ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ജോളി ചിറയത്ത്‌ മികച്ച നടി

ജയ്‌പ്പുരിൽ നടന്ന ആറാമത് ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം മലയാള ചലച്ചിത്ര നടിയും സഹ സംവിധായികയുമായ ജോളി ചിറയത്തിന്. കോട്ടയം കെ.ആർ നാരായണൻ ഇൻസ്റ്റിട്യൂട്ടിലെ അരുൺ.എം.എസ്. സംവിധാനം ചെയ്ത ‘സൈക്കിൾ’ എന്ന ഷോർട്ട് ഫിലിമിലെ അഭിനയത്തിനാണ് മികച്ച നടിക്കുള്ള അവാർഡ് ലഭിച്ചത്. ജയ്പൂരിൽ നടന്ന ആറാമത് പിങ്ക് സിറ്റി ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റ്‌വലിൽ ഇൻഡ്യൻ ഷോർട്ട് ഫിലിമുകളുടെ വിഭാഗത്തിലാണ് ‘സൈക്കിൾ’ മത്സരിച്ചത്.

28 ഓളം മലയാള സിനിമകിളിൽ അഭിനയിച്ചിട്ടുള്ള ജോളി ചിറയത്ത് ‘അങ്കമാലി ഡയറീസ്’ ഉൾപ്പെടെ നിരവധി സിനിമകളുടെ സഹസംവിധായികയായും പ്രവർത്തിച്ചിട്ടുണ്ട്. സുരേഷ് പൊതുവാൾ കഥയും തിരക്കഥയും സംവിധാനവും നിർവ്വഹിച്ച ‘ഉൾട്ട’ യാണ് ഉടൻ പുറത്തുവരാനിരിക്കുന്ന ജോളി ചിറയത്ത്‌ അഭിനയിച്ച ചിത്രം. പഞ്ചായത്ത് പ്രസിഡണ്ട് കൗസല്യയായി ഈ ചിത്രത്തിൽ ജോളി ചിറയത്ത്‌ വെള്ളിത്തിരയിലെത്തും.

അഭിനേതാവ് എന്നതിനേക്കാൾ ഉപരി സ്ത്രീവിഷയങ്ങളും ഒട്ടനവധി സാമൂഹ്യ വിഷയങ്ങളിലും സജീവമായി ഇടപെടാറുള്ള സോഷ്യൽ ആക്ടിവിസ്റ്റ് കൂടിയാണ് ജോളി ചിറയത്ത്‌. മറ്റു നടികളിൽനിന്ന് വ്യത്യസ്തമായി നിരവധി ജനകീയ സമരങ്ങളിലും പങ്കെടുത്തിട്ടുണ്ട്.