മുഖ്യമന്ത്രി പിണറായി വിജയന് ദുബൈയില്‍ ഊഷ്മള വരവേല്‍പ്പ്

ഔദ്യോഗിക സന്ദര്‍ശത്തിനായി യു.എ.ഇ.യിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് ഊഷ്മള വരവേല്‍പ്പ്. ദുബൈ വിമാനത്താവളത്തില്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഇളങ്കോവന്‍, നോര്‍ക്ക റുട്ട്‌സ് വൈസ് ചെയര്‍മാന്‍ എം.എ യൂസഫലി, പ്രോട്ടോകോള്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് മുഖ്യമന്ത്രിയെ സ്വീകരിച്ചു.

ഡല്‍ഹിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ വ്യാഴാഴ്ച വൈകീട്ടാണ് മുഖ്യമന്ത്രി ദുബൈയില്‍ എത്തിയത്. വെള്ളിയാഴ്ച ദുബൈയില്‍ പ്രവാസികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന നിക്ഷേപക സംഗമത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കും.

പ്രവാസി മലയാളികളിൽ നിന്ന് സംസ്ഥാനത്തേക്ക് നിക്ഷേപം ക്ഷണിക്കാന്‍ സര്‍ക്കാര്‍ ഇതിനകം ഒരു കമ്പനി രൂപീകരിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ തുടര്‍ച്ചയായി വെള്ളപ്പൊക്കത്തില്‍ വന്‍ നാശനഷ്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച സംസ്ഥാനത്തെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഓവര്‍സീസ് കേരലൈറ്റ്‌സ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഹോള്‍ഡിംഗ് ലിമിറ്റഡ് പ്രവാസികളില്‍ നിന്ന് നിക്ഷേപം സ്വീകരിക്കും.