സാമ്പത്തിക മാന്ദ്യം: മോഡി സര്‍ക്കാറിന്റെ നയങ്ങള്‍ വൃഥാവിൽ ആകുമെന്ന് റിപ്പോര്‍ട്ട്

സാമ്പത്തിക മാന്ദ്യം പരിഹരിക്കാനെന്ന പേരില്‍ മോഡി സര്‍ക്കാര്‍ സ്വീകരിക്കുന്ന നയങ്ങള്‍ വൃഥാവിലാകുമെന്ന് റിപ്പോര്‍ട്ട്. വിവിധ കോര്‍പ്പറേറ്റ് കമ്പനികള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും വായ്പ നല്‍കുന്നതിനായി ബാങ്കുകളുടെ മൂലധനനിക്ഷേപം വര്‍ധിപ്പിക്കുന്ന തീരുമാനങ്ങളാണ് മോഡി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ആര്‍ബിഐയുടെ നിര്‍ദ്ദേശപ്രകാരമുള്ള ഈ നടപടികള്‍ ഇപ്പോഴത്തെ സാമ്പത്തിക മാന്ദ്യത്തിന് പരിഹാരമല്ലെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്.

മൂലധന നിക്ഷേപം വര്‍ധിപ്പിക്കുന്നതിന് ആനുപാതികമായി ചെറുകിട വായ്പകള്‍ അനുവദിക്കുന്നതില്‍ പൊതുമേഖലാ ബാങ്കുകള്‍ തികഞ്ഞ നിസംഗതയാണ് കാണിക്കുന്നത്. സെപ്റ്റംബര്‍ മാസത്തില്‍ അവസാനിച്ച പാദത്തില്‍ വാണിജ്യ വായ്പകളില്‍ 88 ശതമാനം കുറവാണ് രേഖപ്പെടുത്തിയതെന്ന് ആര്‍ബിഐ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ചെറുകിട വായ്പകള്‍ അനുവദിക്കണമെന്നും അതിലൂടെ മാത്രമേ സാധാരണക്കാരായ ജനങ്ങളുടെ ക്രയവിക്രയ ശേഷി വര്‍ധിപ്പിക്കാന്‍ കഴിയൂവെന്നും കഴിഞ്ഞ ആര്‍ബിഐ ബോര്‍ഡ് യോഗം വിലയിരുത്തിയിരുന്നു. ഇതിന് ആനുസരിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങക്കും നല്‍കണമെന്നും ആര്‍ബിഐ ബോര്‍ഡ് തീരുമാനിച്ചു. എന്നാല്‍ ആര്‍ബിഐ നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍പ്പറത്തിയുള്ള സമീപനങ്ങളാണ് ബാങ്കുകള്‍ സ്വീകരിക്കുന്നത്. പാവപ്പെട്ടവന് വായ്പ നിഷേധിച്ച് കോര്‍പ്പറേറ്റുകള്‍ക്ക് കോടികള്‍ വായ്പ അനുവദിക്കുന്നതിന് പിന്നില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലാണന്ന ആക്ഷേപം ശക്തമാണ്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആദ്യ ആറുമാസത്തില്‍ വാണിജ്യ വായ്പകള്‍ അനുവദിക്കുന്നതില്‍ 1.85 ലക്ഷം കോടിയുടെ വര്‍ധനയുണ്ടായി. എന്നാല്‍ നടപ്പ് സാമ്പത്തിക വര്‍ഷം 1.25 ലക്ഷം കോടി രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്.