പാവറട്ടി കസ്റ്റഡി മരണം സി ബി ഐ അന്വേഷിക്കും; ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി

പാവറട്ടിയില്‍ കഞ്ചാവുകേസ് പ്രതി മലപ്പുറം സ്വദേശി രഞ്ജിത്ത്കുമാര്‍ എക്‌സൈസ് കസ്റ്റഡിയില്‍ മരിച്ച സംഭവം സി ബി ഐ അന്വേഷണത്തിന് വിടാന്‍ മന്ത്രിസഭയോഗം തീരുമാനിച്ചു. കസ്റ്റഡി മരണങ്ങളിലെല്ലാം സി ബി ഐ അന്വേഷണം തേടാനാണ് മന്ത്രിസഭയുടെ തീരുമാനം.

സുപ്രീം കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലാണ് കസ്റ്റഡി മരണങ്ങള്‍ സി ബി ഐക്ക് വിടാന്‍ മന്ത്രിസഭ തീരുമാനിച്ചത്. പോലീസ് ആരോപണ വിധേയമാകുന്ന കേസില്‍ പുറത്ത് നിന്നുള്ള ഏജന്‍സി അന്വഷിക്കണം എന്ന സുപ്രീംകോടതി നിര്‍ദേശം നിലവിലുണ്ട്. ഇതിന്റെ ആദ്യഘട്ടമായാണ് പാവറട്ടി കസ്റ്റഡി മരണം സി ബി ഐക്ക് വിട്ടത്.

രഞ്ജിത്തിന്റെ കസ്റ്റഡി മരണത്തില്‍ രണ്ട് എക്‌സൈസ് ഉദ്യോഗസ്ഥരെ കൂടി ഇന്ന് അറസ്റ്റു ചെയ്തിട്ടുണ്ട്. കേസില്‍ ഉള്‍പ്പെട്ട ഏഴു ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലകുറ്റം ചുമത്തിയിട്ടുണ്ട്.