ശബരിമല കേസിൽ ഭരണഘടനാ ബെഞ്ച് നവംബർ 17 ന് മുൻപ് വിധിപറയും

ശബരിമല കേസിലും, അയോദ്ധ്യ കേസിലും സുപ്രീംകോടതി ഭരണഘടനാ ബെഞ്ചുകൾ നവംബർ 17 ന് മുൻപ് വിധി പ്രഖ്യാപിക്കും. മതധാർമ്മികതകൾ മാറ്റിവെച്ചുകൊണ്ട് ഭരണാഘടനാ ധാർമ്മികത ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള പുരോഗമനപരമായ വിധിന്യായങ്ങൾ ആണ് കഴിഞ്ഞ നാളുകളിൽ ബഹു: സുപ്രീംകോടതി പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നത്. അവയിൽ പ്രധാനപ്പെട്ട ചിലതാണ് ഭരണഘടനാപരമായ ലിംഗനീതി ഉറപ്പാക്കികൊണ്ട് ശബരിമല കേസിലെ ഭരണഘടനാ ബെഞ്ചിന്റെ വിധി, മറ്റൊന്ന് കാലങ്ങളായി നീണ്ട ഏറ്റവും രാഷ്ട്രീയപ്രാധാന്യമുള്ള ബാബറിമസ്ജിദ് രാമജന്മഭൂമി തർക്ക വിധി.

ഈ രണ്ടു കേസുകളിലെയും ഭരണഘടന ബെഞ്ചുകളുടെ വിധികൾ 2019 നവംബർ 17 നു മുൻപ് ഉണ്ടാകും.എന്ന് ഉറപ്പായി കഴിഞ്ഞതായി സുപ്രീംകോടതിയിലെ അഭിഭാഷകനും സാമൂഹ്യ പ്രവർത്തകനുമായ അഡ്വ. ശ്രീജിത്ത് പെരുമന പറഞ്ഞു. 17 .11 .2019 നാണ് നിലവിലെ ചീഫ് ജസ്റ്റിസ് വിരമിക്കുന്നത്. അദ്ദേഹം മേൽപ്പറഞ്ഞ രണ്ടു കേസുകളിലെയും ഭരണഘടനാ ബെഞ്ചുകളിൽ അംഗമാണ്. അതുകൊണ്ടുതന്നെ 17 .11 .2019 നു മുൻപ് ഈ കേസുകളിൽ വിധിപറയുമെന്ന് ഉറപ്പ്.

ശബരിമല കേസിൽ 56 ൽ കൂടുതൽ റിവ്യൂ ഹർജികൾ സമർപ്പിക്കപ്പെടുകയും, അവ തുറന്ന കോടതിയിൽ വാദം കേൾക്കുകയും ചെയ്ത ശേഷമാണു വിധിക്കായി മാറ്റിവെച്ചത്. എന്നാൽ അയോദ്ധ്യ കേസിൽ പ്രശ്നപരിഹാര അനുരഞ്ജന ചർച്ചകൾക്ക് ശേഷം അനുരഞ്ജനം പരാജയപ്പെട്ട ശേഷമാണു എല്ലാ ദിവസവും ഇടതടവില്ലാതെ വാദം കേൾക്കാൻ കോടതി തയ്യാറായത്.

ഇന്നേക്ക് 37 മത് ദിവസമാണ് തുടർച്ചയായി വാദം കേൾക്കുന്നത്. നേരത്തെ ഒക്ടോബർ 18 വരെ വാദം കേൾക്കുമെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും ഒക്ടോബർ 17 നു വാദങ്ങൾ അവസാനിപ്പിക്കുമെന്ന് ഇന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കുകയായിരുന്നു എന്ന് അഡ്വ ശ്രീജിത്ത് പെരുമന പറഞ്ഞു.

ലോകത്തെ ഏറ്റവും ശക്തമായ ഉന്നത നീതിപീഠം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടേതാണെന്ന ജസ്റ്റിസ് ഭഗവതിയുടെ പ്രഖ്യാപനത്തിന്റെ അന്തസത്ത വ്യക്തമാക്കിക്കൊണ്ട് പുരോഗമനപരമായ വിധിന്യായങ്ങൾ കഴിഞ്ഞ നാളുകളിൽ പ്രഖ്യാപിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. തീർച്ചയായും ഭരണഘടനമൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള വിധിന്യായങ്ങൾ തന്നെയായിരിക്കും ബഹു മാനപ്പെട്ട സുപ്രീംകോടതിയുടെ ഭാഗത്തുനിന്നും ഉണ്ടാവുകയുള്ളൂ എന്നകാര്യത്തിൽ സംശയമില്ലെന്ന് അഡ്വ ശ്രീജിത്ത് പെരുമന അഭിപ്രായപ്പെട്ടു.