പിറവത്തെ യേശു ഇനിമുതൽ ഓർത്തഡോക്സ് യേശു: താക്കോല്‍ ഓര്‍ത്തഡോക്‌സ് വികാരിക്ക് നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്

സുപ്രീംകോടതിവിധി നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് നിയമവ്യവസ്ഥയെ വെല്ലുവിളിച്ച ഒരുകൂട്ടം കുഞ്ഞാടുകളുടെയും മുട്ടനാടുകളുടെടെയും പ്രതിഷേധം വകവയ്ക്കാതെ ജില്ലാകളക്ടർ പൂട്ടി സീൽ ചെയ്ത പിറവം വലിയപള്ളിയുടെ താക്കോല്‍ ഓര്‍ത്തഡോക്‌സ് വികാരി സ്‌കറിയ വട്ടക്കട്ടിലിനു നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. പിറവം പള്ളിയില്‍ സുപ്രീംകോടതി വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഓര്‍ത്തഡോക്‌സ് വിഭാഗം സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്. അതേ സമയം പള്ളിക്ക് കീഴില്‍ 11 ചാപ്പലുകള്‍ ഉണ്ടെന്നും ഇതിന്റെ യദാർത്ഥ ഉടമസ്ഥര്‍ ആരെന്നു കണ്ടെത്താന്‍ കൂടുതല്‍ സമയം വേണമെന്നും ജില്ലാ കലക്ടര്‍ ഹൈക്കോടതിയെ അറിയിച്ചു.

11 ചാപ്പലുകളുടെ താക്കോലുകള്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ വികാരിക്ക് കൈമാറണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നെങ്കിലും ഇത് ഉടനടി നടപ്പാക്കാനാകില്ലെന്ന് ജില്ലാ കലക്ടര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ഓര്‍ത്തഡോക്‌സ് യാക്കോബായ തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്നാണ് ജില്ലാ കളക്ടര്‍ പള്ളിയുടെ നിയന്ത്രണം ഏറ്റെടുത്തത്.

പിറവം പള്ളിയുടെ നിയന്ത്രണം ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് തന്നെയാകണമെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം സമര്‍പ്പിച്ച ഹര്‍ജിയിയില്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു.