യുവതിയെ കൊന്ന് പുഴയില്‍ കെട്ടിത്താഴ്ത്തി: ഭര്‍ത്താവ് അറസ്റ്റില്‍

കാസർഗോഡ് വിദ്യാനഗറില്‍ നിന്ന് കാണാതായ യുവതിയെ ഭര്‍ത്താവ് കൊന്ന് പുഴയില്‍ കെട്ടിത്താഴ്ത്തിയാതാണെന്ന് സ്ഥിരീകരിച്ചു. കൊല്ലം സ്വദേശി പ്രമീളയുടെ കൊലപാതകത്തില്‍ ഭര്‍ത്താവ് സെല്‍ജോ ആണ് അറസ്റ്റിലായിരിക്കുന്നത്. മൃതദേഹം കെട്ടിത്താഴ്ത്തിയെന്ന് പ്രതി മൊഴി നല്‍കിയിരിക്കുന്ന ചന്ദ്രഗിരിപ്പുഴയില്‍ പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.

കാസര്‍കോട് കളക്റ്ററേറ്റിലെ താത്ക്കാലിക ജീവനക്കാരിയായ പ്രമീളയെ കഴിഞ്ഞമാസം 19 മുതല്‍ കാണാതായതെന്നാണ് ഇയാള്‍ ആദ്യം പോലീസില്‍ പരാതി നല്‍കിയത്. വിദ്യാനഗര്‍ പോലീസിലാണ് ഇയാള്‍ പരാതി നല്‍കിയത്. എന്നാല്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രമീളയെക്കുറിച്ച് സൂചന ലഭിക്കാത്തതിനെ തുടര്‍ന്ന് വിവിധ ഘട്ടങ്ങളിലായി യുവതിയുടെ ഭര്‍ത്താവിനെ പോലീസ് ചോദ്യം ചെയ്തതോടെ മൊഴികളില്‍ വൈരുധ്യം കണ്ടെത്തിയതോടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

ഇതോടെ ചോദ്യം ചെയ്യലില്‍ ഭാര്യ പ്രമീളയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചന്ദ്രഗിരി പുഴയില്‍ ഉപേക്ഷിച്ചതായി പോലീസിനോട് സമ്മതിക്കുകയായിരുന്നു. മുങ്ങല്‍ വിദഗ്ധരുടെ നേതൃത്വത്തില്‍ പുഴയില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. പ്രമീളയെ കൊലപ്പെടുത്തിയ ശേഷം തെക്കില്‍ പാലത്തിനു സമീപം ചന്ദ്രഗിരിപ്പുഴയില്‍ കല്ലുകെട്ടി താഴ്ത്തിയെന്നാണ് ഇയാള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഫയര്‍ഫോഴ്‌സിന്റെയും പോലീസിന്റെയും മുങ്ങല്‍ വിദഗ്ധരുടെയും നേതൃത്വത്തിലാണ് തിരച്ചില്‍ തുടരുന്നത്.

പ്രമീളയെ കഴുത്തിൽ കയർ മുറുക്കി കൊന്നതിന് തെളിവ് ലഭിച്ചതായി പൊലീസ് പറഞ്ഞു.സംഭവ ദിവസം രാത്രി വൈകി സെൽജോയുടെ ഓട്ടോറിക്ഷ തെക്കിൽപാലത്തിന്റെ ഭാഗത്തേയ്ക്ക് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. പ്രമീളയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചന്ദ്രഗിരിപ്പുഴയിൽ ഉപേക്ഷിക്കാൻ വിവിധ സ്ഥലങ്ങളിൽ എത്തിയെങ്കിലും സാധിച്ചില്ലെന്നും സെൽജോ മൊഴി നല്‍കിയിട്ടുണ്ട്.

കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയായ സെല്‍ജോയും കൊല്ലം സ്വദേശിനിയായ പ്രമീളയും വര്‍ഷങ്ങളായി വിദ്യാനഗറിലെ വാടക ക്വാര്‍ട്ടേഴ്‌സിലാണ് താമസം. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. ഇവര്‍ക്ക് രണ്ടു കുട്ടികളുമുണ്ട്. സെല്‍ജോയ്ക്കു മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നെന്നും ഇതിനെച്ചൊല്ലിയുള്ള കലഹമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നുമാണ് സൂചന. സെല്‍ജോയുടെ വനിതാ സുഹൃത്തിനേയും പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്.