വയലാര്‍ വെടിവയ്പ് നടത്തിയ പട്ടാളക്കാര്‍ക്ക് പുളിക്കല്‍ വീട്ടില്‍ അത്താഴവിരുന്ന് നടത്തിയെന്ന് ഡി. സുഗതന്റെ പോസ്റ്റ് വിവാദത്തില്‍

അരൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ കുടുംബത്തിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് മുന്‍ എംഎല്‍എ ഡി. സുഗതന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വിവാദത്തില്‍. വയലാറില്‍ വെടിവയ്പ് നടത്തിയ പട്ടാളക്കാര്‍ക്ക് വയലാര്‍ പുളിക്കല്‍ വീട്ടില്‍ അത്താഴവിരുന്ന് നല്‍കിയിരുന്നുവെന്ന ഫെയ്‌സ്ബുക്ക് പോസ്റ്റാണ് വിവാദമായിരിക്കുന്നത്.

അരൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനു സി. പുളിക്കലിന്റെ കുടുംബപ്പേരാണ് പുളിക്കല്‍. അതേസമയം, ഫെയ്‌സ്ബുക്ക് പോസ്റ്റിനെതിരെ മനു പോലീസില്‍ പരാതി നല്‍കി. മാനനഷ്ടക്കേസ് ആവശ്യപ്പെട്ടാണ് പോലീസില്‍ പരാതി നല്‍കിയത്.

എന്നാല്‍, ഇത്തരം പരാതികളില്‍ കോടതി നിര്‍ദ്ദേശപ്രകാരമേ നടപടിയെടുക്കാനാവൂ എന്നു ചേര്‍ത്തല സിഐ വി.പി. മോഹന്‍ലാല്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാവിന്റെ പേരിലുള്ള പോസ്റ്റ് അദ്ദേഹത്തിന്റേതു തന്നെയാണോ, വ്യാജ അക്കൗണ്ടാണോ, ഉറവിടം ഏതാണ് തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിക്കേണ്ടതുണ്ട്. സാങ്കേതികവിദ്യയുടെ സഹായം അടക്കമുള്ളകാര്യങ്ങൾ അന്വേഷിക്കേണ്ടതുണ്ട് എന്നാണ് പോലീസ് പറയുന്നത്.