ശനിക്ക് ചുറ്റും പുതിയ 20 ചന്ദ്രനെ കണ്ടെത്തി; ഇതോടെ ശനിക്ക് ആകെ 82 ഉപഗ്രഹങ്ങളായി.

സൗരയൂഥത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഗ്രഹമായ ശനിക്ക് ചുറ്റും പുതിയ 20 ചന്ദ്രനെ കൂടി കണ്ടെത്തി. ഇതോടെ വളയ ഗ്രഹമായ ശനിക്ക് ആകെ 82 ഉപഗ്രഹങ്ങളായി. ഉപഗ്രഹങ്ങളുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തു. ഇതുവരെ മുന്നിലുണ്ടായിരുന്ന വ്യാഴത്തിന് 79 ഉപഗ്രഹങ്ങളാണുള്ളത്.

ഹവായി മേഖലയിലെ മൗനാകീ ദ്വീപിലെ സുബാരു ടെലസ്‌കോപ് ഉപയോഗിച്ച് അമേരിക്കന്‍ ഗവേഷകരാണ് ശനിയുടെ പുതിയ ചന്ദ്രന്മാരെ കണ്ടെത്തിയത്. അഞ്ച് കിലോമീറ്ററോളം വ്യാസമുള്ള ഉപഗ്രഹങ്ങളാണിവ. ഇവയില്‍ 17 എണ്ണം ശനിക്ക് വിപരീത ദിശയില്‍ ഭ്രമണം ചെയ്യുന്നവയാണ്. മൂന്നെണ്ണം ശനിയുടെ അതേ ദിശയിലാണ് ഭ്രമണം.

ശനിയുടെ ഉപഗ്രഹങ്ങളെ കുറിച്ച് പഠിക്കുന്നത് ഗ്രഹത്തിന്റെ ഉത്ഭവത്തെ കുറിച്ചും ഉത്ഭവസമയത്തെ സാഹചര്യത്തെ കുറിച്ചും വിവരം നല്‍കുമെന്ന് പഠനത്തിന് നേതൃത്വം നല്‍കുന്ന ഡോ. സ്‌കോട്ട് ഷെപ്പാര്‍ഡ് പറഞ്ഞു. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിനാണ് ഏറ്റവും വലിയ ഉപഗ്രഹമുള്ളത് ഗാനിമേഡ്. ഇതിന് ഭൂമിയുടെ പകുതിയോളം വലിപ്പമുണ്ട്. ശനിയുടെ ഏറ്റവും വലിയ ഉപഗ്രഹമായ ടൈറ്റന്‍ ആണ് വലിപ്പത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്ത്. ഭൂമിയുടെ ഒരേയൊരു സ്വാഭാവിക ഉപഗ്രഹമാണ് ചന്ദ്രന്‍.