കഞ്ചാവ് കേസ് പ്രതി കസ്റ്റഡിയില്‍ മരിച്ച സംഭവം; എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി കേസ് എടുത്തു

ഗുരുവായൂരില്‍ എക്സൈസ് കസ്റ്റഡിയില്‍ പ്രതി മരിച്ച സംഭവത്തില്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്. മലപ്പുറം സ്വദേശി രഞ്ജിത്ത് മരണപ്പെട്ടത് തലക്കും മുതുകിനുമേറ്റ ക്ഷതം കാരണമെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നു. മര്‍ദനത്തില്‍ തലയ്ക്കുണ്ടായ ക്ഷതം മൂലം രഞ്ജിത്തിന് രക്തസ്രാവമുണ്ടായതായി ഫോറന്‍സിക് ഡോക്ടര്‍ന്മാര്‍ പോലീസിന് മൊഴി നല്‍കി.അതേ സമയം മര്‍ദനത്തെത്തുടര്‍ന്നാണ് രഞ്ജിത്ത് മരിച്ചതെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍മാര്‍ക്കെതിരെ പോലീസ് കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.റിപ്പോര്‍ട്ട് നാളെ കോടതിയില്‍ സമര്‍പ്പിക്കുമെന്നും പോലീസ് പറഞ്ഞു.

ചൊവ്വാഴ്ചയാണ് മലപ്പുറം തിരൂര്‍ തൃപ്രങ്ങോട്ട് കൈമലശ്ശേരി കരുമത്തില്‍ വാസുദേവന്റെ മകന്‍ രഞ്ജിത്ത് കുമാറിനെ ഗുരുവായൂര്‍ ബസ് സ്റ്റാന്‍ഡ് പരിസരത്തുവെച്ച് കഞ്ചാവുമായി ഗുരുവായൂര്‍ എക്സൈസ് പിടികൂടിയത്. രഞ്ജിത്തിനെ മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കാന്‍ ജീപ്പില്‍ കൊണ്ടുപോകുന്നതിനിടെ ഇയാള്‍ക്ക് അപസ്മാരത്തിന്റെ ലക്ഷണം കണ്ടെന്നും വായില്‍നിന്ന് നുരയും പതയും വന്നെന്നുമായിരുന്നു എക്സൈസ്പോലീസില്‍ നല്‍കിയ മൊഴി.തുടര്‍ന്ന് ര്ഞ്ജിത്തിനെ പാവറട്ടിയിലെ ആശുപത്രിയിലേക്ക് എത്തിച്ചു. എന്നാല്‍ ആശുപത്രിയിലെത്തിക്കും മുന്നേ മരണം സംഭവിച്ചിരുന്നുവെന്ന് ആശുപത്രിയിലെ ഡോക്ടര്‍ സ്ഥിരീകരിച്ചിരുന്നു. പാവറട്ടി പോലീസാണ് കേസില്‍ അന്വേഷണം നടത്തുന്നത്.