എസ് സി- എസ് ടി കേസിലെ വിധി സുപ്രീം കോടതി റദ്ദാക്കി

പട്ടിക ജാതി, പട്ടിക വര്‍ഗങ്ങള്‍ക്കെതിരായ അതിക്രമം തടയുന്ന നിയമം ദുര്‍ഭലമാക്കിയ വിധി സുപ്രീംകോടതി റദ്ദാക്കി. സുപ്രീം കോടതി രണ്ടംഗ ബെഞ്ച് നേരത്തെ പുറപ്പെടുവിച്ച വിധിയാണ് ഭരണഘടാനപരമല്ലെന്ന് കണ്ടെത്തി മൂന്നംഗ ബെഞ്ച് റദ്ദാക്കിയത്. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, എം ആര്‍ ഷാ, ബി ആര്‍ ഗവി എന്നിവരടങ്ങിയ ബെഞ്ചാണ് വിധി റദ്ദാക്കിയത്. നിയമത്തിലെ അറസ്റ്റ് സംബന്ധിച്ച വ്യവസ്ഥകള്‍ ഇതോടെ വീണ്ടും പ്രാബല്ല്യത്തില്‍ വരും.

രണ്ടംഗ ബെഞ്ചിന്റെ വിധി പുനപ്പരിശോധിക്കണമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര സാമൂഹികനീതി മന്ത്രാലയം നല്‍കിയ ഹരജി പരിഗണിച്ചാണ് ഉത്തരവ്. കേന്ദ്ര സര്‍ക്കാറിനായി അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലാണ് ഹര്‍ജി നല്‍കിയത്.

എസ് സി, എസ് ടി വിഭാഗങ്ങള്‍ക്കെതിരായ അതിക്രമ പരാതികളില്‍ പ്രാഥമിക അന്വേഷണം നടത്തിയ ശേഷമേ കേസെടുക്കാന്‍ പാടുള്ളുവെന്ന് കാണിച്ച് 2018 മാര്‍ച്ച് 28ന് പുറപ്പെടുവിച്ച സുപ്രീം കോടതിയുടെ വിധിയാണ് റദ്ദാക്കപ്പെട്ടത്. ഡി വൈ എസ ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ കേസ് അന്വേഷിക്കണം എന്നീ നിര്‍ദേശങ്ങളും സുപ്രീംകോടതി വിധിയിലുണ്ടായിരുന്നു.

രാജ്യത്തെ നിയമങ്ങള്‍ ജനറല്‍ കാറ്റഗറിക്ക് ഒന്നും, പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് മറ്റൊന്നും എന്ന തരത്തില്‍ വിഭജിക്കരുതെന്നായിരുന്നു കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ നിയമം തിരുത്തിക്കൊണ്ട് സുപ്രീംകോടതി ഉത്തരവിട്ടത്. ജസ്റ്റിസുമാരായ എ കെ ഗോയല്‍, യു യു ലളിത് എന്നിവര്‍ അംഗങ്ങളായ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചിരുന്നത്.

എന്നാല്‍ വിവിധ പട്ടികജാതി, പട്ടികവര്‍ഗ സംഘടനകളും കേന്ദ്രസര്‍ക്കാറും ഈ വിധിയെ ശക്തമായി എതിര്‍ത്തു. കേന്ദ്രസര്‍ക്കാറിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ പറഞ്ഞത് സുപ്രീംകോടതിയുടെ ഈ വിധി പ്രശ്‌നഭരിതമാണെന്നാണ്. വിധി പുനഃപരിശോധിച്ചേ തീരൂവെന്നും സര്‍ക്കാര്‍ ആവശ്യപ്പെടുകയായിരുന്നു.