കൂടത്തായി കൂട്ടക്കൊല: പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടു

കൂടത്തായി കൂട്ടകൊലപാതക കേസ് പ്രതികളായ ജോളിയമ്മ ജോസഫ് എന്ന ജോളി, കാക്കവയല്‍ മഞ്ചാടിയില്‍ മാത്യു, തച്ചംപൊയില്‍ മുള്ളമ്പലത്തില്‍ പി പ്രജുകുമാര്‍ എന്നിവരെ താമരശ്ശേരി കോടതി ആറ് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. ഇന്ന് രാവിലെ കനത്ത സുരക്ഷയിലാണ് പ്രതികളെ കോടതിയിൽ ഹാജരാക്കിയത്. പ്രതികളെ കസ്റ്റഡിയില്‍ വിട്ടു തരാനായി പോലീസ് നേരത്തെ അപേക്ഷ സമര്‍പ്പിച്ചിരുന്നു.

ജോളിയടക്കമുള്ള പ്രതികളെ കോടതിയിലേക്ക് എത്തിക്കുന്നതറിഞ്ഞ് ജില്ലാ ജയില്‍ പരിസരത്ത് രാവിലെ മുതല്‍ തന്നെ ജനം തടിച്ചു കൂടിയിരുന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ വലിയ പോലീസ് സന്നാഹവും സ്ഥലത്തുണ്ട്. പ്രതികളെ കോടതിയില്‍ എത്തിച്ചപ്പോള്‍ കൂകി വിളിച്ചായിരുന്നു ജനം എതിരേറ്റത്. കോടതി പരിസരത്ത് മാധ്യമങ്ങള്‍ക്ക് അടക്കം കടുത്ത നിയന്ത്രണമാണ് ഉണ്ടായത്.

അതേ സമയം പെരുച്ചാഴിയെ കൊല്ലാന്‍ എന്നു പറഞ്ഞാണ് മാത്യു തന്റെ പക്കല്‍ നിന്നും സയനൈഡ് വാങ്ങിയതെന്ന് മൂന്നാം പ്രതി പ്രജുകുമാര്‍ പോലീസ് ജീപ്പിലേക്ക് കയറും മുമ്പായി മാധ്യമങ്ങളോട് പറഞ്ഞു.

ഭര്‍ത്താവ് റോയിയെ കൊലപ്പെടുത്തുവാന്‍ ജോളിയെ പ്രേരിപ്പിച്ച കാരണങ്ങളായി പോലീസ് കസ്റ്റഡി അപേക്ഷയില്‍ പ്രധാനമായും നാല് കാരണങ്ങളാണ് നിരത്തുന്നത്.

റോയിയുടെ മദ്യപാന ശീലമാണ് അതില്‍ ഒന്ന്. അമിത അന്ധ വിശ്വാസം, പരപുരുഷ ബന്ധങ്ങള്‍ എതിര്‍ത്തതിലെ പക തുടങ്ങിയവയും റോയിയോട് ശത്രുതക്ക് കാരണമായി. സ്ഥിരവരുമാനമുള്ള ആളെ വിവാഹം കഴിക്കുകയെന്ന ആഗ്രഹവും കൊലയിലേക്ക് നയിച്ചതായി പോലീസ് വ്യക്തമാക്കുന്നു.

രണ്ടും മൂന്നും പ്രതികളുടെ സഹായത്തോടെയും അറിവോടെയുമാണ് കൊലപാതകം നടത്തിയതെന്നും കസ്റ്റഡി അപേക്ഷയില്‍ വ്യക്തമാക്കുന്നുണ്ട്.

താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ ജോളി അടക്കം മൂന്ന് പ്രതികളെയും കോടതി ആറ് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടിരുന്നു. തുടര്‍ന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ വൈദ്യ പരിശോധനക്ക് വിധേയരാക്കിയ പ്രതികളെ വടകര റൂറല്‍ എസ്പി ഓഫീസില്‍ കൊണ്ടുവന്ന് വിശദമായി ചോദ്യം ചെയ്യും. പ്രത്യേകം തയ്യാറാക്കിയ മുറിയിലാകും ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യലിൻെറ ദൃശ്യങ്ങൾ വീഡിയോയിൽ ചിത്രീകരിക്കും.