിന്റെ പേരില്‍ ആചാരങ്ങള്‍ നേരിടുന്ന വെല്ലുവിളിയെന്തെല്ലാം? ആചാര സംരക്ഷണ ചോദ്യവുമായി സിവില്‍ സര്‍വ്വീസ് പരീക്ഷ

മതേതരത്തിന്റെ പേരില്‍ ആചാരങ്ങള്‍ നേരിടുന്ന വെല്ലുവിളികളെന്തെല്ലാമാണെന്ന് സിവില്‍ സര്‍വീസ് പരീക്ഷയില്‍ ചോദ്യം. മെയിന്‍ പരീക്ഷയില്‍ ശനിയാഴ്ച നടന്ന ആദ്യ പരീക്ഷയിലാണ് ഈ ചോദ്യമുള്ളത്. അഞ്ച് പരീക്ഷകളാണ് മെയിനില്‍ ഉള്ളത്. യുപിഎസ് സി പരീക്ഷയുടെ ചരിത്രത്തില്‍ തന്നെ ഇത് ആദ്യമായിട്ടായിരിക്കും ഇത്തരത്തിലൊരു ഭരണഘടനാ വിരുദ്ധ ചോദ്യം ഉണ്ടാകുന്നതെന്ന് പരീക്ഷാര്‍ത്ഥികള്‍ പറയുന്നു.

ജനറല്‍ സ്റ്റഡീസ് പേപ്പര്‍ ഒന്നിലെ 20 ചോദ്യങ്ങളില്‍ പത്താമത്തെ ചോദ്യമായാണ് ഈ ചോദ്യം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ‘What are the challenges to our cultural practices in the name of secularism?’ എന്നാണ് ഈ ചോദ്യം. 150 വാക്കുകളില്‍ ഉത്തരമെഴുതേണ്ട ഈ ചോദ്യത്തിന് പത്ത് മാര്‍ക്കാണ്. ചോദ്യ പേപ്പറിലെ ആദ്യ പത്ത് ചോദ്യങ്ങള്‍ക്ക് പത്ത് മാര്‍ക്ക് വീതവും പിന്നീടുള്ള പത്ത് ചോദ്യങ്ങള്‍ക്ക് 15 മാര്‍ക്ക് വീതവുമാണ്.

ഈ ചോദ്യം ഭരണഘടനാ വിരുദ്ധമാണെന്ന അഭിപ്രായമാണ് വിവിധ കോണുകളില്‍ നിന്നും ഉയരുന്നത്. ഭരണഘടനയുടെ ആമുഖത്തില്‍ തന്നെ ഉറപ്പുനല്‍കിയിട്ടുള്ളതാണ് മതേതരത്വം. എന്നാല്‍ മതേതരത്വം നമ്മുടെ ആചാരങ്ങൾക്ക് ഏതെല്ലാം വിധത്തില്‍ വെല്ലുവിളിയുയര്‍ത്തുന്നുവെന്ന ചോദ്യം തന്നെ നമ്മുടെ ഭരണഘടനയെയും മതേതര സംസ്‌കാരത്തെയും നേരിട്ട് ചോദ്യം ചെയ്യുന്നതാണ്.