ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കും

ശബരിമലയില്‍ നിര്‍മിക്കുന്ന വിമാനത്താവളത്തിന് ചെറുവള്ളി എസ്റ്റേറ്റിന്റെ ഭൂമി ഏറ്റെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. തര്‍ക്കത്തില്‍പ്പെട്ടു കിടക്കുന്ന ഭൂമി ഏറ്റെടുക്കാന്‍ നിയമ മാര്‍ഗങ്ങള്‍ സ്വീകരിക്കും. ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസ് ഇപ്പോള്‍ ഹൈക്കോടതിയിലാണ്. തീര്‍ഥാടകര്‍ക്കായി നിര്‍മിക്കുന്ന വിമാനത്താവളത്തിന് ചെറുവള്ളി എസ്റ്റേറ്റിലെ 2263 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

ഭൂമി ഏറ്റെടുക്കല്‍ നിയമത്തിലെ സെക്ഷന്‍ 77 അനുസരിച്ചായിരിക്കും നടപടി. നഷ്ടപരിഹാരത്തുക കോടതിയില്‍ കെട്ടിവെക്കാനാണ് ആലോചിക്കുന്നത്. ശബരിമല തീര്‍ഥാടകര്‍ക്കുള്ള വിമാനത്താവളം കോട്ടയം ജില്ലയിലെ ചെറുവള്ളി എസ്റ്റേറ്റില്‍ സ്ഥാപിക്കുന്നതിന് 2017ലാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. അന്നത്തെ അഡീ. ചീഫ് സെക്രട്ടറി പി എച്ച് കുര്യന്‍ അധ്യക്ഷനായ സമിതിയാണ് ഇത് സംബന്ധിച്ച ശിപാര്‍ശ സര്‍ക്കാറിന് മുന്നില്‍ വെച്ചത്.