സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് എതിരെ ഫയല്‍ ചെയ്ത രാജ്യദ്രോഹ കേസ് പിന്‍വലിച്ചു

ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തുറന്ന കത്തെഴുതിയ 49 സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് എതിരെ രജിസ്റ്റര്‍ ചെയ്ത രാജ്യദ്രോഹ കേസ് അവസാനിപ്പിക്കാന്‍ ബീഹാര്‍ പോലീസ് തീരുമാനിച്ചു. നിസ്സാര വിഷയത്തില്‍ പരാതി നല്‍കിയതിന് പരാതിക്കാരനായ സുധീര്‍ ഓജ എന്ന അഭിഭാഷകനെതിരെ കേസെടുക്കുമെന്നും പോലീസ് വ്യക്തമാക്കി. സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് എതിരെ കേസെടുത്ത നടപടി അപകീര്‍ത്തികരമാണെന്ന് വ്യക്തമാക്കി ജില്ലാ പോലീസ് മേധാവി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, നടനും ചലച്ചിത്ര നിര്‍മ്മാതാവുമായ അപര്‍ണ സെന്‍, എഴുത്തുകാരന്‍ രാംചന്ദ്ര ഗുഹ, ചലച്ചിത്ര നിര്‍മാതാവ് ശ്യാം ബെനഗല്‍ എന്നിവരുള്‍പ്പെടെയുള്ള സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് എതിരെയാണ് കഴിഞ്ഞയാഴ്ച രാജ്യദ്രോഹ കേസ് ഫയല്‍ ചെയ്തത്. ഇത് രാജ്യവ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു.

ചീപ് പബ്ലിസിറ്റി ലക്ഷ്യം വെച്ചാണ് അഭിഭാഷകന്‍ പരാതി നല്‍കിയതെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. അഭിഭാഷകസെല്ലും എന്തോ ഫോറവുമൊക്കെ എറണാകുളത്തുമാത്രമല്ല അങ്ങ് ബിഹാറിലുമുണ്ടെന്ന് സാരം.